കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ സ്‌ക്കൂളുകള്‍ തുറക്കാന്‍ പോകുന്നു. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പത്ത്, പ്ലസ് ടു ക്ലാസുകള്‍ ആണ് പുനരാരംഭിക്കുന്നത്. മാതൃകാപരമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യ ദിവസം ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിക്കേണ്ടത്. അതുപോലെ രാവിലെ ഒമ്പതിനോ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യ ഷിഫ്റ്റ്, ഒരു മണിക്കോ രണ്ട് മണിക്കോ ആരംഭിച്ച് നാല് മണിക്കോ അഞ്ച് മണിക്കോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റ്. സ്‌ക്കൂളിലെ ആകെയുള്ള കുട്ടികള്‍ ലഭ്യമാകുന്ന ക്ലാസ് മുറികള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് വേണം സ്‌ക്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍ എന്നിവയാണ് പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍.
സ്‌ക്കൂള്‍ തുറക്കുന്നതിനായി പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. കാരണം 50 ശതമാനം കുട്ടികളെയാണ് ആദ്യം പ്രവേശിപ്പിക്കുന്നത്. ഈ 50 ശതമാനത്തില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ നോക്കുമ്പോള്‍ ഒരു ക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാന്‍ പറ്റും ഇതിന് വേണ്ട സൗകര്യങ്ങള്‍ എല്ലാ സ്‌ക്കൂളുകളിലും ഉണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളുടെയെല്ലാം നിലവാരം ഒട്ടേറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും അപര്യാപ്തത ഏറെയുള്ള സ്‌ക്കൂളുകളും ഉണ്ടാകാം. കുട്ടികളുടെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ സ്‌ക്കൂളുകളിലും നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട ചില ശീലങ്ങളുടെ സ്വാധീനവും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമാണ്. പ്രവര്‍ത്തനക്ഷമവും പ്രായോഗികവുമായ ഒരു മാര്‍ഗനിര്‍ദേശത്തിലേക്ക് എങ്ങനെ എത്താം എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടത്. അതല്ല എങ്കില്‍ മിക്ക സ്‌ക്കൂളുകളിലും മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായിരിക്കും സംഭവിക്കുക. അത് വിദ്യാര്‍ത്ഥികളുടെ പൊതുബോധത്തെ വളരെ ദോഷകരമായി ബാധിക്കും. കാരണം നിയമം പാലിക്കപ്പെടാനുള്ളതല്ല അത് സാങ്കേതികമായി നിലനില്‍ക്കുന്നത് മാത്രമാണ് എന്ന ഒരു അവബോധം ഇപ്പോള്‍ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. പലപ്പോഴും കാണുന്ന നിയമവാഴ്ചയുടെ അഭാവം അതിന്റെ പ്രകടനമാണ്.
ഈ ഒരു സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു ഭാഗത്ത് പ്രഖ്യാപിക്കപ്പെടുകയും അത് പാലിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ഒക്കെ പാലിക്കപ്പെടാനുള്ളതല്ല അത് ഒരു മാമൂലു പോലെ ഉണ്ടാക്കുന്ന സങ്കല്‍പമാണ് എന്ന വളരെ വിനാശകരമായ ഒരു ബോധം കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. അങ്ങനെ സംഭവിച്ചാല്‍ കൊവിഡിനേക്കാള്‍ വളരെ അപകടകരമായ ഒരു വൈറസായിരിക്കും അവരുടെ സ്വഭാവത്തിലേക്ക് കടന്നു കയറുന്നത്. ഇതാണ് കൊവിഡിന് ശേഷം സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ക്രമീകരണങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വിനാശകരമായ ഘടകം എന്ന് പറയുന്നത്. ഇത് കൊറോണയെക്കാള്‍ അപകടകരമാണ്. അതിനാല്‍ തന്നെ പ്രവര്‍ത്തനക്ഷമവും പ്രായോഗികവുമായ ഒരു മാര്‍ഗനിര്‍ദേശത്തിലേക്ക് എങ്ങനെ എത്താം എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടത്.