Skip to main content

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ കുരുക്കു മുറുകിക്കൊണ്ടിരിക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സി.പി.എമ്മിനുള്ളില്‍ തിരക്കിട്ട ആലോചന. പാര്‍ട്ടിക്കും മേലെ വളര്‍ന്ന പിണറായി, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പാര്‍ട്ടിക്കാരെ അപ്പാടെ അടിച്ചിറക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്ന അഭിപ്രായമുള്ളവര്‍ നേതൃതലത്തില്‍ തന്നെയുണ്ട്. ഇതിന് പരിഹാരമായി അവര്‍ നിര്‍ദ്ദേശിക്കുന്നത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഒരാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല നല്‍കണമെന്നാണ്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നത് ചെറുക്കാനാവും എന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി ഇത്ര കാലം പറഞ്ഞതിനും പഠിപ്പിച്ചതിനും വിപരീതമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയെ അകറ്റി നിര്‍ത്തി എല്ലാ ജോലികളും കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന് വിടുകയാണ്. സ്പ്രിംഗ്ലര്‍ വിവാദം, ഇ മൊബിലിറ്റി വിവാദം എന്നിവയിലൂടെ ഇപ്പോള്‍ സ്വപ്ന സുരേഷ് ആക്ഷേപത്തില്‍ വരെ മുഖ്യമന്ത്രിയുടെ ഓഫീസ് വലിച്ചിഴക്കപെട്ടത് കണ്‍സള്‍ട്ടന്‍സി കുരുക്കില്‍പ്പെട്ടിട്ടാണ്. എല്‍.ഡി.എഫ് പിന്തുണയോടെ ഒന്നാം യു.പി.എ. ഭരണകാലത്ത് കേന്ദ്ര ധനകാര്യ ഉപസമിതിയിലുണ്ടായിരുന്ന പാര്‍ട്ടി സാമ്പത്തിക വിദഗ്ദ്ധരായ പ്രഭാത് പട്‌നായിക്കും ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമെല്ലാം കണ്‍സള്‍ട്ടന്‍സിക്കെതിരായിരുന്നു. ഇത്തരം ഏജന്‍സികള്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനേ ഉപകരിക്കൂ എന്നായിരുന്നു ഈ വിദഗ്ദ്ധര്‍ പാര്‍ട്ടി ക്ലാസുകളില്‍ വിശദീകരിച്ചിരുന്നത്.

ഇപ്പോള്‍ പിണറായി ഭരണത്തില്‍ അത് നേരില്‍ കാണാനായി എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ദുരന്തം . ഇതിനെതിരെ ആര് ശബ്ദമുയര്‍ത്തുമെന്ന ചോദ്യമാണ് പ്രസക്തം. അടക്കം പറയുന്ന നേതാക്കള്‍ പിണറായിയുടെ മുമ്പില്‍ കവാത്ത് മറക്കും. ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തിനു പോലും പിണറായിയോട് നേരിട്ട് കാര്യം പറയാനുള്ള ശേഷിയില്ല.കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചാല്‍ പാര്‍ട്ടി പിന്തുണയില്ലാതെ പ്രതിരോധം അസാധ്യമാകും. ആ സമയം മുഖ്യമന്ത്രിക്ക് മേല്‍ പിടിമുറുക്കാന്‍ പാര്‍ട്ടിക്ക് അവസരമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Ad Image