വര്‍ത്തമാനകാല കേരളത്തിന്റെ പുരോഗമന മനസ്സെന്ന് മുദ്രകുത്തപ്പെട്ട ഒരു സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഗഹനമായ പഠനം ആവശ്യപ്പെടുന്ന ചിത്രമാണത്. അതൊരു സിനിമാനിരൂപണത്തില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല. സിനിമയുടെ ഓരോ വശങ്ങളും സൂക്ഷമമായി വിശകനം ചെയ്യുന്ന ഒരു പരമ്പര യാണിത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ രണ്ടുവിധത്തിലുള്ള ശക്തമായ അഭിപ്രായങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും. കൂടുതലും അനുകൂലിച്ചുകൊണ്ടുള്ളവ. അനുബന്ധമായി തുറന്ന ലൈംഗിക ചര്‍ച്ചകളിലേക്കും നീങ്ങുന്ന കുറിപ്പുകള്‍ വേറെ ധാരാളം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ വളരെ അധികം പിന്തുണക്കുന്നവരുടെ ഭാഗത്തു നിന്നാണ് പ്രായോഗിക ലൈംഗിക വിചാരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. അറിവു പകരല്‍ എന്നതനിപ്പുറം ഒരു കരഞ്ഞുതീര്‍ക്കലും ചെപ്പടിവിദ്യയിലൂടെ പുരോഗമനത്തിന്റെ വേഷമിട്ട് തന്‍പ്രചാരം ഉറപ്പാക്കാനുള്ള വ്യഗ്രതയും അതിലൊക്കെ കാണാന്‍ കഴിയുന്നുണ്ട്. എതിര്‍ത്തുകൊണ്ടുള്ള കുറിപ്പുകള്‍ സംവിധായകന് എതിരെയാണ് മുഖ്യമായും. ഇത് രണ്ടില്‍ നിന്നും മനസ്സിലാകുന്നത് മലയാളി സമൂഹത്തിന്റെ പൊതു മാനസിക അവസ്ഥയാണ്. അത് പരിതാപകരം തന്നെ.
വെറും തൊലിപ്പുറത്തിന് അപ്പുറത്തേക്ക് മലയാളി സമൂഹത്തിലെ വിദ്യാസമ്പന്നര്‍ക്ക് പോകാന്‍ കഴിയുന്നില്ല എന്നതിന്റെ സൂചകമാണിത്. വിദ്യാഭ്യാസവും വ്യക്തി വികാസവും തമ്മിലുള്ള അന്തരത്തെയും ഇത് രണ്ടും തുറന്നുകാട്ടുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ സംവിധായകന്‍ ജിയോ ബേബി പറഞ്ഞിരിക്കുന്നു തന്റെ സിനിമ കണ്ട് അതിന്റെ പേരില്‍ പത്ത് വിവാഹമോചനം നടക്കുന്നു എങ്കില്‍ തനിക്ക് അതിനേക്കാള്‍ വലിയ സംതൃപ്തി വേറെയില്ലെന്ന്. ഇത് ആ സംവിധായകന്റെ മനോനിലയെ മാത്രമല്ല പ്രകടമാക്കുന്നത്. അത്തരത്തിലൊരു പ്രസ്താവന പുരോഗമനപരമായി കേരളത്തില്‍ കൊണ്ടാടപ്പെടും എന്ന ബോധ്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇവ്വിധം പറയിപ്പിച്ചത്.
ഈ സംവിധായകന്റെ മാനസികാവസ്ഥയ്ക്കും ഒരു പ്രതിനിധ്യസ്വഭാവമുണ്ട്. കേരളത്തിന്റെ അംഗീകരിക്കപ്പെട്ട പുരോഗമന-ബുദ്ധിജീവി സമൂഹത്തിന്റെ. ഇത്തരമൊരു സാമൂഹിക ബോധ്യം സൃഷ്ടിച്ചെടുത്തത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാണ്. മറ്റു മനുഷ്യരുടെ ജീവിതം തകരുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു, ഈ സംവിധായകന്റെ മനസ്സ്. ഒരു പക്ഷേ, ഇത്തരത്തില്‍ ഉളള മനസ്സിന്റെ ഉടമയായതിനാലാകണം അദ്ദേഹത്തിന്റെ സിനിമ തെല്ലും പ്രതിഭാ സ്പര്‍ശമില്ലാതെയായിപ്പോയത്.
ഒരു വിവാഹബന്ധം വേര്‍പെടുത്തുന്നത് വര്‍ത്തമാന കേരളത്തില്‍ നിഷ്പ്രയാസം സാധ്യമാണ്. അതിന് പ്രതിഭയുടെ ആവശ്യമില്ല. പ്രതിഭാരാഹിത്യം മാത്രമുണ്ടായാല്‍ മതി. മൂന്ന് മക്കളുള്ള വിദ്യാസമ്പന്നയായ അമ്മ മക്കളെ മൂന്നുപേരെയും കൊന്ന് കാമുകനോടൊപ്പം ഓടിപ്പോവുക, മക്കളെ ഉപേഷിച്ച് യുവതി കാമുകനൊപ്പം പോവുക തുടങ്ങിയ വാര്‍ത്തകള്‍ ദിനം പ്രതിയെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ കാണാം. ഈ സംവിധായകന്റെ സാമൂഹിക അളവുകോല്‍ കൊണ്ടു നോക്കുകയാണെങ്കില്‍ അതൊക്കെ പുരോഗമനപരം. തീര്‍ച്ചയായും ഈ സിനിമയെ ശക്തമായി അനുകൂലിക്കുന്നവരും.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ അതിസൂക്ഷ്മ തലങ്ങള്‍, രതിയുള്‍പ്പടെ സര്‍ഗ്ഗാത്മകമായി സമീപകാലത്ത് വിജയകരമായി കൈകാര്യം ചെയ്ത സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. അതും തൊട്ടാല്‍ പൊള്ളുന്ന മതത്തിന്റെ പശ്ചാത്തലത്തില്‍. സക്കറിയ മുഹമ്മദ് എന്ന പ്രതിഭാശാലി തികച്ചും പ്രാദേശികവും മത ചട്ടക്കൂടുകളുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഒരു സാര്‍വ്വദേശീയ പ്രമേയം സിനിമയുടെ സൗന്ദര്യാത്മകതയിലുടെ പറയുകയായിരുന്നു. ശരിക്കും സ്ത്രീശക്തിയെ അതിന്റെ മൂര്‍ത്തമായ രീതിയില്‍ ആ സിനിമയില്‍ അനാവരണം ചെയ്യുകയായിരുന്നു. ഒപ്പം വര്‍ത്തമാന കാല പുരോഗമന - ബുദ്ധിജീവികളെയും ആ ചിത്രം പൊളിച്ചു കാണിക്കുന്നു. ആ സിനിമയെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ ആസ്വദിക്കാനുള്ള ശേഷി പോലും മലയാളിക്കില്ലാതെ പോയി. അതിനാല്‍ അതിലെ മതവിഷയമാണ് ബുദ്ധിജീവികള്‍ ചര്‍ച്ച ചെയ്തത്.
ഹലാല്‍ ലവ് സ്റ്റോറിയില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച സിറാജ് എന്ന കഥാപാത്രമുണ്ട്. ഒരു സിനിമാ സംവിധായകന്റേത്. ആ സിറാജിനെയാണ് എല്ലാ അര്‍ത്ഥത്തിലും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ സംവിധായകന്‍ ജിയോ ബേബി ഓര്‍മ്മിപ്പിക്കുന്നത്. വിവാഹ ബന്ധം വേര്‍പെട്ടു അതിന്റെ സംഘര്‍ഷത്തിലൂടെ വ്യക്തിപരമായി കടന്നുപോകുന്നയാളുമാണ് ആ സിനിമയിലെ സിറാജ്. അകന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നാകുന്നിടത്താണ് ആ സിനിമ അവസാനിക്കുന്നത്. അതേ സമയം ആ രംഗം മത ജീര്‍ണ്ണതയെ ഉയര്‍ത്തിക്കാട്ടി അതിലെ അര്‍ത്ഥശൂന്യതയും അനുവാചനിലേക്ക് അനായാസം നിക്ഷേപിക്കുന്നു. കലാമൂല്യം കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമയെന്ന നിലയിലും നേര്‍ വിപരീത ദിശയിലുള്ള സിനിമകളാണ് ഹലാല്‍ ലവ് സ്റ്റോറിയും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സ്ത്രീയെ ഏറ്റവും മോശമായ രീതിയില്‍ ചിത്രീകരിച്ച സിനിമയായിപ്പോയി.
(തുടരും)