Skip to main content

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ജിയോ ബേബിയുടെ സിനിമയില്‍ നായിക നായകനോട് ഫോര്‍പ്ലേ ആവശ്യപ്പെടുമ്പോള്‍ നായകന്റെ മറുപടി എനിക്കും കൂടെ തോന്നണ്ടേ എന്നാണ്. ഒരുപക്ഷെ ആ സിനിമയിലെ ഏറ്റവും വലിയ മര്‍മ്മം എന്ന് പറയുന്നത് ആ ഒരു സംഭാഷണ ശകലമാണ് എന്ന് പറയേണ്ടി വരും. എങ്ങനെയാണ് രണ്ട് പ്രകൃതിയെ ആ സിനിമയില്‍ വിന്യസിച്ചിരിക്കുന്നത് എന്ന് ആ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. നായകനും നായികയും രണ്ട് കഥാപാത്രങ്ങളാണ്. ആണുങ്ങളായിക്കോട്ടെ പെണ്ണുങ്ങളായിക്കോട്ടെ ജിയോ ബേബിയെ പോലുള്ളവര്‍ പിന്‍പറ്റുന്നത് സമത്വത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള ഒരു പ്രകൃതി നിയമ നിഷേധമാണ്. സമത്വം എന്താണെന്ന് വളരെ സുവ്യക്തമായി അറിയാത്തതിന്റെ പേരിലുണ്ടായ കാഴ്ചപ്പാടാണ് ആ സിനിമയെ മുഴുവന്‍ നയിക്കുന്നത്. 

ഉദാഹരണത്തിന് സുരാജ് വെഞ്ഞാറമൂടിനും നിമിഷയ്ക്കും ഒരേ പ്രതിഫലമാണോ കൊടുത്തത് എന്ന ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരേ പ്രതിഫലമാണ് കൊടുത്തത് എങ്കില്‍ അതിനെ സമത്വമായി കാണുന്ന ഒരു വീക്ഷണമുണ്ട്. അതല്ല ശരിക്കും സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ വിപണി മൂല്യം കലാവൈഭവം സമയലഭ്യത എന്നിവ എല്ലാം പരിഗണിച്ച് സുരാജ് വെഞ്ഞാറമൂട് തന്റെ കഴിവിന് ഒരു വില നിശ്ചയിക്കും. അതിന്റെ പൂര്‍ണ്ണ അധികാരം സുരാജ് എന്ന വ്യക്തിക്കുണ്ട്. അത് ചിലപ്പോള്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ ആവാം കുറവും ആവാം. അതില്‍ ആര്‍ക്കും കൈകടത്താനുള്ള സ്വാതന്ത്ര്യമില്ല. അതുപോലെ തന്നെയാണ് നിമിഷ സജയന്റെ കാര്യവും. അവരുടെ കലാവൈഭവവും വിപണി മൂല്യവും അനുസരിച്ച് അവര്‍ക്ക് അത് നിശ്ചയിക്കാവുന്നതാണ്. അത് ചിലപ്പോള്‍ സുരാജ് വെഞ്ഞാറമൂടിനേക്കാള്‍ കൂടുതലുമാവാം കുറവുമാവാം. രണ്ട് പേര്‍ക്കും ഒരേ വേതനം കൊടുക്കേണ്ടതാണ് എന്ന കാഴ്ചപ്പാട് പ്രത്യക്ഷത്തില്‍ സമത്വമായി തോന്നുമെങ്കിലും അത് ഏറ്റവും വലിയ വിനാശമാണ്. ഇത് പ്രകൃതിനിയമ വിരുദ്ധമാണ്.

ഭൂമിയില്‍ ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടും സ്വഭാവവും ഇഷ്ടങ്ങളും വ്യത്യസ്തമാണ്. ആ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിയും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാവാത്ത രീതിയില്‍ ജീവിക്കുമ്പോഴാണ് എല്ലാവര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നത്. ഈ അവസ്ഥയാണ് സമത്വം. അല്ലാതെ ഇതുവരെ ആണുങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലി പെണ്ണുങ്ങള്‍ ചെയ്യുന്നതു കൊണ്ട് സമത്വമാവുന്നില്ല. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നിശ്ചയിക്കുന്ന കാലമല്ല ഇത്. കൊറോണയുടെ വരവോട് കൂടി നമ്മള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തൊഴിലും പേശീ ബലവും തമ്മില്‍ പ്രസക്തിയില്ലാത്ത ഒരു യുഗമാണ് ഇത്. ആണുങ്ങളെ പോലെ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതാണ് സ്ത്രീ സമത്വത്തിന്റെ അടിസ്ഥാനം എന്ന ചിന്ത അതിവിദഗ്ദമായി മാധ്യമങ്ങളിലൂടെ സ്ത്രീകളിലേക്ക് നിക്ഷേപിച്ച് കഴിഞ്ഞു. 

ഇവിടെ നിമിഷയില്‍ സ്ത്രീയുടെ ഗുണത്തേയോ സുരാജില്‍ ആണിന്റെ ഗുണത്തേയോ കാണാന്‍ കഴിയുന്നില്ല. ഈ രണ്ട് കഥാപാത്രങ്ങളും ജീര്‍ണ്ണതയുടെ ഉന്നതിയില്‍ നില്‍ക്കുന്നവരാണ്. ഏത് വസ്തുവും ജീര്‍ണ്ണിച്ച് കഴിഞ്ഞാല്‍ അതിന്റെ ഗുണം അപ്രത്യക്ഷമാവും. ആണിന്റെയും പെണ്ണിന്റെയും ഗുണങ്ങളെല്ലാം ജീര്‍ണ്ണിച്ച രണ്ട് കഥാപാത്രങ്ങളേയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. സ്ത്രീ രൂപമാണെങ്കിലും സ്‌ത്രൈണ ഭാവങ്ങള്‍ ഒന്നും തന്നെ നിമിഷയുടെ കഥാപാത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ നായക കഥാപാത്രത്തിന്റെ ഈ ചോദ്യം പ്രസക്തമാണ്. കിടപ്പറ രംഗത്ത് പോലും ഇതിലെ നായികയ്ക്ക് സ്ത്രീ സാന്നിധ്യം അനുഭവിപ്പിക്കാന്‍ കഴിയുന്നില്ല.

Ad Image