നമുക്കു പരിചയമുള്ള രാക്ഷസന്മാര്‍ പുരാണത്തിലാണ്. അവരുടെ രൂപമുള്ളവരെ കാണുകയും പ്രയാസം. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിന്റെ പിറ്റേ ദിവസം, 2020 മാര്‍ച്ച് 21ന് മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ നിര്‍ഭയയുടെ അച്ഛനുമായുള്ള അഭിമുഖം നല്‍കിയിട്ടുണ്ട്. അതു ശ്രദ്ധിച്ചു വായിച്ചാല്‍ മനസ്സിലാകുന്ന ഒന്നുണ്ട്. അച്ഛന്റേതായി വന്ന അഭിപ്രായത്തിലെ പകുതിയും അഭിമുഖം തയ്യാറാക്കിയ വ്യക്തിയുടെ സമീപനമാണ്. അതില്‍ നിര്‍ഭയയുടെ അച്ഛന്‍ ചോദിക്കുന്നു, മനുഷ്യാവകാശത്തിന്റെ അര്‍ത്ഥമെന്താണ്? അത് മനുഷ്യര്‍ക്കുള്ളതാണ്. ഇവര്‍ രാക്ഷസന്മാരാണ്. ഭീകര രാക്ഷസന്മാര്‍. അവര്‍ക്കെങ്ങനെയാണ് മനുഷ്യാവകാശമുണ്ടാവുക?
നിര്‍ഭയയുടെ അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ തെറ്റോ കുറ്റമോ പറയാന്‍ കഴിയില്ല. ഒരു ശരാശരി മനുഷ്യനായ ബദരിനാഥ് സിംങ് ഒരു പരിധിവരെ സമചിത്തത വിടാതെ പ്രതികരിച്ചു എന്നും പറയേണ്ടിയിരിക്കുന്നു. ബദരിനാഥിന്റെ പൊതു നിരീക്ഷണത്തില്‍ സാമൂഹികമായ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളും നിഴലിക്കുന്നുണ്ട്. പുരാണത്തിലൂടെ നാം പരിചയപ്പെട്ട രാക്ഷസന്മാരുടെ സ്വഭാവമാണ് ഈ കുറ്റവാളികള്‍ കാണിച്ചത് എന്ന ബദരിനാഥ് സിങ്ങിന്റെ അഭിപ്രായവും ശരി തന്നെ.
എന്താണ് രാക്ഷസന്മാരുടെ സ്വഭാവം. അവരുടെ സ്വഭാവത്തെ തിരിച്ചറിയുക അവരുടെ പ്രവൃത്തികളിലൂടെയാണ്. ആ പ്രവൃത്തികളിലേക്ക് അവരെ നയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണോ ആ ഘടകങ്ങളാണ് അവരെ രാക്ഷസന്മാരാക്കുന്നത്. രാക്ഷസന്മാരായാലും യഥാര്‍ത്ഥ സന്യാസിമാരായാലും സംസ്‌കൃതചിത്തരായ മനുഷ്യരായാലും അവര്‍ എന്തിലും ഏര്‍പ്പെടുന്നത് തങ്ങളുടെ സുഖത്തിനു വേണ്ടിത്തന്നെയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴും കൊല്ലുമ്പോഴും രതിസമാനമായ സുഖം അനുഭവിക്കുന്നവരാണ് രാക്ഷസന്മാരും രാക്ഷസികളും. അതായത് കൊലപാതകത്വരയുള്ളവര്‍. ആ ത്വരയ്ക്ക് ശമനം കിട്ടുന്നതിനെയാണ് അവര്‍ സുഖമായി കരുതുന്നത്.
കുറ്റവാളികളെ തൂക്കിലേറ്റിയതോടെ തന്റെ ദൗത്യം പൂര്‍ണ്ണമായെന്ന് തിഹാര്‍ ജയിലിനു പുറത്തുണ്ടായിരുന്ന നിര്‍ഭയയുടെ അമ്മ ആശാദേവി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. തന്റെ മകളെ പിച്ചിച്ചീന്തി കൊന്നവരെ കൊന്നപ്പോഴുണ്ടായ ആശ്വാസമാണ് ആശാദേവിയില്‍ നിന്നുണ്ടായത്. തൂക്കിലേറ്റുന്നത് വൈകിയപ്പോഴും അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മകള്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥയില്‍ നിന്നുയിര്‍കൊണ്ട പ്രതികാരദാഹത്തെയും മനസ്സിലാക്കാം. രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥയനുസരിച്ച് കുറ്റവാളികള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്. അതിലൂടെ നീതിയുടെ വിജയം തന്നെയാണ് ഇവര്‍ തൂക്കിലേറ്റപ്പെട്ടതിലൂടെ നടന്നത്. തൂക്കിക്കൊല്ലുന്നത് ഭാഗികമായെങ്കിലും പരിഷ്‌കൃതമെന്ന് അവകാശമുന്നയിക്കുന്ന സമൂഹത്തിന് യോജിച്ചതാണോ എന്നുളള ചോദ്യമുണ്ട്. അതവിടെ നില്‍ക്കട്ടെ.
2020 മാര്‍ച്ച് 20ന് രാവിലെ 5.30ന് നിര്‍ഭയക്കേസിലെ നാല് കുറ്റവാളികള്‍ തൂക്കു കയറില്‍ തൂങ്ങുന്ന നിമിഷം തീഹാര്‍ ജയിലിനു പുറത്ത് ജനം മുദ്രാവാക്യം വിളിച്ചും ആഹ്ലാദത്താല്‍ അലറിയും പാട്ടു പാടിയും നൃത്തം ചെയ്തും ലഡു വിതരണം നടത്തിയും ആഘോഷിച്ചത് നീതിയുടെ വിജയത്തിന്റെ പേരിലായിരുന്നോ അതോ പ്രതികാരദാഹത്താല്‍ ഉയിരെടുത്ത കൊലപാതകത്വരയ്ക്ക് ശമനം കിട്ടിയതിന്റെ പേരിലാണോ? ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ നിര്‍ഭയ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡല്‍ഹിയിലെ ജനം കൊടുംതണുപ്പത്ത് നിരത്തിലിറങ്ങിയത്. നേതൃത്വമില്ലാതെ കൂടിയ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ആക്ടിവിസ്‌ററുകളും വിദ്യാസമ്പന്നരുമായ പെണ്ണുങ്ങളും ആണുങ്ങളും ഒരേ പോലെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ' പ്രതികളെ ഇങ്ങ് വിട്ടു താ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം'. എന്നുവെച്ചാല്‍ കൊല്ലുമെന്ന്. കുറ്റവാളികളെ തൂക്കിലേറ്റിയപ്പോള്‍ തീഹാര്‍ ജയിലിനു പുറത്ത് ആഹ്ലാദത്തിലാറാടിയ ആള്‍ക്കുട്ടത്തിലേക്കും ഈ കുറ്റവാളികളെ ലഭിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് സങ്കല്‍പ്പിച്ചാല്‍ അറിയാവുന്നതേ ഉള്ളു.
ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം രാക്ഷസീയമാണ്. ജന്തുസമൂഹത്തിലെ അംഗമായ മനുഷ്യന്റെ ജനിതകകലകളില്‍ അവശേഷിക്കുന്ന വൈകാരികതയുടെ പ്രകാശനമാണ് കൂട്ടം കൂടാനും പ്രതിരോധിക്കാനും ആക്രമിക്കാനുമുള്ളത്. കൂട്ടം കൂടലല്ല സംഘടിക്കല്‍. മൃഗലോകത്തിന്റെ നിലനില്‍പ്പും അതിജീവനവും ഈ സ്വഭാവവൈശിഷ്ഠ്യത്തില്‍ അധിഷ്ടിതമാണ്. ആ സ്വഭാവത്തില്‍ നിന്ന് വ്യക്തിയും സമൂഹവും അകലുന്നതിന്റെ തോതിനെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യസ്വഭാവത്തിലേക്ക് അഥവാ പരിഷ്‌കൃതത്വത്തിലേക്ക് നീങ്ങുന്നതായി കണക്കാക്കപ്പെടുന്നത്. മൃഗങ്ങള്‍ ഇര തേടുന്നതിന്റെ ഭാഗമായി മാത്രമേ മറ്റു മൃഗങ്ങളെ കൊല്ലാറുള്ളു. ആ മൃഗങ്ങളുടെ അവസ്ഥയെക്കാള്‍ മ്ലേച്ഛമാണ് രസത്തിനും സുഖത്തിനും വേണ്ടി മനുഷ്യന്‍ കൊലയില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ടാണ് അത്തരം സ്വഭാവത്തെ രാക്ഷസീയമായി കാണുന്നത്. ഈ രാക്ഷസീയതയാണ് പ്രതികാരദാഹമായി വ്യക്തിയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികാരവും നീതിയും രാവും പകലും പോലെ വ്യത്യാസമാണ്. 2020 മാര്‍ച്ച് 21ലെ മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജിലെ ഒടുവിലത്തെ കുറിപ്പ് ഫാ.ജോണ്‍പുതുവയുമായി ലേഖകന്‍ നടത്തിയ അഭിമുഖത്തിന്റേതാണ്. തിഹാര്‍ ജയിലില്‍ ' പ്രിസണ്‍ മിനിസ്ട്രി' എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ഫാ.പുതുവ പ്രവര്‍ത്തിച്ചപ്പോള്‍ നിര്‍ഭയ കേസിലെ കുറ്റാവാളികളെ നിരീക്ഷിച്ചതിന്റെ റിപ്പോര്‍ട്ടാണത്. ഫാദര്‍ പറയുന്നു, ' തടവുകാര്‍ക്കിടയിലും നിര്‍ഭയപ്രതികളോട് കടുത്ത രോഷമായിരുന്നു. പെണ്‍കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച പ്രതികളെ കൊന്നുകളയണമെന്നാണ് ജയിലില്‍ ' പ്രിസണ്‍ മിനിസ്ട്രി നടത്തിയ പരിപാടിക്കിടെ തടവുകാര്‍ പറഞ്ഞത്. അതില്‍ പലരും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണെന്നുള്ളത് മറ്റൊരു കാര്യം' . ഇതേ അഭിപ്രായം തന്നെയല്ലേ ഡല്‍ഹിയില്‍ തടിച്ചു കൂടിയ ആള്‍ക്കുട്ടത്തിനും , ആ ആള്‍ക്കുട്ടത്തിന് ആവേശം പകര്‍ന്ന സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. അത് നീതി നടപ്പാകാനുള്ള ത്വരയല്ല. മറിച്ച് പ്രതികാര ദാഹമെന്ന രാക്ഷസീയതയുടെ പ്രകടനം തന്നെയാണ്.
ആള്‍ക്കുട്ടത്തിലൂടെയും മാധ്യമങ്ങളിലൂടെയും മഹത്വവത്ക്കരിക്കപ്പെട്ട രാക്ഷസീയ പ്രവണത ഒരു പരിധി വരെ നിയമനിര്‍മ്മാണ സഭകളെയും നീതിന്യായ വ്യവസ്ഥയെയും ബാധിച്ചതായി നിര്‍ഭയ സംഭവത്തിനു ശേഷമുള്ള കാര്യങ്ങളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമായി അറിയാന്‍ കഴിയും. മാര്‍ച്ച് 20ന് പുലര്‍ച്ചെ അന്തിമവിധി പുറത്തു വന്നപ്പോള്‍ കരഘോഷം നടത്തിക്കൊണ്ട് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു,' എന്തിനുവേണ്ടി ഈ ഏഴുവര്‍ഷം പൊരുതിയോ ആ ദിവസം എത്തിയിരിക്കുന്നു. ഇന്നത്തെ സൂര്യന്‍ നിര്‍ഭയയ്ക്കും മറ്റു പെണ്‍മക്കള്‍ക്കും വേണ്ടി ഉദിക്കും. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. അഭിഭാഷകര്‍ക്കും, സമൂഹത്തിനും, സര്‍ക്കാരിനും, കോടതികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ നന്ദി. രാഷ്ട്രപതിക്ക് പ്രത്യേകം നന്ദി. ഈ വാചകം ശ്രദ്ധിച്ചാല്‍ അറിയാന്‍ കഴിയും ആള്‍ക്കുട്ട സ്വാധീനം ഇന്ത്യന്‍ ജനായത്തസംവിധാനത്തില്‍ എത്രമാത്രം നിര്‍ണ്ണായകമായെന്ന്.
ജനായത്ത സംസ്‌കാരവും ജനക്കൂട്ട സംസ്‌കാരവും മുന്‍പു സൂചിപ്പിച്ചതു പോലെ രാപകല്‍ വ്യത്യസ്തപ്പെട്ടതാണ്. നിര്‍ഭയ കേസ്സിലെ പ്രതികളെ തൂക്കിലേറ്റരുതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങ് അഭിപ്രായപ്പെട്ടു.അപ്പോള്‍ അവര്‍ മാധ്യമങ്ങളുടെ കാര്‍മ്മികത്വത്തില്‍ വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടത് ജനക്കൂട്ട സംസ്‌കാരത്തിന്റെ മൗലികവാദ സ്വഭാവം നിമിത്തമാണ്. ആള്‍ക്കുട്ട മൗലികവാദമെന്ന രാക്ഷസീയതയുടെ ശാക്തീകരണം കൊണ്ടാണ് ഒരു ഭിന്നാഭിപ്രായത്തെ കേള്‍ക്കാനോ അതിന്റെയടിസ്ഥാനത്തില്‍ ഒരു ചര്‍ച്ചയ്‌ക്കോ പോലുമിടമില്ലാതെ ഇന്ത്യന്‍ സാഹചര്യം മാറിയത്. രാക്ഷസീയതയുടെ മറ്റൊരു രൂപമാണ് മൗലികവാദം.
ആള്‍ക്കൂട്ടസ്വഭാവം വ്യക്തികളെയും നിര്‍ണ്ണയിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. അതാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും നിര്‍ഭയ കേസ്സിലെ കുറ്റവാളികളെ കൊല്ലുന്നതിനുവേണ്ടിയുള്ള അക്ഷമയോടെയുള്ള മുറവിളി ഉണ്ടായത്. വധശിക്ഷ വിധിക്കുന്ന ജഡ്ജിമാര്‍ വിധിയെഴുതുന്ന പേന നശിപ്പിച്ചുകളായാറുണ്ട്. നീതിയുടെ പേരില്‍ വിധിയെഴുതുമ്പോഴും ഒരു വ്യക്തിയുടെ ജീവന്‍ എടുക്കുന്നതില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് പേന നശിപ്പിക്കുന്ന ജഡ്ജിയിലൂടെ പ്രകടമാകുന്നത്. ഒരു കാര്യം മാത്രം ആലോചിച്ചു നോക്കുക. 2020 മാര്‍ച്ച് 20ന് രാവിലെ അഞ്ചരയ്ക്ക് തീഹാര്‍ ജയിലിലെ കഴുമരത്തില്‍ നാല് മനുഷ്യരുടെ കഴുത്തില്‍ കുരുക്കു വീഴുന്നു. ആ സമയം ആ പ്രക്രിയയില്‍ ആനന്ദം കൊണ്ട് പുറത്ത് ആടുകയും പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. മനുഷ്യനെ കൊല്ലുന്ന പ്രക്രിയ ആഘോഷിക്കുന്ന വ്യക്തിയായാലും സമൂഹമായാലും അതില്‍ പ്രകടമാകുന്നത് രാക്ഷസീയത തന്നെയാണ്. ബലാല്‍സംഘത്തിന്റെയും കൊലപാതകത്തിന്റെയും പേരില്‍ ശിക്ഷയനുഭവിക്കുന്ന തീഹാര്‍ ജയിലിലെ തന്നെ മറ്റു കുറ്റവാളികളുടെ അവസ്ഥയില്‍ തന്നെയാണ് വധശിക്ഷ നടപ്പാക്കിയപ്പോള്‍ ആഹ്ലാദിച്ചവര്‍.
സംശയമില്ല. രാക്ഷസീയത തന്നെയാണ് നിര്‍ഭയയെ പിച്ചിച്ചീന്തി കൊന്നവരില്‍ പ്രവര്‍ത്തിച്ചത്. തോതില്‍ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അതേ രാക്ഷസീയതയുടെ പ്രകടനം തന്നെയാണ് ആള്‍ക്കുട്ടസ്വഭാവമായി വ്യക്തികളില്‍ നിഴലിക്കുന്നത്. രാക്ഷസീയത സമൂഹത്തില്‍ വര്‍ദ്ധിക്കുന്തോറും നിര്‍ഭയമാരുടെ എണ്ണം കുടിക്കൊണ്ടിരിക്കും. നിര്‍ഭയയ്ക്കു ശേഷം ഉന്നാവോ പെണ്‍കുട്ടിയില്‍ എത്തിനില്‍ക്കുന്ന സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. നിര്‍ഭയയുടേതിനേക്കാള്‍ എത്രയോ മടങ്ങ് ഗുരുതരവും ഭീകരവുമാണ് ഉന്നാവോ പെണ്‍കുട്ടിയും അവളുടെ കുടുംബവും നേരിട്ടത്. നിര്‍ഭയയുടേത് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരില്‍ നിന്നുമുണ്ടായ ഒറ്റപ്പെട്ട സംഭവം. എന്നാല്‍ ഉന്നാവോ പെണ്‍കുട്ടി നേരിട്ടതും അവളുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടതും യു.പി യിലെ ബി.ജെ.പി അംഗമായിരുന്ന ഒരു എം.എല്‍.എയുടെയും പോലീസുകാരുടെയും ഭാഗത്തുനിന്നുമാണ്. രാക്ഷസീയതയുടെ മറ്റൊരു ഭീകരമുഖമാണ് ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും നേരിട്ടത്. (തുടരും)