പി.വി അന്‍വറിന്റെ അനധികൃത തടയണ ഇന്നും പൊളിച്ചിട്ടില്ല, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിച്ചിട്ടില്ല, എം.എം മണിയുടെ സഹോദരന്റെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുമില്ല. പക്ഷേ മൂന്ന് സെന്റില്‍ കൂര വച്ച ഒരു പാവപ്പെട്ടവനെയും ഭാര്യയെയും ഈ ഭൂമിയില്‍ നിന്ന് തന്നെ ഒഴിപ്പിച്ച് അവരുടെ മക്കളെ അനാഥരാക്കിയിട്ടുണ്ട്. ഇതാണ് പ്രബുദ്ധ കേരളം. നെയ്യാറ്റിന്‍കര പോങ്ങിലെ ലക്ഷംവീട് കോളനിയില്‍ ഇന്നലെ നടന്ന ദാരുണ സംഭവത്തിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നാണിത്. നിയമം നടപ്പാക്കാനുള്ള പോലീസിന്റെ അമിതാവേശമാണ് ഒരു കുടുംബത്തെ തകര്‍ത്തത്. രാജനും കുടുംബവും താമസിച്ചുവരുന്ന ഭൂമി അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ് വന്നിരുന്നു. ഇതിനെതിരെ രാജന്‍ കോടതിയെ സമീപിച്ചു. ആ കേസില്‍ സ്റ്റേ ഓര്‍ഡര്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പോലീസ് നിയമം നടപ്പിലാക്കാന്‍ പരാക്രമം കാണിച്ചത്. പോലീസും പരാതിക്കാരിയുമായുള്ള ഒത്തുകളി നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിച്ചതെന്ന് രാജന്റെ മക്കളും ബന്ധുക്കളും പറയുന്നു. അത് അക്ഷരംപ്രതി ശരിയാകാനാണ് വഴി. അല്ലെങ്കില്‍ പിന്നെ സ്റ്റേ വരുന്നതിന് നിമിഷങ്ങള്‍ മുമ്പ് ഒഴിപ്പിക്കല്‍ നടത്തേണ്ട ആവശ്യമെന്താണ്. പാവപ്പെട്ടവന്‍ കയറിക്കിടക്കാന്‍ ഒരു കൂര തട്ടിക്കൂട്ടിയാല്‍ അതൊഴിപ്പിക്കാന്‍ എന്തൊരാവേശമാണ് നമ്മുടെ നിയമപാലകര്‍ക്ക്. വമ്പന്മാര്‍ ഏക്കറുകള്‍ കയ്യേറിയാലും ഇടിച്ചുനിരത്തിയാലും അംബരചുംബികള്‍ കെട്ടിയാലും പരിഗണകള്‍ ഏറെയാണ്. വിവേചന ബുദ്ധിയോടെ പെരുമാറാന്‍ എന്നാണ് നമ്മുടെ പോലീസ് പഠിക്കുക. അതിന് എത്ര പേര്‍ കൂടി ഇനി മരിച്ചുവീഴണം.
തന്റെ ഭാര്യ അമ്പിളിയെ ചേര്‍ത്ത് നിര്‍ത്തി പെട്രോള്‍ തലയിലൂടെ ഒഴിക്കുമ്പോള്‍ ആ മനുഷ്യന്റെ മനസ്സില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, തന്നെയും കുടുംബത്തെയും കുടിയൊഴിപ്പിക്കരുതേ എന്ന ലക്ഷ്യം. പെട്രോളില്‍ കുളിച്ച് കൈയില്‍ തീയുമായി നിന്നിട്ടും ഒഴിപ്പിക്കാനെത്തിയ പോലീസിന് ഒരു ഭാവവ്യത്യാസവുമുണ്ടായില്ല. സകലതും അവസാനിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വ്യക്തിക്കടുത്തേക്ക് പ്രകോപനവുമായിട്ടാണ് പോലീസ് ചെന്നത്. ശാന്തമായി ആ അവസരത്തില്‍ പോലീസ് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് രാജനും അമ്പിളിയും മക്കളായ രാഹുലിനും രഞ്ജിത്തിനുമൊപ്പം ആ മൂന്ന് സെന്റിലെ വീട്ടില്‍ ജീവനോടെ ഇരുന്നേനെ. ആ പോലീസുകാരന്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചതാണ് രാജന്റെയും ഭാര്യയുടെയും ജീവന്‍പോകാന്‍ കാരണം. അല്ലാതെ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല. ഇതൊക്കെ കഴിഞ്ഞിട്ടും സ്വന്തം പിതാവിന് കുഴിവെട്ടിക്കൊണ്ടിരിക്കുന്ന 19 കാരനോടും പോലീസ് പെരുമാറിയത് ക്രൂരമായിട്ടാണ്. ആ മകന്റെ ചോദ്യത്തിന് മുന്നില്‍ കേരളം തലകുനിക്കേണ്ടിയിരിക്കുന്നു എന്റെ അച്ഛനെ നിങ്ങള്‍ കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്. നിര്‍ഭാഗ്യവശാല്‍ അവന്റെ അമ്മയും പിന്നാലെ വിടവാങ്ങി.
രാജനെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതല്ലാതെ ഒന്നും പറയാനില്ല. സഹജീവികളോട് കരുണയുള്ളവനെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശാരിപ്പണിചെയ്ത് കിട്ടുന്നതില്‍ ഒരു വിഹിതം മാറ്റിവച്ച് ആരോരുമില്ലാത്തവര്‍ക്ക് പൊതിച്ചോറ് നല്‍കുന്ന ശീലം രാജനുണ്ടായിരുന്നു. 2 വര്‍ഷം മുന്‍പാണ് രാജനിത് തുടങ്ങിയത്. ആഴ്ചയില്‍ രണ്ടു ദിവസം വീതമായിരുന്നു വിതരണം. ലോക്ഡൗണ്‍ കാലത്തിത് മിക്ക ദിവസവുമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവരെ തിരഞ്ഞുപിടിച്ചാണ് രാജന്‍ ഭക്ഷണം നല്‍കിയിരുന്നത്. കാരണം രാജന്റെ ഭാര്യ അമ്പിളി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അതാണ് നമ്മുടെ ഹൃദയത്തില്‍ കൊള്ളുന്നതും. അവസാനമായി മക്കളോട് രാജന്‍ പറഞ്ഞത്, പൊതിച്ചോറ് വിതരണം മുടങ്ങാതെ നോക്കണേ എന്നതാണ്. അത്തരമൊരു മനുഷ്യനെയും കുടുംബത്തെയുമാണ് അമിതാവേശം കാട്ടി നമ്മുടെ നിയമപാലകര്‍ ഇല്ലാതാക്കിയത്.