Skip to main content

മേല്‍പ്പാലം പണിയുടെ പേരില്‍ കൊച്ചി നഗരവാസികളും കൊച്ചി നഗരത്തില്‍ എത്തുന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വര്‍ഷങ്ങളായി ചെറുതല്ല. പാലാരിവട്ടം മേല്‍പ്പാലം പണിക്കതുപോലെ തന്നെ വര്‍ഷങ്ങള്‍ കൊച്ചി നിവാസികളും അതുവഴി പോകുന്നവരും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. പാലം തുറന്ന് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാലം അടച്ചു. ഇപ്പോള്‍ വീണ്ടും ഇടിച്ചു പൊളിച്ച് പുതുതായിട്ട് പണിയുന്നു. 

അതിന് ശേഷം തുടങ്ങിയ കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലങ്ങള്‍ പണി പൂര്‍ത്തിയായിട്ട് നാളേറെയായി. ഇപ്പോഴും മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കുന്നില്ല. പ്രത്യക്ഷത്തില്‍ തുറന്ന് കൊടുക്കാത്തതിന് കാരണങ്ങള്‍ വ്യക്തവുമല്ല. അതേസമയം രാവിലെയും വൈകിട്ടും യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വിശേഷിച്ചും കുണ്ടന്നൂര്‍ ഭാഗത്ത്. മണിക്കൂറുകള്‍ ഇപ്പോഴും അവിടെ വാഹന ഗതാഗതം തടസ്സപ്പെടുന്നു. എന്തുകൊണ്ട് ഈ മേല്‍പ്പാലങ്ങള്‍ തുറക്കുന്നില്ല എന്നത് അധികൃതരോട് അന്വേഷിക്കുമ്പോള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറയുന്നുമില്ല. കാരണം വളരെ വ്യക്തമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി അതിനെ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാം എന്നുള്ള ചിന്ത ആയിരിക്കണം ഈ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് വൈകാന്‍ കാരണം. ഇതിന്റെ പേരില്‍ ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. പാലം തുറന്ന് കൊടുക്കാന്‍ വൈകുന്നിടത്തോളം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ അതൃപ്തി വര്‍ധിക്കുകയെ ചെയ്യൂ എന്നുള്ളത് സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതാണ് സര്‍ക്കാരിന് നേട്ടമുണ്ടാക്കുകയുള്ളൂ എന്നത് തിരിച്ചറിയേണ്ട വസ്തുതയാണ്.

Ad Image