ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മന് കി ബാത്തില്‍. അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരരായ രക്തസാക്ഷികള്‍ക്ക് ഇന്ത്യ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ എപ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നു. അവരുടെ ധീരത എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികള്‍ എപ്പോള്‍ അവസാനിക്കുമെന്നാണ് ആളുകളിപ്പോള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിരവധി വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്ന് അവര്‍ കരുതുന്നു. ഇവിടെ നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം പക്ഷേ നമ്മള് എല്ലായിപ്പോഴും അവയെ മറികടന്നുവെന്ന് ചരിത്രം കാണിക്കുന്നു. വെല്ലുവിളികള്‍ക്ക് ശേഷം നമ്മള് കൂടുതല്‍ ശക്തരായിട്ടുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ അണ്‍ലോക്ക് ഘട്ടത്തില്‍ നമ്മള് കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണം. നിങ്ങള്‍ മാസ്ക് ധരിക്കുന്നില്ല സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പാലിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ നിങ്ങളെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. അതുകൊണ്ട് അശ്രദ്ധരായിരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രധാനമന്ത്രി മന് കീ ബാത്തില്‍ പറഞ്ഞു.