Skip to main content

സ്വർണ്ണക്കള്ളക്കടത്തു കേസിൽ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന് മാതൃഭൂമി റിപ്പോർട്ട്. സംസ്ഥാന ഭരണത്തിൽ സ്വാധീനമുള്ള ഉന്നതനാണ് ഈ നേതാവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആരാണ് ഈ നേതാവെന്ന അന്വേഷണത്തിൽ തല പുകയ്ക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും മാധ്യമ സമൂഹവും.

സംസ്ഥാന മന്ത്രിസഭയിലെ രണ്ടുപേരെയും സി.പി.എമ്മിലെ ഒരു പ്രമുഖനെയും ചുറ്റിപ്പറ്റിയാണ് കഥകൾ. ഒപ്പം ഒരു പ്രമുഖ വ്യവസായിയുടെ പേരും സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിലേക്ക് സ്വപ്ന അയച്ച കത്തിന്റെ കോപ്പി പ്രമുഖ വ്യവസായിക്കുo വച്ചിട്ടുണ്ട്. കോൺസുലേറ്റിനുള്ള കത്തിൽ വ്യവസായിക്ക് എന്ത് പങ്ക് എന്നതിലേക്കും അന്വേഷണം നീളേണ്ടതുണ്ട്.

സമീപകാലത്ത് യു.എ.ഇ.യിൽ നടന്ന രണ്ട് മലയാളികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും എൻ.ഐ.എ. അന്വേഷിക്കുമെന്നാണ് സൂചന . കോടിയേരി ബാലകൃഷ്ണന്റെ മകൻ ഉൾപ്പെട്ടതാണ് ഒരു കേസ്. മറ്റൊന്ന് തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ്. രണ്ട് കേസുകളിലും സ്വപ്നയുടെ ഇടപെടലുണ്ടായിട്ടുണ്ടോ , ഉണ്ടെങ്കിൽ ആരുടെ താല്പര്യപ്രകാരം എന്നിവയാണ് അന്വേഷിക്കുക.

ദുബായിലേക്ക് പോകാൻ കേന്ദ്ര അനുമതി തേടിയിരിക്കുകയാണ്അന്വേഷണ സംഘം. അവിടെയുള്ള ഫാരിസ് ഫൈസലിന്നെ ഇന്ത്യയിലെത്തിക്കും. നയതന്ത്ര ബാഗേജ് സംബന്ധിച്ച് യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെ യിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമം നടത്തും.

സ്വപ്നയുടെ മൊഴിപ്പകർപ് ചേർത്ത ഡയറി അന്വേഷണ സംഘം കേസിന്റെ പുരോഗതിക്കിടെ കോടതിയിൽ സമർപ്പിച്ചത് അസാധാരണ നടപടിയാണ്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കേരള പോലീസ് ചോദ്യം ചെയ്യാനിരിക്കുന്ന സ്വപ്ന ,  പിന്നീട് സമ്മർദ്ദത്തെ തുടർന്ന് മൊഴിമാറ്റാനുള്ള സാധ്യത അന്വേഷണ സംഘം മുൻകൂട്ടി കാണുന്നു. അത് തടയുക എന്നതാണ് കേസ് ഡയറി കോടതിക്ക് കൈമാറിയതിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

 


Ad Image