ഒരു മലയാളിയായി തുടരാന്‍ ഏതൊരു കേരളീയനും ലജ്ജിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. കാരണം കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ തിരഞ്ഞെടുപ്പുകളെ വിശേഷിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് മദ്യവും പെണ്ണുമാണ്. ഇന്ത്യയിലെ തന്നെ നൂറ് ശതമാനം സാക്ഷരത നേടിയ സംസ്ഥാനം. കേരളത്തിന് പുറത്ത് കേരളം അല്ലെങ്കില്‍ മലയാളി എന്ന് പറഞ്ഞാല്‍ പ്രബുദ്ധന്‍ എന്നൊരു പ്രതിച്ഛായയുമുണ്ട്. ഓരോ മലയാളിയും തന്റെ സംസ്ഥാനത്തെ വിശേഷിപ്പിക്കാന്‍ അനുനിമിഷം പ്രബുദ്ധ കേരളം നവോത്ഥാന കേരളം എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഉപയോഗിക്കാറുണ്ട്. ഇതേ കേരളത്തില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നിലവിലുള്ള നിയമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് എതിരാളികളെ മോശക്കാരായി ചിത്രീകരിക്കുകയും അത്തരത്തില്‍ വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു. അതില്‍ ഒന്നാണ് സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം.
ഒരു ഉപതിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്‍പ് ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാടുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. യുവതിയുടെ പരാതിയെ തുടര്‍ന്ന് സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട ഇതേ കേസില്‍ കാടിളക്കി കോളിളക്കം സൃഷ്ടിച്ചു കൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയത്. അവര്‍ അധികാരത്തിലെത്തിയതിന് ശേഷം സംഭവിച്ചതാകട്ടെ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും. അതില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങുമ്പോഴാണ് സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രൊഫസറും സാമ്പത്തിക ശാസ്ത്രജ്ഞനുമൊക്കെയായ ഡോ.തോമസ് ഐസക് ആണ് ധനകാര്യമന്ത്രി. അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര വൈദഗ്ദ്യം മുഴുവന്‍ പ്രയോഗിച്ചിട്ടും സംസ്ഥാനത്തെ വരുമാനത്തിനും തന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും മുന്നോട്ട് പോക്കിനും ആശ്രയിക്കുന്നത് മദ്യത്തെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആണെങ്കിലും ഒരു സമൂഹത്തിന്റെ ജീവിതത്തിലാണെങ്കിലും മദ്യത്തിനെയും പെണ്ണിനെയും ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ച് കഴഞ്ഞാല്‍ ആ സംസ്‌കാരത്തെ എന്താണ് വിശേഷിപ്പിക്കേണ്ടതെന്ന് വലിയ പ്രബുദ്ധതയൊന്നും ഇല്ലാത്ത ആളുകള്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളു. അത്തരത്തിലൊരു അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
എന്തുകൊണ്ട് കഴിഞ്ഞ നാലര വര്‍ഷത്തിനിടയ്ക്ക് സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളുമൊക്കെ കൃത്യമായ ന്യായീകരണങ്ങള്‍ നിരത്തിയെന്നിരിക്കും. അതിനേക്കാള്‍ ഗൗരവം അര്‍ഹിക്കുന്ന വിഷയം പരസ്യമായി ഇത്തരം നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ സംവിധാനം നീങ്ങുന്നു എന്നുള്ളതാണ്. ഇത് മലയാളിയുടെ സാമാന്യബുദ്ധിക്ക് നേരെയുള്ള വെല്ലുവിളി ആയിട്ട് മാത്രമെ കാണാന്‍ സാധിക്കു.
2016ന് മുന്‍പുള്ള സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും നീതിയുക്തമായ ഭരണം കാഴ്ചവെച്ചു എന്നല്ല അതിനര്‍ത്ഥം. സോളാര്‍ കേസ് എന്നുള്ളത് സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുള്ള ഒരു അഴിമതി തന്നെയാണ്. കാരണം ആ കേസില്‍ പെട്ട യുവതി അനേകംപേരാല്‍ കബളിപ്പിക്കപ്പെട്ടു എന്നത് വസ്തുതയാണ്. എന്നാല്‍ സോളാര്‍ കേസില്‍ ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും വസ്തുതയാണ്. ഓരോ സന്ദര്‍ഭത്തിലും ഈ യുവതി ധനികയായിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഒരു രാഷ്ട്രീയമായ കരുവായി മാറുകയും ചെയ്യുന്നു എന്നത് കേരളത്തിന് മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. മാധ്യമങ്ങളിലൂടെ അവര്‍ മറ്റൊരു പരിവേഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സ്ത്രീ സുരക്ഷയ്ക്കായി കൊണ്ടുവന്ന നിയമങ്ങള്‍ കേരളത്തില്‍ ഇത് വരെ എത്ര സന്ദര്‍ഭങ്ങളില്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതും ചോദ്യ ചിഹ്നമായി മാറുന്നു. സ്ത്രീ അവകാശങ്ങളുടെ പേര് പറഞ്ഞുകൊണ്ട് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ എന്ന് അവകാശപ്പെടുന്നവരെല്ലാം മൗനം പാലിക്കുന്നു. അവരുടെ മൗനമാണ് കേരളത്തെ ഏറ്റവും കൂടുതല്‍ ലജ്ജിപ്പിക്കുന്നത്.