Skip to main content

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പ്രാഥമിക റെയ്ഡില്‍ തന്നെ ആദായ നികുതിവകുപ്പ് കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേടുകളാണ്. കോടികളുടെ കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്റെ കാറില്‍ നിന്ന് മാത്രം 7 കോടിയാണ് പിടിച്ചത്. മൂന്ന് ദിവസം നീണ്ട റെയ്ഡിനിടെ അതിനാടകീയ സംഭങ്ങളും അരങ്ങേറുകയുണ്ടായി. റെയ്ഡിനിടെ സഭയുടെ വക്താവും മെഡിക്കല്‍ കോളേജ് മാനേജറുമായ ഫാദര്‍ സിജോ പണ്ടപ്പളളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഈ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഇത് തട്ടിപ്പറിച്ച് ഓടി. ഫോണുമായി ശുചിമുറിയില്‍ കയറിയ ഫാദര്‍ സിജോ ഇത് എറിഞ്ഞ് ഉടച്ച് ഫ്‌ളഷ് ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ പിന്നാലെ എത്തിയ ഉദ്യോഗസ്ഥര്‍ ഈ നീക്കം തടഞ്ഞു. റെയ്ഡിനിടെ ഒരു ജീവനക്കാരി പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ 6000 കോടി രൂപയോളമാണ് ബിലീവേഴ്സ് ചര്‍ച്ചിലേക്ക് വിദേശത്ത് നിന്ന് വന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊണ്ടുവന്ന ഈ പണം റിയല്‍ ഏസ്റ്റേറ്റുള്‍പ്പെടെയുള്ള  ഇടപാടുകളിലേക്ക് വഴിമാറ്റുകയും ചെയ്തെന്നാണ് നിലവില്‍ അന്വേഷണസംഘം വിലയിരുത്തുന്നത്. നേരത്തെ തന്നെ കെ.പി യോഹന്നാനെതിരെ വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെവിടെയും എത്തിയില്ല. അതിന് കാരണം കെപി യോഹന്നാന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ്. 

KP Yohannan

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം തൊട്ടേ പാര്‍ട്ടി വ്യത്യാസമില്ലാതെ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെയാണ് കെ.പി യോഹന്നാന് അടുപ്പക്കാരുള്ളത്. ഇവരെയെല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് ഇതുവരെ അദ്ദേഹം പിടിച്ച് നിന്നത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് പ്രത്യേകമായി അടുപ്പമുണ്ടാക്കുക എന്നതും കെ.പി യോഹന്നാന്റെ രീതിയായിരുന്നു. കാരണം ആദായനികുതി വകുപ്പും ഇ.ഡിയുമെല്ലാം കേന്ദ്രത്തിന്റെ ഭാഗമാണല്ലോ. അതോടൊപ്പം സംസ്ഥാനത്ത് ആരും പ്രശ്നമുണ്ടാക്കാതിരിക്കാനും ശ്രദ്ധിച്ചുപോന്നു. എന്ത് സഹാത്തിനായും ഏത് പാര്‍ട്ടിക്കാരെത്തിയാലും വാരിക്കോരി ഇദ്ദേഹം കൊടുത്തിരുന്നു. ഒപ്പം തന്നെ പ്രാദേശിക നേതാക്കളുടെ മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും തന്റെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കിവന്നു. ഇന്ന് ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍  രാഷ്ട്രീയ ബന്ധമുള്ള നിരവധി ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് സിപിഎം, കോണ്‍ഗ്രസ് ബന്ധമുള്ളവര്‍. 

കേന്ദ്രത്തിലെ കെ.പി യോഹന്നാന്റെ നീക്കങ്ങള്‍ നടന്നിരുന്നത് പത്തനംതിട്ട ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വഴിയാണ്. 2012ല്‍ ഇ.ഡി ബിലീവേഴ് ചര്‍ച്ചിന്റെ ഇടപാടുകളില്‍ സംശയം തോന്നി നോട്ടീസ് അയച്ചപ്പോള്‍ ഈ നേതാവ് അന്ന് അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ ഉന്നത നേക്കളുമായി ബന്ധപ്പെട്ട് പ്രശ്നം ഒതുക്കി. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും പ്രശ്നങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കി കെ.പി യോഹന്നാന്‍ ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി. ആ നീക്കത്തിനും ചരട് വലിച്ചത് ഈ കോണ്‍ഗ്രസ് നേതാവാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വരെ ഈ നേതാവാണ് അവസരമൊരുക്കിയത്. അന്ന് അദ്ദേഹത്തിന് കേന്ദ്രത്തില്‍ പദവിയുള്ള സമയാണ്. അന്നത്തെ കൂടിക്കാഴ്ചയില്‍ കെ.പി യോഹന്നാന്‍ ഗംഗാശുചീകരണ പദ്ധതിക്ക് ഒരു കോടി രൂപ സംഭവാന നല്‍കുകയും ചെയ്തു. അതിനൊപ്പം ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ബി.ജെ.പിയുടെ യുവമോര്‍ച്ച സംഘടനയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ഒരു നേതാവ് വഴിയും കേന്ദ്രത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ഘട്ടത്തിലായിരുന്നു ഈ നീക്കം. യുവമോര്‍ച്ചയുടെ ഈ മുന്‍ ജില്ലാ പ്രസിഡന്റ് ഡല്‍ഹിയിലെത്തുകയും, അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന ഒരു മലയാളിയുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ആ മന്ത്രി  വിഷയത്തില്‍ ഇടപെടുകയും ആഭ്യന്തര വകുപ്പില്‍ ചില ചരടുവലികള്‍ നടത്താനും ശ്രമിച്ചു. എന്നാല്‍ ആ നിക്കം അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിലേക്ക് പോലും വഴിതെളിച്ചെന്നാണ് ചില കേന്ദ്രങ്ങള്‍ അടക്കം പറയുന്നത്. പിന്നീട് ഈ യുവമോര്‍ച്ചയുടെ നേതാവ് ബിലീവേഴ്സ് ചര്‍ച്ചിന്റെ പി.ആര്‍.ഒ ആയി എത്തുന്നതാണ് കണ്ടത്. അദ്ദേഹം ബി.ജെ.പി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ സി.പി.എമ്മിന്റെ സന്തത സഹചാരിയാണ്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത് ബി.ജെ.പി കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ കെ.പി യോഹന്നാന്‍ നടത്തിയ നീക്കങ്ങളൊന്നും ഫലിച്ചില്ല എന്നാണ്. നീക്കം ഏറ്റില്ലെന്ന് മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തിരിക്കുന്ന.

Ad Image