സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വിക്കിപീഡിയയിലെ പേജുകള്‍ ഇനി സ്മാര്‍ട്ട് ഫോണോ ടാബ്ലെറ്റ് പി.സിയോ ഉപയോഗിച്ചു തിരുത്താം. ആര്‍ക്കും എവിടേയും ഏതുസമയത്തും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ചെയ്യാമെന്ന വിക്കിപീഡിയയുടെ പ്രത്യേകത അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്ണ്ണമാകുകയാണ് ജൂലൈ 24 ബുധനാഴ്ച അവതരിപ്പിച്ച ഈ സേവനത്തിലൂടെ.
സെല്ഫോണുകളിലൂടെ വിക്കിപീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം 15 ശതമാനം കടന്നതാണ് തിരുത്തല്‍ സേവനം മൊബൈല്‍ ഉപകരണങ്ങളിലും കൊണ്ടുവരാന്‍ വിക്കിമീഡിയ ഫൌണ്ടേഷനെ പ്രേരിപ്പിച്ചത്. വിക്കിമീഡിയ അക്കൌണ്ട് ഉള്ള ആര്‍ക്കും ഇനി പേജിലെ പെന്‍സില്‍ ബട്ടണ്‍ ഉപയോഗിച്ച് വിക്കിപീഡിയയിലേയും അനുബന്ധ സേവനങ്ങളിലേയും വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തലോ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകളോ വരുത്താം. നിലവില്‍ ഡസ്ക്ടോപ് കംപ്യൂട്ടര്‍ ഉപയോഗിച്ച് മാത്രമേ തിരുത്തല്‍ സാധ്യമായിരുന്നുള്ളൂ. ഫൌണ്ടേഷന്റെ ബ്ലോഗില്‍ വിക്കിപീഡിയ മൊബൈല്‍ വെബ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ജൂലിയസ് ഗോണേറയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിക്കിപീഡിയ എഡിറ്റര്മാരാകാന് സാധിക്കും.
ഒപ്പം, ഡാറ്റ ചിലവുകള്‍ ഇല്ലാതെ മൊബൈല്‍ ഫോണില്‍ വിക്കിപീഡിയ പേജുകള്‍ ലഭ്യമാകുന്ന പദ്ധതി വിക്കിപീഡിയ സീറോ ഇന്ത്യയിലും അവതരിപ്പിച്ചു. ടെലികോം സേവനദാതാവായ എയര്‍സെല്ലുമായി സഹകരിച്ചാണ് പദ്ധതി. ഇതോടെ ആറുകോടിയോളം വരുന്ന എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ സൗജന്യമായി വിക്കിപീഡിയ ഉപയോഗിക്കാം. ഇതോടെ ലോകമെങ്ങും ഈ സേവനം ലഭ്യമാകുന്നവരുടെ എണ്ണം 47 കോടിയായി.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ജൂണ്‍ 2013-ലെ കണക്കുകള്‍ അനുസരിച്ച് 7.7 കോടിയോളമാണ്. എന്നാല്‍ ജപ്പാനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ മാറിയ ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്ന പ്രവണതയാണ് കാണുന്നത്. വിക്കിപീഡിയ സീറോ പോലുള്ള പദ്ധതികള്‍ ഇത് ശക്തമാക്കുമെന്ന് വിക്കിമീഡിയ ഫൌണ്ടേഷന്റെ മൊബൈല്‍ പാര്‍ട്ണര്‍ഷിപ്പ്സ് സീനിയര്‍ മാനേജര്‍ അമിത് കപൂര്‍ പറയുന്നു.