Skip to main content

സംസ്ഥാനത്ത് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടേയും ചവറയില്‍ ചവറ വിജയന്‍ പിള്ളയുടേയും മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്തുന്നതിനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബറിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏഴു മാസം കഴിഞ്ഞും നടക്കാനിരിക്കെയാണ് ഇപ്പോള്‍ ധൃതി പിടിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.  ഉപതിരഞ്ഞെടുപ്പ് നടത്തി കുട്ടനാട്ടിലും ചവറയിലും ജയിച്ചു വരുന്ന ജന പ്രതിനിധികള്‍ക്ക് ആഹ്ലാദ പ്രകടനം തീരും മുമ്പ് അടുത്ത തിരഞ്ഞെടുപ്പിന് കളത്തിലിറങ്ങണം എന്നതാണ് ദുരന്തം. നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കല്‍പ്പന. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ജനാധിപത്യമാകെ കടലെടുത്ത് പോകുമോ എന്നാണ് ഏതു സാധാരണക്കാരനും സംശയിക്കുക.

ഇവിടെ കോവിഡ് വ്യാപനം എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. കോവിഡ് മരണങ്ങളും വര്‍ദ്ധിച്ചു വരുന്നു. പ്രതിരോധ മരുന്ന് ഇറങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ നടക്കുന്ന ഏതു തിരഞ്ഞെടുപ്പും എത്ര കണ്ട് നിയന്ത്രണമുണ്ടായാലും രോഗവ്യാപനത്തിനേ സഹായിക്കൂ. ഇത് രാഷ്ട്രീയ നേതാക്കള്‍ക്ക് നന്നായറിയാം. ആരോഗ്യ വകുപ്പിനുമറിയാം. പക്ഷേ, തിരഞ്ഞെടുപ്പു കമ്മിഷനു മാത്രമറിയില്ല എന്നതാണ് വിചിത്രം. ഒരു സാമാജികന്റെ മരണമോ രാജിയോ അയോഗ്യതയോ മൂലമുള്ള വിടവ് ആറു മാസത്തിനകം നികത്തണമെന്ന ചട്ട പ്രകാരമാണ് ഉപ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. 
 
കുട്ടനാട്ടിലും ചവറയിലും ഈ ചട്ടപ്രകാരമാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലേയും ജനപ്രതിനിധികള്‍ മരിച്ചിട്ട് ആറു മാസം പിന്നിട്ടു. എന്നാല്‍ പകരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം കാലാവധി കിട്ടാത്ത സാഹചര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കാം. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുകയാണെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് ഒരു വര്‍ഷം കാലാവധി കിട്ടില്ല. എട്ടു മാസമേ ഉണ്ടാകൂ. 2021 മെയ് മാസത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത്.

ഇനി തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക വശം കൂടി പരിശോധിച്ചാല്‍ ഇപ്പോഴത്തെ ഉപ തിരഞ്ഞെടുപ്പിനെ ദുര്‍ച്ചെലവായിട്ടേ കാണാനാവൂ. കോവിഡ് മൂലം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി നില്‍ക്കുന്ന രാജ്യത്തിന് ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിന് കുറഞ്ഞത് 50 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ഓരോ രാഷ്ട്രീയ മുന്നണികള്‍ക്കും ഓരോ മണ്ഡലത്തില്‍ കുറഞ്ഞത് അഞ്ചു കോടി രൂപ വീതം ചെലവ് വേറെ. അതു കൂടി കൂട്ടുമ്പോള്‍ കുട്ടനാട്ടിലും ചവറയിലും കൂടി മുപ്പതു കോടി രൂപ ഇതിനു പുറമേ വേണം. ആകെ 80 കോടി രൂപ.

പണത്തിന് ഞെരുക്കത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഈ സാമ്പത്തിക ദുര്‍ച്ചെലവ് വേണോ എന്നും ആലോചിക്കണം. മറ്റൊന്നു കൂടി, കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കണം. അതിന് വന്‍ ചെലവും മനുഷ്യ പ്രയത്നവും വേണ്ടതുണ്ട്. തൊട്ടു പിന്നാലെയാണ് മറ്റൊരു ജനവിധി തേടല്‍. 

നിയമം കീറിമുറിക്കുന്നതിനൊപ്പം അല്‍പ്പം പ്രായോഗിക ചിന്ത കൂടി ഉള്ളവര്‍ ഈ സ്ഥാപനങ്ങളിലുണ്ടെങ്കില്‍ ഇപ്പോള്‍ ഈ പരീക്ഷണത്തിനു മുതിരില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലാണ് കാര്യങ്ങളെ കാണുന്നതെങ്കില്‍ ഇത് നടത്താതെ അടങ്ങുകയുമില്ല. എന്തിനോ വേണ്ടി കുറെ പണം ചെലവഴിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പ്രായഭേദമില്ലാതെ ജനങ്ങളെ തെരുവിലിറക്കാം. അങ്ങനെ കോവിഡ് വ്യാപനത്തിന് ഒരു കൈ സഹായം നല്‍കാം.

ജനഹിതമല്ലേ ജനാധിപത്യം. ഇത് ചോദ്യം ചെയ്യാന്‍ മറ്റാരുമില്ലെങ്കില്‍ ജനങ്ങള്‍ക്ക് മുന്നോട്ട് വന്നു കൂടെ, അനവസരത്തിലെ തിരഞ്ഞെടുപ്പ് എന്നു തോന്നുന്നവര്‍ക്ക് അതു തുറന്നു പറയാമല്ലോ. കോടതിയില്‍ ഒന്നു ചോദ്യം ചെയ്യുകയെങ്കിലുമാവാമല്ലോ.

 


Ad Image