Skip to main content
Ad Image

അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ വാഹന വിപണി. ഇതിന്റെ പ്രഖ്യാപനമാണ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കണ്ടത്. എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ഇവയില്‍ പല മോഡലുകളും ഈ വര്‍ഷം തന്നെ വിപണിയിലെത്തും.

ടാറ്റയുടെ വാഹനങ്ങളാണ് ഓട്ടോ എക്സ്പോയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇലക്ട്രിക് ബസ് മുതല്‍ ഇലക്ട്രിക് കാര്‍ വരെ അവര്‍ അവതരിപ്പിച്ചു. ഇതില്‍ ആള്‍ട്രോസ് ഇ.വിയ്ക്കും സിയറ ഇ.വിയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതു പോലെ ഇന്ത്യന്‍ കാര്‍ വിപണി അടക്കി വാഴുന്ന മാരുതിയും ഇലക്ട്രിക് യുഗത്തിലേക്ക് നീങ്ങുകയാണ്. അവര്‍ അവതരിപ്പിച്ച ഫ്യൂച്ചറോ കണ്‍സപ്റ്റ് വലിയ ശ്രദ്ധനേടി. അതുപോലെ മറ്റ് പ്രമുഖ കമ്പനികളായ മഹീന്ദ്രയും, റെനോള്‍ട്ടും, വോക്സ് വാഗനും, കിയയും, എം.ജിയും ഒക്കെ തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ചു.

ഇത് വന്‍ ചലനങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിയിലുണ്ടാക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ഡീസല്‍ വാഹനങ്ങളോട് ജനങ്ങള്‍ അകലം പാലിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ ഡീസല്‍ കാറുകള്‍ ക്രമേണ ഇന്ത്യയില്‍ അപ്രത്യക്ഷമാകും. അതുവഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കാന്‍ സാധിക്കും. ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ട് നിറയാനാണ് സാധ്യത. നിലവില്‍  പലരും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നതിന് കാരണം വിലയും, വാഹനം ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇത്തരം വാഹനങ്ങള്‍ക്ക് എത്രത്തോളം സുരക്ഷയുണ്ട് എന്ന സംശയംകൊണ്ടുമാണ്. എന്നാല്‍ 2020 അവസാനത്തോടെ ഈ സാഹചര്യം മാറും. കാരണം എല്ലാ കമ്പനികളും ഇലക്ട്രിക്കിലേക്ക് നീങ്ങുമ്പോള്‍ വിപണിയില്‍ മത്സരം കടുക്കും. അതിനാല്‍ സ്വാഭാവികമായും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. ഒപ്പം മികച്ച ഫീച്ചറുകളും നല്‍കേണ്ടി വരും. പ്രധാന പ്രശ്നമായ ചാര്‍ജ്ജിങ്ങിനും ഒരു പരിധിവരെ ഈ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരമുണ്ടാകും. കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനുവേണ്ടി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിച്ചുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലെ വമ്പന്മാരായ ടെസ്ല ഇപ്പോള്‍ വാഹനത്തിന്റെ റൂഫില്‍ സോളാര്‍ പാനലുകള്‍ വച്ച് ഓട്ടത്തില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അതുകൂടി വരുന്നതോടെ ചാര്‍ജ്ജിങ് എന്ന പ്രശ്നവും പരിഹരിക്കപ്പെട്ടേക്കാം

Ad Image