Skip to main content

ഡല്‍ഹി കലാപത്തിന് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. കലാപത്തിന് ഇരയായവരും ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. 

പൗരത്വനിയം ഭേദഗതിക്കെതിരായ് നടക്കുന്ന സമരങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര വിദ്വേഷ പ്രസംഗം നടത്തിയതിന് തൊട്ട് പിന്നാലെയാണ് കലാപം നടന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂരും ബി.ജെ.പി നേതാവ് പര്‍വേഷ് വര്‍മയും നടത്തിയ പരിപാടിക്കിടെ ഗോലി മാരോ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. ഇത് ഡല്‍ഹിയില്‍ വര്‍ഗ്ഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. 

ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇടുക്കാന്‍ ഏപ്രില്‍ 13 വരെ ഡല്‍ഹി പോലീസിന് ഹൈക്കോടതി സമയം നീട്ടി നല്‍കിയിരുന്നു. കലാപം നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചിരുന്നു.  

Tags