Skip to main content
Ad Image

 

കമ്പിത്തപാലിന്റെ 163 വര്‍ഷം നീണ്ട സേവനത്തിന് ജൂലായ്‌ 14 ഞായറാഴ്ച പൂര്‍ണ്ണവിരാമത്തിന്റെ ദിവസം. വരുമാനത്തിലെ വന്‍ ഇടിവിനെ തുടര്‍ന്ന് കമ്പിത്തപാല്‍ സേവനം അവസാനിപ്പിക്കുന്നതിന് ബി.എസ്.എന്‍.എല്‍ തീരുമാനിച്ചതോടെ വാര്‍ത്താവിനിമയത്തിന്റെ ഒരു കാലചക്രം കൂടിയാണ് പൂര്‍ണ്ണമാകുന്നത്. കമ്പിയായെത്തുന്ന പോസ്റ്റ്മാന്‍ പലപ്പോഴും ഒരു അപകട സൂചനയായിരുന്നുവെങ്കിലും മൊബൈല്‍ ഫോണുകള്‍ സര്‍വ്വവ്യാപിയാകുന്നതിന് മുന്‍പുള്ള കാലഘട്ടത്തില്‍ രാജ്യത്തിന്റെ കോണുകളിലേക്ക് സന്ദേശങ്ങള്‍ അടിയന്തരമായി എത്തിച്ചിരുന്ന ഈ സേവനം ജീവിതത്തിന്റെ ആകസ്മികതകളുടെ തന്നെ ഒരു പ്രതിനിധാനമായിരുന്നു.

 

ജനനവും മരണവും, തൊഴിലവസരവും, ഒളിച്ചോട്ടവും എല്ലാം ചേര്‍ന്ന വൈകാരികതയുടെ ഒരാവരണം എപ്പോഴും കമ്പിത്തപാലിന് ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കമ്പിയുണ്ടെന്ന്‍ പോസ്റ്റ്മാന്‍ പറയുന്ന നിമിഷം ആകാംക്ഷ നമ്മിലേക്ക് കയറിവന്നിരുന്നത്. സന്ദേശത്തിന് പിന്നാലെയുളവാകുന്ന വൈകാരിക പ്രതികരണങ്ങളുടെ ആഴം കൂട്ടിയിരുന്നത് ഈ ആകാംക്ഷയായിരുന്നു. നിമിഷം തോറുമെന്നോണം എത്തുന്ന എസ്.എം.എസുകളും, പുതുക്കപ്പെടുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകളും വേഗത്തില്‍ പിന്നിലാക്കിയെങ്കിലും കമ്പിത്തപാല്‍ സൃഷ്ടിച്ച വൈകാരിക ആകാംക്ഷ ജനിപ്പിക്കാന്‍ കഴിഞ്ഞില്ല. കമ്പിത്തപാല്‍ ഇത്രകാലവും നിലനിന്നതിന്റെ കാരണവും സമൂഹത്തിന്റെ വൈകാരികതയുടെ ഭാഗമായി മാറാന്‍ അതിന് കഴിഞ്ഞു എന്നതുതന്നെയാണ്.       

 

പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം സ്വാഭാവികമായി മാറിയ രാജ്യത്ത് മാറ്റമില്ലാതെ നിന്ന ഒന്നുകൂടിയായിരുന്നു കമ്പിത്തപാല്‍ നിരക്കുകള്‍. 2011 മെയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന – 50 വാക്കുകള്‍ക്ക് 27 രൂപ – 60 വര്‍ഷങ്ങള്‍ക്കിടെ കൊണ്ടുവന്ന ആദ്യ വര്‍ധനയായിരുന്നു. എന്നാല്‍, ഈ വര്‍ധനക്കും രക്ഷിക്കാവുന്നതിനുമപ്പുറമായിരുന്നു കമ്പിത്തപാലിന്റെ നഷ്ടക്കണക്കുകള്‍ 75 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഈ സേവനം നിലനിര്‍ത്തുന്നതിന് 100 കോടിയില്‍പ്പരം രൂപയാണ് ബി.എസ്.എന്‍.എല്‍ ചെലവാക്കുന്നത്. അതൊകൊണ്ടുതന്നെ എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്.

 

പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വൈദ്യുത കമ്പിത്തപാല്‍ ലൈന്‍ തുറക്കുന്നത് 1850-ല്‍ കൊല്‍ക്കത്തക്കും ഡയമണ്ട് ഹാര്‍ബറിനും ഇടയിലാണ്. അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കമ്പിത്തപാല്‍ ഉപയോഗിച്ചുതുടങ്ങി. 1854-ലാണ് പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമായത്. ഒന്നര നൂറ്റാണ്ടിനിടയില്‍ മോഴ്സ് കോഡില്‍ നിന്ന് ടെലക്സ് മെഷിനുകളിലേക്കും ടെലിപ്രിന്ററുകളിലേക്കും പിന്നീട് ഇലക്ട്രോണിക് പ്രിന്ററുകളിലേക്കും കംപ്യൂട്ടറുകളിലേക്കും സാങ്കേതിക വിദ്യ വഴിമാറി. മൂന്ന്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് വരെ 45,000 സേവനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന്‍ 75 എണ്ണമാണ് അവശേഷിക്കുന്നത്. 1000-ത്തില്‍ താഴെ ജീവനക്കാരും.

Ad Image