ഇതൊരു അനുസ്മരണമല്ല. അനുശോചനവുമല്ല. മറ്റൊരാളിന്റെ മരണം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് പലപ്പോഴും അര്‍ത്ഥശൂന്യമായ ആത്മപ്രശംസയുടെ ഇടിഞ്ഞുപൊളിഞ്ഞ ദന്തഗോപുരങ്ങളിലേക്കായിരിക്കും. ഇവിടെ നിരത്താന്‍ ആത്മാവോ പ്രശംസയോ എനിക്കു വേണ്ടിവരുന്നില്ല. അതിനാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനറിഞ്ഞ സംഗീതസംവിധായകന്‍ രാഘവന്‍മാഷിനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ എനിക്ക് മുഖംമൂടിയുടെ ആവശ്യവും വരുന്നില്ല.
എണ്‍പതുകളുടെ തുടക്കത്തിലാണ് ഞാന്‍ ആദ്യമായി തലശ്ശേരിക്കാരന്‍ കെ രാഘവന്‍ എന്ന സംഗീതസംവിധായകനെ നേരിട്ടുകാണുന്നത്. ഏതാണ്ട് 33 വര്‍ഷം മുമ്പ്. അന്നദ്ദേഹത്തിനു 67 വയസ്സുണ്ടാകണം. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ക്ക് ശേഷം എം. ആസാദ് സംവിധാനം ചെയ്യുന്ന വെളുത്തപക്ഷി എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനും റെക്കോര്‍ഡിംഗിനെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് അന്നദ്ദേഹം വര്‍ക്കലയിലെത്തിയത്. വെള്ളമുണ്ടും ജൂബയും. വലിയ കറുത്തഫ്രെയിമുള്ള കണ്ണട. എപ്പോഴും വെളുക്കെ ചിരിക്കുന്ന പ്രകൃതം. താന്‍ സിനിമയ്ക്ക് അവിസ്മരണീയമായ ഗാനങ്ങള്‍ സൃഷ്ടിച്ച ആളാണെന്ന ഭാവമൊന്നുമില്ല. കഴിഞ്ഞ ദിവസം കണ്ട വ്യക്തിയോടു ഇടപെടുന്ന തീരിയിലാണ് എല്ലാവരോടുമുള്ള ഇടപെടല്‍.
ആ ചിത്രത്തില്‍ ഏതൊക്കെയോ രീതിയില്‍ സഹകരിക്കുന്ന വ്യക്തിയെന്നല്ലാതെ കാര്യമായ മേല്‍വിലാസമൊന്നും എനിക്കില്ല. 'സാഹിത്യവും പത്രപ്രവര്‍ത്തനവും തലക്കുപിടിച്ചു നടക്കുന്ന തൊഴില്‍രഹിതനായ പയ്യന്‍' എന്നാണ് സുഹൃത്തുക്കളില്‍ നിന്ന് എനിക്കന്നു ലഭിച്ചിരുന്ന സര്‍ട്ടിഫിക്കേറ്റ്. അക്കാലത്താണ് ഞാനും ആസാദിന്റെ സംഘത്തിലെത്തുന്നത്. അവിടെയാണ് സൗഹൃദത്തിന്റെ വെള്ളിമേഘങ്ങളുമായി രാഘവന്‍മാഷ് പറന്നിറങ്ങുന്നതും ഞങ്ങളില്‍ ഒരാളായിത്തീരുന്നതും. എന്റെ പേരു പരിഷ്‌ക്കരിച്ച് അദ്ദേഹം 'ശീനു'വാക്കി. അങ്ങനെ ഞാന്‍ മാഷിന്റെ സഹായിയായി.
എനിക്കും കേരളകൗമുദി ലേഖകന്‍ കെ. ജയപ്രകാശിനും ആസാദുമായി പ്രത്യേകതരത്തിലുള്ള സൗഹൃദമാണുണ്ടായിരുന്നത്. കലാകൗമുദി ഫിലിം മാഗസിനില്‍ ലോകസിനിമയെക്കുറിച്ച് ആസാദ് സ്ഥിരമായി എഴുതുന്ന കാലം. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിനു ലഭിച്ച പാരിതോഷികം മുറിവേറ്റ മനസ്സുമാത്രമായിരുന്നെന്ന് സുഹൃത്തുക്കളായ ഞങ്ങള്‍ക്കറിയാമായിരുന്നു. അക്കാലത്താണ് ജയപ്രകാശിന്റെ നേതൃത്വത്തില്‍ വര്‍ക്കല കേന്ദ്രീകരിച്ച് ഒരു ചലച്ചിത്രനിര്‍മ്മാണക്കമ്പനി തുടങ്ങാനും ആസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കാനും തീരുമാനിക്കുന്നത്. സിനിമാക്കാരുടെ നെറികേടില്‍ ഒറ്റപ്പെട്ടുപോയ ആസാദിനെ രക്ഷിക്കാന്‍ ആത്മസുഹൃത്തായ ജയപ്രകാശ് കണ്ടെത്തിയ ഉപാധിയായിരുന്നു പുതിയ കമ്പനി. വെളുത്തപക്ഷിയെന്ന ചിത്രത്തിന്റെ കടലാസ്സുപണികള്‍ ആരംഭിച്ചു. വര്‍ക്കലയിലെ സൈനാ ഹോട്ടലില്‍ മുറിയെടുത്താണ് തിരക്കഥയെഴുത്ത്. അന്നൊക്കെ ആസാദിന്റെ സുഹൃത്തുക്കളും എഴുത്തുകാരുമായ സേതുവും തുളസിയുമൊക്കെ സൗഹൃദത്തിന്റെ ദീപശിഖകളുമായി അവിടെ എത്തിയിരുന്നു.
രാഘവന്‍മാഷ് രണ്ടുമൂന്നു ദിവസം വര്‍ക്കലയില്‍ തങ്ങി. വ്യഭിചാരശാലയിലെത്തിയ 16 വയസ്സുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കഥയായിരുന്നു വെളുത്തപക്ഷി. ആസാദ് പറഞ്ഞുകൊടുത്ത സന്ദര്‍ഭങ്ങള്‍ക്ക് അനുസൃതമായി മാഷ് മൂളുന്നത് ഞാന്‍ ശ്രദ്ധിച്ചു. മൂന്നു ഗാനങ്ങളാണ് ചിത്രത്തിനാവശ്യം. ചര്‍ച്ചകള്‍ക്ക് ശേഷം സായാഹ്നങ്ങളില്‍ ഹോട്ടല്‍ മുറിയിലിരുന്ന് മാഷ് പഴയ കഥകള്‍ പറയും. പുറത്ത് ആകാശത്ത് നക്ഷത്രങ്ങള്‍ ചിതറി നടക്കുമ്പോള്‍ അദ്ദേഹം തെന്നിന്ത്യന്‍ സിനിമയിലെ നക്ഷത്രങ്ങളുടെ കഥകള്‍ പറഞ്ഞു ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പാപനാശം കടപ്പുറത്ത് നിന്നെത്തിയ തണുത്തകാറ്റ് മാഷ് പറയുന്ന കഥാസരിത് സാഗരത്തിനു ഉശിരുപകര്‍ന്നു. മദ്രാസില്‍ റെക്കോര്‍ഡിംഗ് നടത്താനുള്ള തീരുമാനങ്ങള്‍ എടുത്തശേഷം രാഘവന്‍മാഷ് ട്രെയിനില്‍ കയറി തലശ്ശേരിക്കുപോയി.
അടുത്തവാരം ആസാദും ഞാനും നമ്പര്‍ 20 മെയിലില്‍ക്കയറി മദ്രാസിനു തിരിച്ചു. അതെന്റെ ആദ്യ മദ്രാസ് യാത്രയായിരുന്നു. മദ്രാസിന്റെ രഹസ്യങ്ങളിലേയ്ക്ക് എന്നെ കൊണ്ടുപോയത് ആസാദായിരുന്നു. (തൊഴില്‍സംബന്ധമായി ഞാന്‍ മദ്രാസിലെത്തിയതും മറ്റൊരു നിമിത്തമായിരുന്നു!). ഇടത്തരം സിനിമാക്കാരുടെ താവളമായ നുങ്കംപാക്കത്തെ രാജ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. എത്തിയ ദിവസത്തെ ഉച്ചയൂണ് രാഘവന്‍ മാഷിന്റെ വീട്ടില്‍. ലിബര്‍ട്ടി തിയേറ്ററിനു സമീപമാണ് അന്നദ്ദേഹം താമസിച്ചിരുന്നത്. ഇടയ്ക്കിടെ മദ്രാസിലെത്തുമ്പോള്‍ താമസിക്കാനുള്ള വാടകവീട്. വീട്ടുവേലയ്ക്ക് ഒപ്പമൊരാളുമുണ്ട്. സമൃദ്ധമായ സസ്യാഹാരം. ഭക്ഷണത്തിനിടയില്‍ കോടമ്പാക്കത്തെ സിനിമയുടെ ഗതകാലചരിത്രത്തിന്റെ വിരിമാറിലേയ്ക്ക് മാഷ് പതുക്കെപ്പതുക്കെ ഇറങ്ങിപ്പോകുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. തമിഴ്‌സിനിമയുടെ വികാസപരിണാമങ്ങളും മലയാളസിനിമയുടെ അപചയങ്ങളുമൊക്കെ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉയിര്‍ത്തെഴുന്നേറ്റു.
ഞാനോര്‍ക്കുന്നു, തമിഴ്‌സിനിമയിലെ വാഗ്ദാനമാകാന്‍ പോകുന്ന നടന്‍ വിജയനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍. പില്‍ക്കാലത്ത് ഞങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ വിജനെ മീശവിജയന്‍ എന്നാണ് വിളിച്ചിരുന്നത്. മാഷിന്റെ വീട്ടിനു സമീപത്തെ പ്രധാനവീഥിയില്‍ സ്ഥാപിച്ചിരിക്കുന്ന വിജയന്റെ മുപ്പതോ നാല്‍പ്പതോ അടി ഉയരം വരുന്ന കട്ടൗട്ടുകള്‍ നോക്കി രാഘവന്‍മാഷ് പറഞ്ഞു: 'എംജിആര്‍ പോലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന നടനാണ് ആ നില്‍ക്കുന്ന തിരൂര്‍ക്കാരന്‍ വിജയന്‍.' തമിഴ്‌സിനിമാ പ്രേക്ഷകരുടെ ഹരമായിരുന്ന വിജയന്‍ വര്‍ഷങ്ങള്‍ക്കുശേഷം മദ്യത്തിനടിമയായി ശൂന്യതയുടെ നെടുംകോട്ടകളില്‍ അഭയംപ്രപിച്ചത് കോടമ്പാക്കത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമമെന്ന് സുഹൃത്തുക്കള്‍ അടക്കംപറഞ്ഞു.
അടുത്ത ദിവസം ഞങ്ങള്‍ രാജ് ഹോട്ടലില്‍ വീണ്ടും സന്ധിച്ചു. മാഷ് വര്‍ക്കലയില്‍വച്ച് മനസ്സില്‍ കുറിച്ചിട്ട ട്യൂണുകള്‍ മൂളിക്കേള്‍പ്പിച്ചു. മാഷിന്റെ ട്യൂണ്‍ അനുസരിച്ച് പാട്ടെഴുതുകയാണ് എന്റെ കര്‍മ്മം. കവിതകള്‍ എഴുതുന്ന സ്വഭാവമുണ്ടെങ്കിലും പാട്ടെഴുത്ത് എന്റെ തട്ടകമല്ലായിരുന്നു. എങ്കിലും മാഷ് ചില ഉദാഹരണങ്ങള്‍ നിരത്തി എനിക്ക് പ്രചോദനം തന്നു. വയലാറും പി. ഭാസ്‌ക്കരനുമൊക്കെ ദിവസങ്ങളോളം ഭാവനയുടെ ലോകത്തു ചുറ്റിത്തിരിഞ്ഞ ശേഷമാണ് മികച്ച ഗാനങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞുതന്നു. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന വരികളൊക്ക ഉദ്ധരിച്ച് അദ്ദേഹം എനിക്ക് ആത്മവിശ്വാസം തന്നു. അന്നു രാത്രിയില്‍ത്തന്നെ ഞാന്‍ ഗാനരചയിതാവായി. രണ്ടു ഗാനങ്ങളാണ് എന്റെ ക്രെഡിറ്റില്‍. മറ്റൊരെണ്ണം ജനാര്‍ദ്ദനം പുരുഷോത്തമന്‍ എന്നൊരു വര്‍ക്കലക്കാരന്‍ കവിയുടേതും.
അടുത്ത ദിവസം സാലിഗ്രാമിലെ മെജസ്റ്റിക് സ്റ്റുഡിയോയില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ്. യേശുദാസും ജാനകിയുമാണ് പാടുന്നത്. ഞാന്‍ ആദ്യമായാണ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോ കാണുന്നതും കയറുന്നതും. ഇവിടെ എത്രയെത്ര ഗാനങ്ങള്‍ ജന്മം കൊണ്ടിരിക്കുന്നു. രാഘവന്‍മാഷ് അതാ തൂവെള്ളവസ്ത്രമണിഞ്ഞ് കണ്ണാടിക്കൂടുള്ള ക്യാബിനിലിരുന്നു യേശുദാസിനും ജാനകിക്കും പാട്ടു പഠിപ്പിച്ചുകൊടുക്കുന്നു. എന്തൊരു സൗമ്യമായ ഇടപെടല്‍. മാഷിന്റെ മുന്നില്‍ ഒരു പാവത്താനെപ്പോലെ യേശുദാസ് ഇരിക്കുന്നു. ഇടയ്ക്ക് എന്നെ വിളിച്ചു മാഷ് ചോദിച്ചു, 'ശീനു വരികള്‍ ശരിയാണല്ലോ. നോക്കൂ.' അതാ ഒരുവരി തെറ്റായി എഴുതിവച്ചിരിക്കുന്നു. അക്കാര്യം ഞാന്‍ മാഷിനോട് പറഞ്ഞു. തിരുത്താന്‍ അദ്ദേഹം യേശുവിനോടു പറഞ്ഞു. (യേശുവെന്നാണ് മാഷ് ദാസിനെ വിളിക്കാറുള്ളത്.) ഉടന്‍ മാഷിനോട് ദാസിന്റെ ചോദ്യം- 'ആരാണ് മാഷേയിത്? പുതിയ സഹായിയാണോ?' പുതിയ ഗാനരചയിതാവാണെന്നു മാത്രം പറഞ്ഞു മാഷ് പാട്ടിലേയ്ക്ക് മടങ്ങി.
മൂന്നു പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തശേഷം ആസാദും ഞാനും വര്‍ക്കലയ്ക്ക് മടങ്ങി. ആസാദിന്റെ വെളുത്തപക്ഷി പറന്നുപൊങ്ങിയില്ല. സാമ്പത്തികപരാധീനതകളുടെ കുത്തൊഴുക്കില്‍പ്പെട്ട് പക്ഷി കൂട്ടിനുള്ളില്‍ അകാലചരമമടഞ്ഞു. മാനസികമായ തകര്‍ന്ന ആസാദ് മാസങ്ങള്‍ക്കുശേഷം ആത്മഹത്യചെയ്തു.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഔദ്യോഗിക യാത്രക്കിടയില്‍ ഞാന്‍ മാഷിനെ തലശ്ശേരിയില്‍ ജഗന്നാഥക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍പോയി കണ്ടിരുന്നു. അന്നദ്ദേഹം നന്നേ അവശനായിരുന്നു. ഞാനും ഫോട്ടോഗ്രാഫറും കൂടി അദ്ദേഹത്തെ പുറത്തക്കെടുത്തുകൊണ്ടു വന്നിരുത്തിയാണ് ഫോട്ടോള്‍ എടുത്തത്. സംഭാഷണത്തിനിടയില്‍ അദ്ദേഹം എം. ആസാദിന്റെ മൂന്നുമക്കളെക്കുറിച്ചായിരുന്നു ചോദിച്ചത്. നന്മയുടെ പ്രഭാപൂരം ആസാദിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ എനിക്ക് കാണാമായിരുന്നു.
മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോടമ്പാക്കം ബ്ലാക് ആന്റ് വൈറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് പി.കെ ശ്രീനിവാസന്‍.