സോളാര്‍ കേസും സ്വര്‍ണ്ണക്കടത്തുകേസും തമ്മില്‍ താരതമ്യമുണ്ടോ? സംശയലേശമന്യേ പറയാം ഈ രണ്ട് കേസും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടാം സരിതയെന്ന വിശേഷണത്തോടെയാണ് സ്വപ്ന കേസിനെ പലരും അവതരിപ്പിക്കുന്നത്. ശരിയാണ് രണ്ട് കേസുകളുടെയും ശ്രദ്ധാകേന്ദ്രം സ്ത്രീ തന്നെയാണ്. അതുകൊണ്ടാണ് ഈ രണ്ടുകേസുകളും ഇത്രയധികം പ്രകമ്പനമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ സരിതചെയ്ത കുറ്റത്തിന്റെ വ്യാപ്തിയും സ്വപ്നയും കൂട്ടരും ചെയ്ത കുറ്റത്തിന്റെ വ്യാപ്തിയും ഒരു തരത്തിലും സാമ്യപ്പെടുന്നില്ല. സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനമുപയോഗിച്ചുകൊണ്ട് ചിലരെ കബിളിപ്പിക്കുകയും മറ്റ് ചിലരെ കബിളിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അതില്‍ അല്പം അവിഹിതം കൂടി കലര്‍ന്നപ്പോള്‍ അതങ്ങ് കത്തിപ്പടര്‍ന്നു. കോണ്‍ഗ്രസ് വാദിക്കുന്നതുപോലെ സോളാര്‍ സംഭവം കൊണ്ട് സര്‍ക്കാര്‍ ഘജനാവിന് നഷ്ടമുണ്ടായിട്ടുമില്ല. സരിത ഇപ്പോഴും പുറത്ത് തന്നെയാണ്.
സ്വപ്നയുടെ കേസിലേക്ക് വന്നാല്‍, ഒറ്റ നോട്ടത്തില്‍ തന്നെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. അതും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യചെയ്യപ്പെടുന്ന കുറ്റം. കേവലം ഒരു സ്വര്‍ണക്കടത്ത് മാത്രമല്ല നടന്നിരിക്കുന്നത്. നയതന്ത്ര ചാനലിനെ ദുരുപയോഗം ചെയ്ത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന വിധമാണ് ഇവിടെ സ്വര്‍ണം കടത്തിയരിക്കുന്നത്. ഇത്തരം പ്രവര്‍ത്തിയില്‍ സ്വപ്ന ഏര്‍പ്പെട്ടത് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ടാണെന്നതും ഏറെ ഗൗരവമര്‍ഹിക്കുന്നു. അതുമാത്രമല്ല മുഖ്യമന്ത്രിയുടെ ഒഫീസുമായും മറ്റ് മന്ത്രിമാരുമായും ഇവര്‍ ഫോണില്‍ നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു. അതിന് അവിഹിതത്തിന്റെ മാനമല്ല ഉള്ളത്. അതിനപ്പുറം സംസ്ഥാന സര്‍ക്കാര്‍ ഒന്നടങ്കം രാജ്യദ്രോഹപ്രവര്ത്തികള്ക്ക് കുടപിടിച്ചോ എന്നതാണ് ചോദ്യം.