കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷനും നടന് സിദ്ധാര്‍ഥും. കൊവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന് ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സിദ്ധാര്‍ഥ് ഭൂഷന്റെ ട്വീറ്റ് പങ്കുവെച്ചു. നമ്മള് ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ നമ്മോട് ചെയ്യുന്നത് എന്താണെന്ന് മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രി ശ്രദ്ധകൊടുക്കുന്നത് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പറഞ്ഞിരുന്നു.തുറന്ന സംവാദങ്ങളും, വിമര്‍ശനങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി. ആഗസ്ത് ഒന്നാകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് മരണങ്ങള് പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും അത് സംഭവിച്ചാല്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.
സൂപ്പര്‍ സ്പ്രെഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച മോദി മതപരമായ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കുകയും, രാഷ്ട്രീയ റാലി നടത്തുകയും ചെയ്തു. ആരോഗ്യമേഖലയുടെ തകര്‍ന്ന അവസ്ഥ ചൂണ്ടിക്കാണിച്ച ലാന്‍സെറ്റ് മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയേയും കുറ്റപ്പെടുത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേസുകളുടെ എണ്ണം കുറയുന്നതു കണ്ട കേന്ദ്ര സര്‍ക്കാര്‍ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയതെന്നും ജേണല്‍ എഴുതി. സര്‍ക്കാരിന്റെ കൊവിഡ് 19 ടാസ്ക് ഫോഴ്സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ എഴുതി. വാക്സിനേഷന് എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ശനിയാഴ്ച കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്;
'മോദി സര്‍ക്കാര്‍ മഹാമാരി തടയാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്ന് മാത്രമല്ല, പ്രതിരോധത്തിലെ വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു.'
സിദ്ധാര്‍ഥിന്റെ ട്വീറ്റ് ;
പ്രിയപ്പെട്ട ഇന്ത്യക്കാരെ നിങ്ങള്‍ ഭയപ്പെടാതിരിക്കു. ഈ മഹാമാരിയെ നമ്മള് അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കലും സര്‍ക്കാര്‍ നമ്മോട് ചെയ്തുകൊണ്ടിരിക്കുന്നത് മറക്കരുത്. ഇപ്പോള്‍ സുരക്ഷിതരായി ഇരിക്കു. വാക്സിന് സ്വീകരിക്കു.'