അതി സമര്‍ഥയായ ഒരു മാനേജ്മെന്റ് വിദഗ്ധ. തന്റെ ശേഷിയെ അംഗീകരിച്ച സ്ഥാപനം അവരെ പ്രൊമോഷന് നല്കി സ്ഥാപനത്തിന്റെ സി.ഇ.ഒ ആക്കി. പൊതു സ്വീകാര്യതയുളളതിന്റെ പേരില്‍ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കും സന്തോഷം. വിശേഷിച്ചും അതുവരെ അവരിലൊരാളായി തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ സി.ഇ.ഒ ആയതിനാലും. ലോകത്തില്‍ ഏറ്റവും പ്രയാസമേറിയതായി ഒരു കാര്യം മാത്രമേ ഉള്ളു. ആംഗലേയത്തില്‍ ലിവിംഗ് ടുഗദര്‍ എന്നു പറയുന്ന ഒന്നിച്ചു കഴിഞ്ഞുകൂടല്‍. അത് ഭാര്യയും ഭര്‍ത്താവായാലും, ആണും പെണ്ണുമായാലും മാതാപിതാക്കളും മക്കുളുമായാലും ഒക്കെ. അതുപോലെ തന്നെ സ്ഥാപനമായാലും. ജോലി ചെയ്യുന്ന സമയം എല്ലാവരും ജോലിയില്‍ ഏര്‍പ്പെടുന്നു. അതേ സമയം എല്ലാവരും ഒന്നിച്ചു ജീവിക്കുകയും ചെയ്യുകയാണ്.
കുറേനാള്‍ കഴിഞ്ഞു. പുതിയ സി.ഇ.ഓയ്ക്ക് മുഴുവന്‍ സമയം ജോലിയില്‍ മുഴുകേണ്ടി വരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും പഴയ പോലെ ചെയ്യാന്‍ പറ്റുന്നില്ല. കുട്ടികളുടെ കാര്യത്തില്‍ വേണ്ട വിധം ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അതിനു പുറമേ ഓഫീസിലും എല്ലാം വിചാരിക്കുന്നതു പോലെ നടക്കുന്നില്ല. ഒരു ദിവസം അവര്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി. കാരണം താന്‍ ഇട്ട ഉത്തരവ് ഉദ്ദേശിച്ച സമയത്ത് നടപ്പായില്ല. അത് നടപ്പാക്കേണ്ടിയിരുന്നത് താന്‍ സി.ഇ.ഒ ആകുന്നതിനു മുന്‍പ് തന്നൊടൊപ്പം ഒന്നിച്ചിരുന്ന് പ്രവര്‍ത്തിച്ചവര്‍. അവരുടെയടുത്ത് തന്റെ ദേഷ്യം പ്രകടിപ്പിച്ചാല്‍ തന്റെ പൊതുസ്വീകാര്യത നഷ്ടമാകും. അവരുമായുള്ള സൗഹൃദവും പോകും. മാത്രമല്ല, അധികാര ഗര്‍വ്വ് വന്നു എന്ന അഭിപ്രായവും പരക്കും. പക്ഷേ കാര്യങ്ങള്‍ നടക്കുന്നില്ല. അത് പുത്തന്‍ തലമുറയുടെ പ്രശ്മാണോ എന്ന് അല്‍പ്പം സീനിയറായ ഈ സി.ഇ.ഒ ചോദിക്കുന്നു.
അടക്കിപ്പിടിച്ച് വിമ്മിഷ്ടവുമായി ഈ സി.ഇ.ഒ ചോദിക്കുന്നു, താന്‍ എന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടത്. തനിക്ക് മുന്പുണ്ടായിരുന്നവര് സൃഷ്ടിച്ചിട്ടുള്ള അതേ പാതയിലൂടെയാണ് താനും പോകുന്നത്. അവര്‍ കാണിച്ച മാതൃകയാണല്ലോ നമ്മളും സ്വീകരിക്കേണ്ടത് എന്നു ചോദിക്കുകയും ചെയ്യുന്നു. ആകെ ആശയക്കുഴപ്പം. തന്റെ വ്യക്തിജീവിതത്തെ ജോലി ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. എത്ര പണിയെടുത്തിട്ടും മനസ്സമാധാനം കിട്ടാത്ത അവസ്ഥയുമാണെന്ന് അവര്‍. താന്‍ മുന്‍പ് അവരുമൊന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തന്നെ സി.ഇ.ഒ ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ഇങ്ങനെ അവര്‍ പെരുമാറുന്നതെന്നും അവര്‍ സംശയിക്കുന്നു. തന്റെ മുന്ഗാമികള്ക്ക് കിട്ടിയിരുന്ന ബഹുമാനവും പരിഗണനയുമൊക്കെ ഈ സി.ഇ.ഓയ്ക്ക് അറിയാം. കാരണം അവര്‍ക്ക് താന്‍ നല്‍കിയിരുന്ന ആ ഘടകത്തിലൂടെ. അതുതന്നെയാണ് സി.ഇ.ഓ സംബന്ധിച്ച് ഈ വനിതാ സി.ഇ.ഓയുടെ ഉള്ളിലും നിലനില്ക്കന്ന സി.ഇ.ഓ ബിംബം.
ഈ സി.ഇ.ഓ ഇടയ്ക്ക് ചോദിക്കുന്നു, താനീ അനുഭവിക്കുന്ന സൈ്വരക്കേട് തന്റെ ഈഗോ കൊണ്ടാണോ എന്ന്. ആ ചോദ്യം പ്രസകതം. ഈഗോ തന്നെ. എന്നാല്‍ എന്താണ് ഈ ഈഗോ. ഒരു കല്‍പ്പന. അത് അനുഭവത്തിലൂടെയും ചിന്തയിലൂടെയും സാമൂഹിക സ്വാധീനത്തിലൂടെയും മനുഷ്യനില്‍ കയറിക്കൂടുന്ന ചിന്തയും അതില്‍ നിന്ന് ഉരുത്തുരിയുന്ന സങ്കല്‍പ്പവും. ആ സങ്കല്‍പ്പവുമായി ചേര്‍ത്തുവച്ചുകൊണ്ട് ഒരു വ്യക്തി സ്വയം കാണുന്നു. അതോടെ ആ വ്യക്തി സങ്കല്പ്പമായി മാറുന്നു. അതാണ് ഈഗോ. അപ്പോള്‍ ആ സങ്കല്‍പ്പം അതിനനുസരിച്ച് ചിലത് പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നിറവേറിയാല്‍ മാത്രമേ ആ സങ്കല്പ്പത്തിന് നിലനില്ക്കാന് പറ്റുകയുള്ളു. ഒരുദാഹരണം നോക്കാം. ഒരു വ്യക്തി സ്വയം തീയാണെന്ന് കരുതുക. എല്ലാത്തിനെയും കരിച്ചുകളയാന്‍ പോന്ന തീ. ആ തീയിലേക്ക് മറ്റൊരു വ്യക്തി അതിനെ കൂസാതെ വന്ന് ചേര്‍ന്നു നില്ക്കുന്നു. അപ്പോള്‍ തനിക്ക് അയാളെ പൊള്ളലേല്‍പ്പിക്കാന്‍ പോലും ശേഷിയുള്ള ചൂടില്ലെന്ന ആ തീ തിരിച്ചറിയുകയാണെങ്കില്‍ ആ തീയുടെ നിലനില്‍പ്പ് കഴിഞ്ഞു. പിന്നെ തീയായി നിലനിന്ന് തന്റെ നിലനില്‍പ്പ് ഉറപ്പാക്കാനുള്ള തത്രപ്പാടിലായിരിക്കും. ഇങ്ങനെയാണ് ഈഗോ പ്രവര്‍ത്തിക്കുന്നത്. ആ നിലയ്ക്ക് നമ്മുടെ ഈ സി.ഇ.ഓയെയും ഇമ്മിണി ഈഗോ പിടികൂടിയിട്ടുണ്ട്. നേരിയ തോതില്‍ അതും അവര്‍ അറിയുന്നുണ്ട്. ഇതെല്ലാം കൂടിയാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
നമുക്ക് മുന്‍പേ പോയവര്‍ ഒരിക്കലും നമുക്ക് മാതൃകകളല്ല. അത് വ്യത്യസ്തമായ കാലം. വ്യത്യസ്തമായ സാഹചര്യങ്ങള്‍, വ്യത്യസ്തരായ ആള്ക്കാര്. എന്നാല്‍ അവര്‍ നമ്മുടെ പാഠപുസ്തകളുമാണ്. കൊള്ളേണ്ടതിന്റെയും കൊള്ളേണ്ടാത്തതിന്റെയും. 'ഞാനായിരുന്നുവെങ്കില്‍ ആ ഉത്തരവ് ഒരു സംശയവുമില്ലാതെ അന്നു തന്നെ നടപ്പാക്കുമായിരുന്നു. ഞാനെന്താണ് ചെയ്യേണ്ടത്. എന്തെങ്കിലും വേറെ മാര്‍ഗ്ഗമുണ്ടോ? ' ഈ സി.ഇ.ഓ ചോദിക്കുന്നു. തന്റെ മുന്ഗാമികളായിരുന്നുവെങ്കില് ഉത്തരവ് നടപ്പാക്കാതിരുന്നവരെ ഫയര്‍ ചെയ്ത് നശിപ്പിച്ചേനെ. അതും കൂട്ടത്തില്‍ അവര്‍ ഓര്‍ക്കുന്നുണ്ട്. തനിക്ക് അതിനും പറ്റുന്നില്ല. എന്നാല്‍ ദേഷ്യമൊട്ട് സഹിക്കാനും പറ്റുന്നില്ല. ശരിയാണ്, അധികാരത്തിലിരിക്കുന്ന മിക്കവരും ദേഷ്യമാണ് കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഏറ്റവും എളുപ്പവഴിയായി കണക്കാക്കിപ്പോരുന്നത്. ഇതിന്റെ ഭാഗാമായാണ് പേടിയോടെ കീഴ്ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ കാണുന്നത്. കീഴുദ്യോഗസ്ഥറും ഈ പേടിപ്പിക്കുന്നവരെ മികച്ച ഭരണാധികാരികളായി കാണുന്നു. ചിലപ്പോര്‍ അവര്‍ അങ്ങനെയുള്ളവരുടെ അപദാനങ്ങള്‍ പറയാറുമുണ്ട്.
മനുഷ്യന്റെ ഓരോ നിമിഷവും പുതിയതാണ്. ആ പുതുമയെ മനുഷ്യന് സൃഷ്ടിക്കണം. ഈ പുതുമയെ സൃഷ്ടിക്കാന്‍ കഴിയാത്തവരാണ് ശീലിച്ച കണ്ടു പഴകിയതിനെ ആശ്രയിക്കുന്നത്. അതുകൊണ്ട് അവര്‍ ശീലിച്ച സംഗതി അതേ പടി വന്നാല്‍ മാത്രമേ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കൂ എന്നു കരുതുകയുള്ളു. അതായത് പരിചയമുള്ളതിനെ വീണ്ടും കാണാനുള്ള ത്വരയാണ് അത്. കണ്ടതിനെ വീണ്ടും കാണുന്നത് കുറച്ചു കഴിയുമ്പോള്‍ മുഷിപ്പിക്കും. ആ മുഷിപ്പിക്കലില് നിന്നാണ് ജീര്‍ണ്ണത സംഭവിക്കുന്നത്. പുതിയ നിമിഷത്തില്‍ സംഭവിക്കുന്നതും പുതുതായിരിക്കണം. ആ പുതുമയെ പലപ്പോഴും അത് വിരിയുമ്പോള്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. മനുഷ്യ കുലത്തിലെ ഏറ്റവും ഉദാത്തമായ സൃഷ്ടി മനുഷ്യക്കുഞ്ഞാണ്. അതിന്റെ ആധാരം സ്നേഹമാണ്. ആ സ്നേഹത്തെയാണ് പ്രണയം, സ്വാതന്ത്ര്യം എന്നീ രീതികളില്‍ അറിയുന്നത്. അതായത് സൃഷ്ടിയുടെ പിന്നില്‍ രസം വേണം. ഓരോ ദിവസത്തെയും ഓരോ ജീവനക്കാരന്റെയും ഒരു സ്ഥാപനത്തിലെ ഓരോ നിമിഷവും പുതിയതാണ്. ഒരിക്കലും ഒരു നിമിഷവും അതേ പടി ആവര്‍ത്തിക്കില്ല. ഒന്നു ശ്രദ്ധിച്ചാല്‍ അതറിയാന്‍ കഴിയും. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ ആവര്‍ത്തനം പോലെ തോന്നുകയും ചെയ്യും. പുതുമയെ അറിഞ്ഞു തുടങ്ങുമ്പോള്‍ അവിടെ സ്നേഹം ശ്രദ്ധയായി മാറുന്നു.
ഈ വനിതാ സി.ഇ.ഓ പഴയ ലോകത്തു നിന്നും പുറത്തു വരുന്ന നിമിഷം സൃഷ്ടിപരതയുടെ വിളനിലമാണ്. കാരണം ആ സ്ഥപാനത്തിലുള്ളവരെല്ലാം താനുമായി മുന്‍പ് ഇടകലര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍ സ്നേഹം സൗഹൃദത്തിന്റെ ഭാവത്തില്‍ അവിടെയുണ്ട്. ആ സൗഹൃദത്തിന്റെ തലത്തില്‍ എന്താണ് തന്റെ ഉത്തരവ് ഇറങ്ങിയതു മുതല്‍ നടന്നതെന്ന് അന്വേഷിച്ചാല്‍ എവിടെയാണ് ആ ഗുണഭോക്താവിന് ഉതകും വിധം ഉത്തരവ് നടക്കുന്നതിന് തടസ്സമായതെന്ന് കണ്ടെത്താന്‍ കഴിയും. ആ സൗഹൃദം ഒരു കാരണവശാലും നടിക്കുന്നതാകരുത്. കാരണം സൃഷ്ടിയില്‍ ഏര്‍പ്പെടുമ്പോള്‍ രസം അനിവാര്യമാണ്. ആ രസത്തോടെ എല്ലാവരുമായി ഒത്തു ചേര്‍ന്ന് അതന്വേഷിക്കുമ്പോള്‍ ആ രസാത്മകത സംഭവിക്കും. പഴയതിനേക്കാള്‍ കൂടുതല്‍ സ്നേഹത്തില്‍ സഹപ്രവര്‍ത്തകരോട് സംവദിക്കാനുള്ള അവസരവുമാകുമത്. ആ ഉത്തരവ് ഉടക്കി നില്‍ക്കാനിടയായ സംഗതി കണ്ടു പിടിച്ചു കഴിഞ്ഞാല്‍ അത് സാമ്പ്രദായികമായി ഒഴിവാക്കാന്‍ ഒരു രീതി പൊതുവേ സ്വീകരിച്ചു കഴിഞ്ഞാല്‍ ആ തടസ്സം ഒഴിവായി. ഈ തടസ്സം നേതൃത്വം വഹിക്കുന്ന സി.ഇ.ഓയുടെ തന്നെയാണ്. എങ്കില്‍ മാത്രമേ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുകയുള്ളു. ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആര്‍ക്കും ഒന്നും പരിഹരിക്കാന്‍ കഴിയുകയില്ല.
എവിടെയാണെങ്കിലും നേതൃത്വം ആ ഗുണം പ്രതിഫലിക്കണം. ഒരു നേതാവിന്റെ ശേഷിയെ തിരിച്ചറിയേണ്ടത് അണികളിലൂടെയാകണം. അതുപോലെ ഒരു സ്ഥാപനത്തിന്റെ നേതൃത്വം അറിയേണ്ടത് അതിലെ ജീവനക്കാരിലൂടെയാണ്. അപ്പോഴാണ് അത് സ്ഥാപനമെന്ന യഥാര്‍ത്ഥ തലത്തിലേക്ക് ഉയരുകയുള്ളു. ഇവിടെ ഈ സി.ഇ.ഒ ഒരു വിഷയത്തെ കണ്ടെത്തി അത് സാമ്പ്രദായികമായി പരിഹരിക്കുമ്പോള്‍ അതിലെ സര്‍ഗ്ഗാത്മകത മറ്റുള്ളവരിലേക്ക് പകരുകയും കൂടി ചെയ്യുകയാണ്. മാത്രമല്ല, ഇവിടെ ഓരോ ജീവനക്കാരനും തോന്നും താനുംകൂടി മൊത്ത ഭരണത്തില്‍ പങ്കാളിയാണെന്ന്. അത് അവസരം കൂടിയാണ്. കാരണം ഒന്നിലധികം പേര് ഒരു വിഷയം ചിന്തിക്കുമ്പോള്‍ വരുന്ന ആശയങ്ങള്‍ വൈവിദ്ധ്യമാര്ന്നതാകും. അതില്‍ നിന്ന് പല അഭിപ്രായങ്ങള്‍ ചേര്‍ന്ന് പുതിയ ഒരാശയം രൂപം കൊള്ളുകയും ചെയ്യും. ആ സംസ്കാരം തുടരുന്ന സ്ഥാപനത്തിലെ നേതാവിന് ഓരോ നിമിഷവും ആസ്വാദനത്തിന്റേതാകും. അതിന്റെ പ്രതിഫലനം സ്ഥാപനത്തിന്റെ അഭൂതപൂര്‍വ്വമായ വിജയവുമാകും. മറിച്ച് വിജയിപ്പിക്കാനും അതിലൂടെ തനിക്കു വിജയിക്കാനും വേണ്ടി ശ്രമിക്കുന്നിടത്താണ് ദേഷ്യവും അസ്വസ്ഥതയും എല്ലാം കടന്നു വരുന്നതും ജീവനക്കാര്‍ അതൃപ്തരാകുന്നതും.
ഈ സി.ഇ.ഓ ഈ സാധ്യത ശ്രദ്ധിച്ചു. അവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അത് ഒരു സൂര്യോദയം പോലുള്ള ചിരിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ തേടിക്കൊണ്ടിരുന്നത് ലഭിച്ചതു പോലെ. ഇവിടെ ഒരു വനിതാ സി.ഇ.ഓയുടെ സാധ്യതയും കൂടി തെളിഞ്ഞതു കാണാമായിരുന്നു. അത് പ്രായോഗികതയുടെയും സ്വീകരണസ്വഭാവത്തിന്റെയും കൂടി ഉദാഹരണമായി. ഈ രണ്ടു ഘടകങ്ങളും സ്ത്രീകളില്‍ ആണുങ്ങളെ വച്ചു നോക്കുമ്പോള്‍ കൂടുതലാണ്. ഈ വനിതാ സി.ഇ.ഓയുടെ സ്മൃതിപഥത്തില്‍ കണ്ടു ശീലിച്ച ആണ് സി.ഇ.ഓമാരുടെ മാതൃകകളായിരുന്നു. ശരിക്കും അവരെ അസ്വസ്ഥമാക്കിയത് അവരുടെയുള്ളില്‍ നിയന്ത്രിച്ചിരുന്ന ആണ്കേസരികളായിരുന്നു എന്നു ചുരുക്കം. ഒരു ആണ് സി.ഇ.ഓ ആയിരുന്നുവെങ്കില്‍ ഇത്തരമൊരു നിര്‍ദ്ദേശത്തെ സാധാരണഗതിയില്‍ എത്ര കണ്ട് സ്വീകരിക്കുമായിരുന്നു തിട്ടപ്പെടുത്തുക പ്രയാസം. ആണുങ്ങളുടെ ഈ ധാര്‍ഷ്ട്യം മാനേജ്മെന്റ് രംഗത്തെ പൊതുമാനദണ്ഡമായി ഇന്നും തുടര്‍ന്നുവരുന്നു എന്നുള്ളതും യാഥാര്‍ത്ഥ്യമാണ്.