കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന വാക്കാണ് ധാര്‍മ്മികത. പ്രത്യേകിച്ച് റേറ്റിങ്ങില്‍ ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകള്‍. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്നവിധത്തിലാണ് ഈ ചാനലുകളുടെ പ്രവര്‍ത്തനം. തങ്ങളെ ആരെയും ചോദ്യം ചെയ്യാന്‍ പാടില്ല, അങ്ങനെ ചെയ്താല്‍ അവരെ പിന്തിരിപ്പന്മരാരും മൂരാച്ചികളുമൊക്കെയാക്കിക്കളയും. അതായത് തങ്ങളെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നാല്‍ ഞങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കും എന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. കടുത്തമത്സരമിപ്പോള്‍ നേരിടുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് തന്നെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ന്യൂസ് ചാനല്‍. ഈ ചാനലിന്റെ സ്റ്റാര്‍ അവതാരകനാണ് വിനു വി ജോണ്‍. അദ്ദേഹം കഴിഞ്ഞ ദിവസം ന്യൂസ് അവറില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. അത് ഇവിടെ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത്രയ്ക്ക് തരംതാണ പരാമര്‍ശമായിരുന്നു അത്. സി.പി.എം വളരെ നിശിതമായിട്ടാണ് ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്. എന്നിട്ടും തുടര്‍ന്നും വിനു തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നിന്നു.
മുമ്പ് പറഞ്ഞ മുന്‍നിര ചാനലുകള്‍ മുനുഷ്യാവകാശത്തിന്റെയും സ്വകാര്യതയുടെയും ഒക്കെ വലിയ വക്താക്കളാണ്. ആധാര്‍ വിഷത്തിലും ഡേറ്റാ വിവാദത്തിലും എല്ലാം ആ നിലപാട് നാം കണ്ടതാണ്. പക്ഷേ റേറ്റിങ്ങിന് പിന്നാലെ ഓടുമ്പോള്‍ അവര്‍ക്കിതൊന്നും ബാധമകമല്ല താനും. അതിനേറ്റവും അവസാനത്തെ ഉദാഹരണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത സമയത്തെ പ്രകടനമാണ്. ശരിയാണ് കേരള ചരിത്രത്തിലാദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഒരാളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതും തുടര്‍ച്ചയായി 10 മണിക്കൂറോളം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കും എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് വാര്‍ത്താപ്രാധാന്യമുള്ള സംഭവം തന്നെയാണ്. പക്ഷേ അതിന്റെ പേരില്‍ ശിവശങ്കറിന്റെ വീട്ടിലേക്ക് ക്യാമറ തിരുകുന്നത് എന്തിനാണ്? അതിന്റെ പ്രസക്തിയെന്താണ്? ശിവശങ്കറിന്റെ വീടും പരിസരവും ആ വ്യക്തിയെ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. അവിടെ ഭാര്യയുണ്ടാകും മക്കളുണ്ടാകും മറ്റ് ബന്ധുക്കളുണ്ടാകും. മാത്രമല്ല ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് ഓഫീസില്‍ വച്ചാണ്. അവിടെ നിന്ന് ലൈവ് കൊടുക്കുന്നതും വിഷ്വലെടുക്കുന്നതും സ്വാഭാവികം. പക്ഷേ ശിവശങ്കറിന്റെ വീടിനെയും വീട്ടുകാരെയും അതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്? ശിവശങ്കറിന്റെ സ്വകാര്യതയെ വിട്ടേക്കാം, അയാളുടെ കടുംബത്തിലെ അംഗങ്ങളുടെ സ്വകാര്യതയും മനുഷ്യാവകാശത്തെയും മാനിക്കേണ്ടേ.
ഇക്കാര്യം പ്രധാനമായും ഓര്‍ക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഏഷ്യാനെറ്റും മാതൃഭൂമിയുമാണ്. കാരണം അവരുടെ അവതാരകരാണ് പലപ്പോഴും ധാര്‍മ്മികതയുടെ പേരില്‍ അതിവൈകാരിക പ്രകടനങ്ങള്‍ നടത്തിവരുന്നത്. ശിവശങ്കര്‍ തെറ്റുകാരനാണെങ്കില്‍ പരമാവധി ശിക്ഷതന്നെ അയാള്‍ക്ക് കിട്ടണം. പക്ഷേ കുടുംബാഗങ്ങള്‍ക്കെതിരെ ഇതുവരെ ഒരാരോപണവുമില്ല. പക്ഷേ ക്യാമറ തിരുകല്‍ വഴി അവരും പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുകാണ്. ശിവശങ്കറിന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ റോഡിലിറങ്ങാന്‍ പോലും ഭയക്കുന്നുണ്ടാകും. ശിവശങ്കറിന്റേത് ഒരു ഉദാഹരണം മാത്രം ഇതുപോലെ എത്രയെത്ര സംഭവങ്ങളുണ്ടായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന നിലയാണിപ്പോള്‍ കേരളത്തില്‍. ഇതിന് അറുതിവരുത്തണം. അല്ലാത്ത പക്ഷം ജനം കല്ലെറിയുന്ന ഒരു ദിവസം വരും. ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ അതിന്റെ തുടക്കം പ്രകടമായിട്ടുണ്ട്