അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ശാന്തന്‍പാറയിലെ ജനങ്ങളുടെ മുഖ്യ അജണ്ട തങ്ങളുടെ ജീവിത സൗകര്യങ്ങളല്ല. കക്ഷി രാഷ്ട്രീയമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാന്നിധ്യം വളരെ പരിമിതമായിരുന്നു. എന്നാല്‍ ഇക്കുറി ബി.ജെ.പി തിരഞ്ഞെടുപ്പ് രംഗത്തെ തീവ്രഘടകമായി മാറിയിരിക്കുന്നു.
ഉദാഹരണത്തിന് ശാന്തമ്പാറ പഞ്ചായത്തിലെ വാര്‍ഡ് 9. ഈ വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. എന്നാല്‍ ഇക്കുറി ശാന്തന്‍പാറ പഞ്ചായത്തിലെ 9-ാംവാര്‍ഡിനെ ശ്രദ്ധേയമാക്കുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പോരാട്ടമാണ്. 9-ാം വാര്‍ഡിലെ എസ്.എന്‍.ഡി.പി ശാഖാംഗങ്ങളെല്ലാം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം. അല്ലാത്തപക്ഷം അവരെ ശാഖയില്‍ നിന്ന് പുറത്താക്കും എന്നുള്ള തരത്തിലുള്ള രഹസ്യധാരണകളും നടക്കുന്നതായാണ് വിവരം.
9-ാം വര്‍ഡിലെ ജനസംഖ്യയില്‍ ഭൂരിപക്ഷ സാന്നിധ്യമുള്ള വിഭാഗങ്ങള്‍ ഈഴവ സമുദായവും ക്രിസ്തീയ സമുദായവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ പ്രധാനമായും ഇവിടെ മല്‍സര രംഗത്തുണ്ടായിരുന്നത് ഇടതു മുന്നണിയുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളായിരുന്നു. ഈ രണ്ട് ഭൂരിപക്ഷ സമുദായ അംഗങ്ങളും രണ്ട് മുന്നണിയിലുമുണ്ട്. ഇരു മുന്നണിയിലെ സമുദായങ്ങളിലെ വോട്ടര്‍മാരെ കൊണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.