ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ദേവികുളം ബ്‌ളോക്ക് പഞ്ചായത്തിലാണ് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 78.71 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത് 1958-ലാണ്. പഞ്ചായത്തിന്റെ വടക്ക് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തും, കിഴക്ക് തമിഴ്‌നാട് സ്റ്റേറ്റും, പടിഞ്ഞാറ് സേനാപതി, രാജകുമാരി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തും അതിരുകള്‍ പങ്കിടുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പൊതുവെ കുന്നിന്‍പ്രദേശങ്ങളും പുല്‍മേടുകളുമാണ്.
കിഴക്ക് ബോഡിമെട്ടു മുതല്‍ പതിനെട്ടാംപടി മെട്ടുവരെ നീണ്ടുകിടക്കുന്ന മതികെട്ടാന്‍ മലയുടെ ഏതാനും ഭാഗങ്ങളും അതിന്റെ താഴ്‌വാരങ്ങളും അതിനോടു ചേര്‍ന്നുകിടക്കുന്ന ചെറിയ ചെറിയ കുന്നുകളും അതിന്റെ ചരിവുകളും ചേര്‍ന്നതാണ് ശാന്തന്‍പാറയുടെ ഭൂപ്രകൃതി. മതികെട്ടാന്‍ മല, മുള്ളന്‍തണ്ട് മല, ശങ്കരപാണ്ഡ്യന്‍മെട്ട്, പതിനെട്ടാംപടിമെട്ട്, കഴുകക്കുളംമെട്ട് എന്നിവയാണ് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട മലകളും കുന്നുകളും. പഞ്ചായത്തിന്റെ ഏറ്റവും ഉയരം കൂടിയ പ്രദേശം 4700 അടി ഉയരമുള്ള കതകുകല്‍പ്പാറമെട്ടാണ്.
കൊടുമുടികളും കീഴ്ക്കാം തൂക്കായപാറകളും, കുന്നുകളും, താഴ്‌വാരകളും, ചെറിയ സമതലങ്ങളും, പുല്‍മേടുകളും നിറഞ്ഞ പ്രദേശമാണ് ദേവികുളം ബ്‌ളോക്ക് പഞ്ചായത്ത്. ഈ ബ്‌ളോക്കില്‍ ഉള്‍പ്പെടുന്ന മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍ എന്നീ ആറുപഞ്ചായത്തുകളും മലനാടുമേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്.
ഏലത്തോട്ട സംബന്ധമായ ജോലികളും തേയിലപ്പണിയും തടിപ്പണിയുമാണ് ശാന്തന്‍പാറ പഞ്ചായത്തിലെ ജനങ്ങളുടെ വരുമാന മാര്‍ഗം. തമിഴ്, മലയാളം എന്നിവയാണ് ശാന്തന്‍പാറയിലെ ജനങ്ങളുടെ സംസാര ഭാഷ. കുടിയേറി താമസിച്ചവരാണ് ഇവിടെ അധികവും. മഴക്കാലത്ത് ആണ് ഇവിടെ ഏറ്റവും കൂടുതല്‍ ജോലി ലഭിക്കുന്നത്. മഴ ആയാലും മഞ്ഞ് ആയാലും വേനലായാലും ഇവിടത്തെ ജീവിതം സുഖകരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ കേരളക്കരയെ ആകെ പിടിച്ചു കുലുക്കിയ പ്രളയം ഈ പ്രദേശത്തെ ബാധിച്ചിട്ടെയില്ല. എന്നാല്‍ മഴക്കാലത്ത് മരവും മറ്റും ഒടിഞ്ഞു വീണുള്ള അപകടങ്ങള്‍ ധാരാളമായി ഉണ്ടാവാറുമുണ്ട്. മഞ്ഞ് കാലത്ത് അതി കഠിനമായ തണുപ്പും കാറ്റും അനുഭവപ്പെടാറുണ്ടെങ്കിലും ഇവിടുത്തെ ജനങ്ങള്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
മഞ്ഞുകാലത്ത് ശാന്തന്‍പാറയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. ശാന്തന്‍പാറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പൂപ്പാറ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമാണ്. തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടം സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന കാഴ്ച തന്നെയാണ്. ചുറ്റും വനപ്രദേശമായതിനാല്‍ ഏത് വേനല്‍ക്കാലത്തും സുഖം പകരുന്ന കുളിര്‍ക്കാറ്റും ശാന്തന്‍പാറയിലെ പ്രത്യേകതയാണ്. തമിഴ്‌നാട് ബോര്‍ഡര്‍ ആയതിനാല്‍ ഭക്ഷ്യ സാധന ദൗര്‍ലഭ്യം ഇവിടെ അനുഭവപ്പെടാറില്ല.