ചെകുത്താനിലുള്ളത് എന്താണ്? മുഖ്യമായും അസൂയ. അതാണ് ചെകുത്താൻ എപ്പോഴും ദൈവത്തിനെ ഉന്നം വച്ച് എല്ലാ വക്രവിക്രങ്ങളും കാട്ടിക്കൂട്ടുന്നത്. അത് ചെകുത്താന് ദൈവത്തോടുള്ള വിദ്വേഷം കൊണ്ടല്ല. ആരാധന കൊണ്ടാണ്. ചെകുത്താനും ദൈവത്തെപ്പോലെയാകണം. അത് പെട്ടന്ന് വേണം. ക്ഷമയില്ല. പകരം അക്ഷമ. അതുകൊണ്ട് തന്ത്രകുതന്ത്രങ്ങളിലൂടെ ദൈവത്തിന്റെ കൈകളിലുള്ളത് വശത്താക്കാൻ ശ്രമിക്കുന്നു. അതിന് വിഘാതം നിൽക്കുന്നത് തട്ടിത്തെറിപ്പിക്കാൻ നോക്കും. ആൾക്കാരാണെങ്കിൽ അവരെ ആക്രമിക്കും. ചിലപ്പോൾ കൊന്നെന്നുമിരിക്കും. അപ്പോഴും ഓർക്കുക, ചെകുത്താന്റെ ദൈവസ്വഭാവത്തോടുള്ള ആഗ്രഹവും അതിലേക്കെത്തിപ്പെടാനുള്ള വ്യഗ്രതയുമാണ് കാരണമെന്ന്. അതുകൊണ്ടാണ്, വഴി പ്രധാനം എന്നു പറയുന്നത്. ആ പ്രാധാന്യം മനസ്സിലാകുമ്പോഴാണ് വഴിയെന്താണെന്ന് മനസ്സിലാവുക. ആ മനസ്സിലാകലിൽ വഴിയും ലക്ഷ്യവും ഒന്നാവും. അതിന് ക്ഷമ തന്നെ വേണം. അവിടെ ക്ഷമയുടെ ഉദാഹരണമാണ് സച്ചിൻ ടെണ്ടുൽക്കർ. ഒരു ലക്ഷ്യത്തെ സ്വപ്‌നമാക്കി. അതിനെ മാത്രം മനസ്സിന്റെ അഗ്രത്തിൽ സ്ഥാപിച്ചു. അതിനെയാണ് ഏകാഗ്രം എന്നതു പറയുന്നത്. അത് ഏകാഗ്രത. എന്നിട്ട് അതിനെ പിന്തുടർന്നു. ക്ഷമയുടെ ആ വഴിയാണ് സച്ചിൻ ടെണ്ടുൽക്കറെ ഇന്നത്തെ സച്ചിൻ ടെണ്ടുൽക്കറാക്കിയത്. ആ വഴിയില്ലെങ്കിൽ സച്ചിനില്ല.
ക്രീസിൽ നേട്ടങ്ങളുടെ പടിയുയർത്തുമ്പോൾ സാധാരണ ഏവരും എങ്ങനെ സ്വയം പൊട്ടിത്തെറിക്കണമെന്നാലോചിച്ച് ഗതി കെട്ടുള്ള ആഹ്ലാദ പ്രകടനത്തിലേർപ്പെടുന്നതു കാണാം. ചിലർ തനി ഭ്രാന്ത് തന്നെ കാണിക്കാറുണ്ട്. ചുറ്റുമുള്ള കാണികളുടെ കൂട്ടം ഏതാണ്ട് അർധഭ്രാന്തിന്റെ അവസ്ഥയിലേക്കും വഴുതി വീഴുന്നു. എന്നാൽ സച്ചിൻ അത്തരം നിമിഷങ്ങളിൽ നിശബ്ദതയുടെ നിമിഷത്തിലേക്കു പോകുന്നു. തന്റെ അച്ഛന്റെ മരണശേഷം അദ്ദേഹം ബാറ്റുയർത്തി ആ നേട്ടത്തെ അച്ഛനു സമർപ്പിക്കുന്നു. അവിടെ നിയന്ത്രിതമായ ഭാവത്തിൽ നിൽക്കാൻ സച്ചിനു കഴിയുന്നു. കാരണം ഒരു വിദ്യ പഠിക്കുന്ന വിദ്യാർഥിക്ക് ഓരോ നിമിഷവും വിദ്യാഭ്യാസമാണ്. ഒരു നേട്ടമുണ്ടാവുമ്പോൾ എതിരാളിയെ വീഴ്ത്തിയതിന്റെ യുദ്ധോത്സുക സന്തോഷത്തിനേക്കാളുപരി ആ വിജയനിമിഷത്തെ വിരിയിച്ച മുഹൂർത്തത്തിന്റെ സൂക്ഷ്മതലങ്ങളെ തേടും. അവിടെ എതിർഭാഗത്തുനിന്ന് ആ മുഹൂർത്തം വിരിയിക്കാൻ അവസരമുണ്ടാക്കിയ കളിക്കാരനോട് അറിയാതെ നന്ദി തോന്നും. സച്ചിന് എതിർഭാഗത്തു കളിക്കുന്നവരുടെ ബഹുമാന്യത നേടിക്കൊടുക്കാൻ കാരണമായതും അതാണ്. കാരണം സച്ചിന്റെ മുൻപിൽ ക്രിക്കറ്റല്ലാതെ മറ്റൊന്നുമില്ല.
ഒഴിവുവേളകളിൽ സഹോദരനുമായി സംസാരിക്കുമ്പോൾപോലും സച്ചിൻ സംസാരിക്കാറ് ക്രിക്കറ്റിനെക്കുറിച്ചാണ്. ബാറ്റിനെക്കുറിച്ചും മറ്റുമൊക്കെ. അത് ഒരുതരം ആത്മരതിയിൽനിന്ന് മോചിതമായ അവസ്ഥയാണ്. പല രംഗത്തേയും പല സമർഥരും ജനം പ്രതീക്ഷിക്കുന്ന പോലെ അവരുടെ കഴിവുകളുടെ ചിറക് വിടർത്തി പറന്നുയരാൻ കഴിയാതെ പോകുന്നത് അവർ ആത്മരതിയിൽ അകപ്പെടുന്നതിനാലാണ്. അത് ആന്ധ്യത്തിന്റെ വഴിയാണ്. ശ്രീശാന്ത് ബൗളിംഗിലുള്ള തന്റെ അസാമാന്യ ശേഷിയിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ലോകം കണ്ട ഏറ്റവും നല്ല ബൗളർമാരിൽ ഒരാളെ ലോകത്തിന് ലഭിക്കുമായിരുന്നു. ശ്രീശാന്തിന്റെ അനിയന്ത്രിതമായ സ്വഭാവവും പ്രകടനവും അദ്ദേഹത്തിന്റെ സ്പീഡുമായി ബന്ധപ്പെട്ടതാണ്. അതിനെ തന്റെ ബൗളിംഗ് ശേഷിയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞില്ല. അതിന്റെ അസ്വസ്ഥത ശ്രീശാന്ത് അറിയുന്നുണ്ടായിരുന്നു. അതിന് അദ്ദേഹം കണ്ട വഴി പരമ്പരാഗത ഭക്തിയും സ്വയം നവീകരണ ഗ്രന്ഥങ്ങളുമാണ്. ഇവിടെയാണ് ഒരു യഥാർഥ മെന്ററുടെ അഭാവം ശ്രീശാന്തിന്റെ കാര്യത്തിലുണ്ടായത്. എല്ലാ വ്യക്തികളിലും സ്വയം നശിപ്പിക്കുന്ന ഒരു ഘടകമുണ്ടാവും. ഓരോരുത്തരുടേയും പ്രകടിത കഴിവനുസരിച്ച് ആ ഘടകം അതിന്റെ സാന്നിദ്ധ്യമറിയിക്കും. ഒരു ശരാശരി മനുഷ്യനിൽ കഴിവും കഴിവില്ലായ്മയും ഒരേപോലെ നിലകൊള്ളും. ചില വ്യക്തികളിൽ വിനാശകരമായ വശം ആധിപത്യം നേടും. അവർ കുറ്റവാസനയുള്ളവരായി മാറുന്നു. ചില അസാമാന്യ പ്രതിഭകളിൽ അവരുടെ പ്രതിഭയുടെ തിളക്കത്തെ കെടുത്തും വിധം അത് പ്രവർത്തിച്ചെന്നിരിക്കും. അതിന്റെ രൂപപ്പെടലിന്റെ പരിണാമം വളരെ സങ്കീർണ്ണമാണ്. ഒരുപക്ഷേ ഗർഭാവസ്ഥയിൽ തുടങ്ങുന്ന പ്രതിഭാസം.
സച്ചിന്റെ മെന്റർ അയാളുടെ അച്ഛനായിരുന്നു. സച്ചിന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധം നോക്കിയാൽ അതു മനസ്സിലാകും. മിക്ക ക്രിക്കറ്റ് താരങ്ങളും വ്യക്തിജീവിതത്തിലെ ബന്ധങ്ങളിൽ പെട്ട് ഉഴലുന്നതാണ് മിക്കപ്പോഴും കാണുക. അവിടെ അക്കാര്യത്തിലുള്ള ഭദ്രതയാണ് സച്ചിനെ ക്രീസിലെ ദൈവഗുണമുള്ള കളിക്കാരനാക്കിയത്. സഹോദരി ആദ്യമായി സമ്മാനിച്ച ബാറ്റിനേക്കുറിച്ചും, ഇപ്പോഴും തന്റെ കളിദിവസങ്ങളിൽ അവർ ഉപവസിച്ച് അനുജനു വേണ്ടി പ്രാർഥിക്കുന്നതുമൊക്കെ വിരൽ ചൂണ്ടുന്നത് ഒരു വ്യക്തിയുടെ സമചിത്തതയിൽ അയാളുടെ കുടുംബവും കുടുംബാന്തരീക്ഷവും വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചാണ്. തന്റെ അമ്മ, അമ്മായി, സഹോദരി, സഹോദരൻ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, മക്കൾ എന്നിവരെ പേരെടുത്ത് വിടവാങ്ങൽ വേളയിൽ നന്ദിയോടെ സച്ചിൻ ഓർത്തു. അവിടെ തെളിഞ്ഞത് ഈ രാജ്യത്തിന്റെ സംസ്കാരത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യൻ സംസ്കാരത്തിലെ കുടുംബവ്യവസ്ഥയ്ക്കുള്ള മഹിമയും പ്രാധാന്യവും സാമൂഹ്യപരമായുള്ള ശാസ്ത്രീയവശവും. ഇന്ന് ഇന്ത്യയും വിശേഷിച്ച് കേരളവുമൊക്കെ നേരിടുന്ന മുഖ്യ വെല്ലുവിളികളിലൊന്ന് കുടുംബവ്യവസ്ഥയുടെ കെട്ടുറപ്പും അടുത്ത ബന്ധുക്കൾ തമ്മിലുള്ള ബന്ധങ്ങളുടെ ഉലച്ചിലുമാണ്. ഒരു വ്യക്തി സാമൂഹ്യജീവിയായി സമൂഹത്തിലേക്ക് വരുന്നത് വീടിനുള്ളിൽ നിന്നാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കപ്പെടുന്നു. അതിന് ചില ചിട്ടകൾ അഥവാ ഡിസിപ്ലിൻ അനിവാര്യമാണ്.
നമുക്ക് ഡിസിപ്ലിൻ എന്നാല്‍ അരോചകവും കാർക്കശ്യം നിറഞ്ഞതുമായ അടിച്ചേൽപ്പിക്കപ്പെടുന്ന ചില ചിട്ടവട്ടങ്ങളാണ്. വിദേശാധിപത്യത്തിൽ നൂറ്റാണ്ടുകളോളം കഴിയേണ്ടി വന്ന രാജ്യത്തിന്റെ മനശ്ശാസ്ത്രമാണത്. കാരണം ഡിസിപ്ലിൻ ഉയർത്തിക്കാട്ടിയാണ് ഇംഗ്ലീഷുകാർ നമ്മെ മെരുക്കി നിർത്തിയിരുന്നത്. അവർ പോയതിനു ശേഷവും ആ ഡിസിപ്ലിന്റെ പിന്തുടർച്ചക്കാരായി നാം തുടരുന്നു. എന്നാൽ ഭാരതീയമായ ഡിസിപ്ലിൻ എന്നുപറയുന്നത് സർഗാത്മകവും സൗന്ദര്യാത്മകവുമാണ്. അതിന്റെ ഉറവിടവും പരിശീലനകേന്ദ്രവും കുടുംബമാണ്. പാശ്ചാത്യമായ ഡിസിപ്ലിൻ ആധിപത്യം നിലനിർത്തുന്നെങ്കിലും, സ്വാധീനിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യൻ കുടുംബങ്ങളെ ഈ അവസ്ഥയിലും പിടിച്ചുനിർത്തുന്നത് ഇവിടുത്തെ സംസ്കാരത്തിന്റെ സൂക്ഷ്മവും എന്നാൽ ശക്തവുമായ സാന്നിദ്ധ്യങ്ങളാണ്. വ്യക്തിജീവിതവും സാമൂഹിക ജീവിതവും ഭാരതീയ സംസ്കാരത്തിൽ വേർതിരിയുന്നില്ല. എവിടെയും വ്യക്തി മാത്രമേ പ്രസക്തമാവുന്നുള്ളു. പക്ഷേ ഇന്ത്യൻ നഗരങ്ങളും നഗരസംസ്കാരം പങ്കുവയ്ക്കുന്നവരും അകപ്പെടുന്നത് ഈ ആശയക്കുഴപ്പത്തിലാണ്. ഈ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ പിൻപറ്റിയാണ് നാഗരിക മുഖ്യധാരാ സംസ്കാരവും നീങ്ങുന്നത്. അവർ നിർണ്ണായക സ്ഥാനങ്ങളിലെത്തുകയും രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതാണ് രാജ്യം നേരിടുന്ന പല അശാന്തികൾക്കും കാരണമാകുന്നത്. നമ്മുടെ വികസന സങ്കൽപ്പവും അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ആ സംസ്കാരത്തെ മുഖ്യധാരാ സംസ്കാരമായി അടിച്ചുറപ്പിച്ച് സ്ഥാനപനവൽക്കരണം നടത്തുന്ന പ്രക്രിയയാണ് ഇന്ത്യയിലെ ആംഗലേയ ചാനലുകളും പ്രാദേശിക ടെലിവിഷൻ ചാനലുകളുമുൾപ്പടെയുള്ള മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരും നന്മയെ തിരിച്ചറിയുന്നു. അതിന് വില കൽപ്പിക്കുന്നു എന്നതാണ് സച്ചിനെ അവർ ദൈവമാക്കുന്നതിലുടെ വ്യക്തമാകുന്നത്. സച്ചിനെ സച്ചിനാക്കിയ ഗുണങ്ങളുടെ വ്യാപനമല്ല, മറിച്ച് അതിന്റെ വിപരീത സംസ്കാരമാണ് മാധ്യമങ്ങളിലൂടെ വ്യാപനം ചെയ്യപ്പെടുന്നത്. അത് രാജ്യത്തെ മുഖ്യധാരയെ സ്വാധീനിച്ചു. കേന്ദ്ര സർക്കാരിനേയും. അതുകൊണ്ടാണ് അപക്വമായ രീതിയിൽ ഗാലറിയിലെ ആരവങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ സച്ചിന് ഭാരതരത്‌നം നൽകാൻ തീരുമാനിച്ചത്.
സച്ചിൻ ഒരു സംസ്കാരത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളുടേയും അതിനെ പിൻപറ്റിയുള്ള ജീവിതത്തിന്റേയും വിജയമാണ്. ഭ്രാന്തിന്റെയിടയിൽ ഭ്രാന്തില്ലായ്മയിൽ തുടരാൻ കഴിഞ്ഞതാണ് സച്ചിന്റെ പ്രത്യേകത. അതിനെ മറ്റുള്ളവർ ഭ്രാന്തിനു തുല്യമായ ആവേശത്തോടെ ഇഷ്ടപ്പെടുന്നു. അല്ലാതെ ക്രിക്കറ്റിനോടുള്ള കമ്പമോ താൽപ്പര്യമോ അല്ല സച്ചിൻ മാനിയയക്ക് കാരണമായത്. ഇതിന്നർഥം സച്ചിൻ എല്ലാം തികഞ്ഞവനെന്നല്ല. കുടുംബമൂല്യങ്ങൾ ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിലുള്ള ശരാശരി പൗരൻ. ആ സാഹചര്യത്തിൽ നിന്നുകൊണ്ട് തന്റെ വാസനയെ തിരിച്ചറിഞ്ഞ് അതിന് പരമാവധി പ്രകാശനം നൽകിയ വ്യക്തി. അദ്ദേഹത്തിന്റെയുള്ളിൽ കുടികൊണ്ടിരുന്ന കഴിവിനെ പ്രയത്‌നം കൊണ്ട് പുറത്തെടുത്ത വ്യക്തി. അവിടെയാണ് സച്ചിൻ ആചാരമായി മാറുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ക്രിക്കറ്റായിരുന്നു. അതുകൊണ്ടുതന്നെ ഒരു സാമൂഹികശാസ്ത്ര നിപുണനായ വ്യക്തിയിൽ നിന്നുള്ള സാമൂഹിക വീക്ഷണമോ അതിന്റെ പശ്ചാത്തലത്തിലുള്ള അഭിപ്രായങ്ങളോ പ്രവൃത്തികളോ പ്രതീക്ഷിക്കേണ്ടതുമില്ല. അതേസമയം വ്യക്തിയെന്ന നിലയിൽ ഒരു നല്ല സാമൂഹ്യജീവിയായി സച്ചിൻ മാറുകയും ചെയ്യുന്നു. ആ സാമൂഹ്യജീവിയിലേക്കു നോക്കുമ്പോൾ കുടുംബത്തേയും വ്യക്തിയേയും കഴിവിനേയും കഴിവിന്റെ പ്രകാശനത്തേയും രാജ്യത്തേയും ലോകത്തേയുമൊക്കെ കാണാൻ കഴിയുന്നു. മുഖ്യധാര ഈ കളിക്കാരന്റെ പേരിൽ അനാചാരങ്ങളിൽ മുഴുകമ്പോൾ തെളിഞ്ഞുവരുന്നത് സച്ചിനെ സച്ചിനാക്കിയ ആചാരങ്ങൾ.