ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ. ഈ ഗ്രാമത്തിലെ ഏലക്കാടുകളിലെ സുഗന്ധംപേറി വരുന്ന കാറ്റിന് പറയാനുള്ളത് കഷ്ടപ്പാടുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വൈവിധ്യമാര്‍ന്ന കഥകള്‍. അത് കൊറോണക്കാലത്തിന് മുമ്പും അങ്ങനെ തന്നെ. കൊറോണകാലം ഇവര്‍ക്ക് പരീക്ഷണത്തിന്റെ ഘട്ടവുമാകുന്നു.
വെയിലിനെയും മഴയേയും പിന്നിലാക്കി ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളുണ്ട് ഇവിടെ. ഈ കൊറോണക്കാലത്തും അവര്‍ക്ക് കാടുകളില്‍ തൊഴിലിടുക്കാന്‍ പോയേ കഴിയൂ. ഇല്ലെങ്കില്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ മുഴുപട്ടിണിയിലാവും. ആണുങ്ങള്‍ക്ക് എല്ലാ ദിവസവും തൊഴില്‍ എന്ന സാധ്യത ഇവിടെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ എത്ര ക്ഷീണമായാലും എത്ര തന്നെ വയ്യായ്ക ഉണ്ടായാലും സ്ത്രീകള്‍ക്ക് ഏലക്കാടുകളില്‍ രക്ഷ തേടിയെ കഴിയുകയുള്ളൂ. പൊന്ന് വിളയുന്ന കാട്ടില്‍ അവര്‍ നേടുന്നത് എന്ത് എന്ന ചോദ്യം പ്രസക്തമാണ്.
രാവിലെ 8.30നാണ് ഏലക്കാടുകളില്‍ ജോലി തുടങ്ങുന്നത്. അതിന് മുമ്പ് വീട്ടിലെ ജോലികളെല്ലാം അവര്‍ ചെയ്ത് തീര്‍ക്കണം. വൈകിട്ട് 3.30വരെയാണ് തൊഴില്‍ സമയം. 400 രൂപയാണ് ഇവരുടെ ദിവസക്കൂലി. കൊറോണയെ തുടര്‍ന്ന് ഏലക്കായുടെ വില താഴ്ന്നതിനാല്‍ ഒരുപക്ഷെ വേതനം 400ന് താഴെയും ആകാം. വേനല്‍ക്കാലത്ത് ഇവിടെ തൊഴില്‍ ലഭ്യത പൊതുവെ കുറവാണ്. വര്‍ഷകാലത്ത് തൊഴില്‍ ധാരാളമുണ്ട് താനും. ആണുങ്ങള്‍ നേരിടുന്ന തൊഴില്‍ ദൗര്‍ലഭ്യം ഒരു കുടുംബത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിലാകുന്നു. എങ്കിലും ഇവര്‍ സന്തുഷ്ടരാണ്. വര്‍ഷകാലത്ത് കോരിച്ചൊരിയുന്ന മഴയിലും ഇടിയും മിന്നലും മല്‍സരിച്ചെത്തുമ്പോഴും ഇവര്‍ ഏലക്കാട്ടില്‍ പണിയാന്‍ പോകുന്നു. മഴക്കാലത്ത് ഏലക്കാടുകളില്‍ ജീവന്‍ പൊലിയുന്നവരും ധാരാളമാണ്.
ഏലത്തിന് കുഴികുത്തല്‍, മരുന്ന് അടി, തടിപ്പണി, ഉയരം കൂടിയ മരങ്ങളില്‍ കയറി ചോല ഇറക്കല്‍, ആശാരിപ്പണി എന്നീ തൊഴിലുകളാണ് ഇവിടുത്തെ ആണുങ്ങള്‍ പ്രധാനമായും ചെയ്യുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഇവര്‍ സാധാരണ സമയങ്ങളിലേതിനേക്കാള്‍ തൊഴില്‍ ദൗര്‍ലഭ്യത അനുഭവിക്കുന്നു. സാധാരണ സമയങ്ങളില്‍ കുരുമുളക് സീസണില്‍ ആണുങ്ങള്‍ക്ക് തൊഴില്‍ ധാരാളമായുണ്ട്. മറ്റ് സീസണുകളില്‍ തൊഴില്‍ തീരെ ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. കൊറോണ മുന്‍കരുതലുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് തൊഴിലില്ല.
വിധി എപ്പോഴേ എഴുതിവെക്കപ്പെട്ടത് പോലെ അവരുടെ ജീവിതം സ്ഥായിയായി തുടരുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും വരുന്ന വട്ടിപ്പലിശക്കാരും കുറവല്ല. കൊറോണയെ തുടര്‍ന്ന് ഇവരുടെ വരവ് നിന്നത് പലിശയ്ക്ക് പണം എടുത്തിരിക്കുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കുമൊക്കെയായി ലക്ഷക്കണക്കിന് രൂപയാണ് വട്ടിപ്പലിശക്കാരില്‍ നിന്നും വാങ്ങുന്നത്.
പ്രകൃതി ഇവര്‍ക്ക് ഒരുക്കുന്ന സുരക്ഷയും പറയാതിരിക്കാനാവില്ല. കേരളത്തെ ആകെ ബാധിച്ച പ്രളയം ഈ പ്രദേശത്തെ ബാധിച്ചിട്ടില്ല. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ പ്രളയവും മറ്റും ബാധിക്കില്ല. ഏലക്കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് കൊണ്ട് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമെല്ലാം കുറവാണ്. തമിഴ്നാടിന് അടുത്ത പ്രദേശമായതിനാല്‍ ഭക്ഷണ ദൗര്‍ലഭ്യവും ഇവിടെ ബാധിക്കുന്നില്ല.