Skip to main content

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വന്‍ താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുക. ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുക. പരിപാടി നടന്നതിന് ശേഷം വന്‍ വിജയമായിരുന്നു എന്ന് പറയുക. അങ്ങനെ മാസങ്ങള്‍ കഴിഞ്ഞിട്ടും പരിപാടിയില്‍ നിന്ന് കിട്ടിയ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാതിരിക്കുക. വിവരാവകാശ നിയമം വഴി തുകനല്‍കാത്ത വിവരം പുറത്ത് വന്നതിന് പിന്നാലെ, പരിപാടി പരാജയമായിരുന്നെന്നും മുടക്കിയ തുകയുടെ നാലിലൊന്ന് മാത്രമേ ലഭിച്ചൊള്ളൂ എന്നും പറയുക. സംഭവം വിവാദമായതോടെ പരിപാടി ദുരിതാശ്വസത്തിന് വേണ്ടിയെന്ന് പറഞ്ഞല്ല സംഘടിപ്പിച്ചതെന്നും, തങ്ങള്‍ ടിക്കറ്റ് വരുമാനം സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അറിയിക്കുക.

തുടര്‍ന്ന് പരിപാടി നടത്തിയ കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ലഭിക്കുന്നതിനായി നല്‍കിയ കത്ത് പുറത്ത് വരിക. കത്തില്‍ പ്രളയ ദുരിതാശ്വാസത്തിനാണ് പരിപാടിയെന്നും അതിനാല്‍ സൗജന്യമായി സ്റ്റേഡിയം വിട്ട് തരണമെന്നും ആവശ്യപ്പെട്ടകാര്യം സ്ഥലം എം.പി തന്നെ പുറത്ത് വിടുക. ഇതിന് മറുപടിയായി, കിട്ടിയ പണം മുഖ്യമന്ത്രിക്ക് കൈമാറിയിട്ട് ചെക്കിന്റെ ദൃശ്യം ഫെയ്സ് ബുക്കില്‍ പങ്ക് വയ്ക്കുക. അതുവഴി 2019 നവംബര്‍ ഒന്നിന് നടന്ന പരിപാടിയുടെ തുക 2020 ഫെബ്രുവരി 14നാണ് കൊടുത്തതെന്ന് ജനം അറിയുക.

ഈ സംഭവവുമായി തന്റെ പേര് വലിച്ചിഴക്കരുതെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കുക. തുടര്‍ന്ന് കളക്ടറുടെ പേര് അറിയാതെ വന്ന് പോയതാണെന്ന് വിശദീകരണം നല്‍കുക. ഏറ്റവുമൊടുവില്‍ കരുണ സംഗീത നിശ തട്ടിപ്പാണെന്ന പരാതിയില്‍ പോലീസ് അന്വേഷണത്തിനൊരുങ്ങുക. അങ്ങനെ മൊത്തത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ബിജിപാലുമൊക്കെ.

സമൂഹത്തില്‍ എന്ത് അനീതി കണ്ടാലും അപ്പോള്‍ തന്നെ പ്രതികരിക്കുകയും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന സെലിബ്രിറ്റികള്‍ എന്ന ഇമേജ് ആഷിക് അബുവിനും റിമയ്ക്കും ഉണ്ട്. അല്ലെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അത്തരത്തില്‍ ഒരു ഇമേജ് അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ജനങ്ങളില്‍ പലരും ഈ രണ്ട് പേരെയും പലകാര്യങ്ങളിലും വിശ്വസിച്ച് വരുന്നുമുണ്ട്. എന്നാല്‍ കരുണ സംഗീത നിശ ആ വിശ്വാസ്യതയെല്ലാം തകര്‍ക്കുന്നതാണ്. ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് അഷിക്കും റിമയും മറ്റ് സംഘാടകരും സംശയത്തിന്റെ നിഴലിലാണ്. പ്രളയത്തിന്റെ പേരില്‍ നടത്തിയ പരിപാടിയാണെന്നോര്‍ക്കണം. അത് ലാഭമോ നഷ്ടമോ ആയിക്കോട്ടെ അത് സമൂഹത്തെ അറിയിക്കാന്‍ എത്ര സമയുമുണ്ടായിരുന്നു. ശരിയാണ് സന്ദീപ് വാര്യര്‍ എന്ന ബി.ജെ.പി നേതാവാണ് ഈ സംഭവത്തെ പുറത്ത് കൊണ്ടുവന്നത്. എന്ന് വച്ച് ഇതിനെ രാഷ്ട്രീയ ആരോപണമായി കാണാന്‍ കഴിയില്ല. വസ്തുതകള്‍ കരുണയുടെ സംഘാടകര്‍ക്കെതിരെ വിരല്‍ ചൂണ്ടുകയാണ്. നിസ്സാര സംഭവമായും ആരോപണ പ്രത്യാരോപണത്തിന്റെ രീതിയിലും കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്. സുതാര്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രളയ സമയത്ത് തങ്ങളുടെ കുടുക്ക വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പിഞ്ചു കുഞ്ഞുങ്ങളുള്ള നാടാണ് കേരളം. അവിടെയാണ് കരുണ സംഗീത നിശ മലയാളിയുടെ മനസ്സാക്ഷിക്ക് മുന്നില്‍ സംശയമുയര്‍ത്തുന്നത്. സമൂഹത്തില്‍ നിലയും വിലയും വിശ്വാസ്യതയുമുള്ളവര്‍ ഇത്തരത്തില്‍ സുതാര്യത ഇല്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അര്‍ത്ഥമില്ലാതാകുന്ന് കുടുക്ക പൊട്ടിച്ച് നല്‍കിയ ആ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയാണ്.

Ad Image