Skip to main content

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പോലെ ഇത്രയും സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ഒരു സിനിമ എന്തായാലും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. രണ്ട് കാര്യങ്ങളാണ് ഒരു മനുഷ്യനെ ജന്തുലോകത്തില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്വയം ബഹുമാനിക്കുക, മനുഷ്യ സ്വഭാവം പ്രകടമാക്കുക എന്നിവയാണ് ആ രണ്ട് ഗുണങ്ങള്‍. മനുഷ്യ സ്വഭാവം പ്രകടമാക്കുക എന്നതില്‍ വിജയിച്ചാല്‍ തന്നെ ആദ്യത്തേത് അതില്‍ അന്തര്‍ലീനമായിരിക്കും. ഈ സിനിമയില്‍ ചലിക്കുന്ന ശവം പോലെയാണ് നിമിഷ സജയന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രം തുടക്കം മുതല്‍ അവസാന ഭാഗത്തിന്റെ തൊട്ടു മുമ്പ് വരെ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ മനുഷ്യന്റെ ഏറ്റവും ആവശ്യമായ ഒരു സമീപനമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നുള്ളത്. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു വ്യക്തിക്ക് മാത്രമെ ജീവിതം എന്താണ് എന്ന് മനസ്സിലാക്കി ജീവിക്കാന്‍ കഴിയുകയുള്ളൂ. ഈ സിനിമയില്‍ ഒരു സ്ഥലത്ത് പോലും സ്വന്തം ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിയാനുള്ള ശേഷി പോലും ഈ നായിക കഥാപാത്രത്തിന് തിരക്കഥാകൃത്തോ സവിധായകനോ നല്‍കിയിട്ടില്ല. അത് ജിയോ ബേബി എന്ന സംവിധായകന്റെ കാഴ്ചപ്പാട് തന്നെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കാണാവുന്നത് പല തവണ ഈ സിനിമയില്‍ കാണിക്കുന്ന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങള്‍ തന്നെയാണ്. ഒരു രംഗത്തിലും സ്ത്രീയുടെ ഭാവം നിമിഷ സജയനില്‍ പ്രകടമായിട്ടില്ല. 

നിമിഷ സജയന്റെ ചലനത്തിലൂടെ മാത്രമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു ജീവനുള്ള ശവം എന്നതാണ് ഈ രംഗങ്ങളില്‍ ആ കഥാപാത്രം പ്രകടമാക്കുന്ന ഭാവം. ഒരു ഘട്ടത്തില്‍ നായിക ഫോര്‍പ്ലേ ആവശ്യപ്പെടുന്നുണ്ട്. ഭാര്യ ഭര്‍തൃ ബന്ധമായിക്കോട്ടെ സ്ത്രീ പുരുഷ ബന്ധമായിക്കോട്ടെ ബന്ധങ്ങള്‍ എപ്പോഴും സ്ത്രീക്കും പുരുഷനും ഒരേപോലെ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം. ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചനിലെ നായിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഭര്‍ത്താവിന് വിട്ടു കൊടുക്കുകയും പിന്നീട് ഫോര്‍പ്ലേ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു രംഗമാണ് കണ്ടത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആണിന്റെ മാത്രം ഉത്തരവാദിത്വമല്ല എന്ന ചുരുങ്ങിയ ബോധ്യമെങ്കിലും ഓരോ സ്ത്രീക്കും വേണ്ടതാണ്. ഒരുവേള നായിക കഥാപാത്രം ലൈംഗികവേഴ്ചക്കിടയില്‍ കയ്യില്‍ നിന്നുള്ള ദുര്‍ഗന്ധം മാറിയിട്ടുണ്ടോ എന്ന് മണത്ത് നോക്കുന്നതിന്റെ രംഗവും കാണാം. അവിടെയൊക്കെ നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രം വെറുമൊരു ഭോഗവസ്തു മാത്രമായി സ്വയം ചുരുങ്ങുകയാണ്. 

സ്വയം ബഹുമാനിക്കാത്ത ഒരു വ്യക്തിയെ ലോകത്തില്‍ മറ്റാരും ബഹുമാനിക്കില്ല. ലൈംഗിക ബന്ധത്തില്‍ ഉള്‍പ്പെടെ പുരുഷന്റെ മുന്നില്‍ പൂര്‍ണ്ണമായ ഒരു അടിമയേക്കാള്‍ മോശമായ ഒരു ജഡാവസ്ഥയിലേക്ക് അധഃപതിക്കുന്ന ഒരു അവസ്ഥയാണ് ആ രംഗങ്ങളിലൂടെ സംവിധായകന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ ഇത്രയും അപമാനിക്കുന്ന ഒരു സമീപനമാണ് ആ രംഗങ്ങളിലൂടെ കാണിക്കുന്നത്. മറിച്ച് നിമിഷയുടെ കഥാപാത്രത്തിന് വേണമെങ്കില്‍ ഫോര്‍പ്ലേയിലേക്ക് സ്വയം പ്രവേശിക്കാവുന്നതെയുള്ളൂ. ഈ സിനിമയിലെ നായകന്‍ ജീര്‍ണ്ണതയുടെ ഒരു പ്രതിനിധിയാണ്. അയാളില്‍ ആസ്വാദ്യതയുടെ ഭാവം തെല്ലും അവശേഷിക്കുന്നില്ല. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മുന്നില്‍ സ്‌ത്രൈണമായ ഒരു ഭാവത്തിലേക്ക് നിമിഷയുടെ കഥാപാത്രം പ്രവേശിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ അയാളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെളിച്ചത്തെ പുറത്തേക്ക് കൊണ്ടുവരാമായിരുന്നു. എന്നാല്‍ അങ്ങനെയൊരു സാധ്യതയിലേക്ക് നിമിഷയുടെ കഥാപാത്രം കടക്കുന്നില്ല. എല്ലാം തന്റെ ഭര്‍ത്താവ് ഒരുക്കിത്തരണം. അത്തരത്തിലുള്ള ഒരു ജഡാവസ്ഥയില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു കഥാപാത്രം ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. സ്ത്രീ എന്താണെന്ന് പോലും മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത ഒരു സംവിധായകന്‍ സ്ത്രീപക്ഷം എന്ന തെറ്റിദ്ധാരണയില്‍  സിനിമ എടുത്തതിന്റെ ദയനീയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കാഴ്ചവെക്കുന്നത്.

Ad Image