Skip to main content

Bullets

തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ തോക്കും വെടിയുണ്ടകളും കാണാതായത് അത്ര നിസ്സാര സംഭവമാണോ അവഗണിച്ച് കളയാന്‍?  പ്രാദേശികമായിക്കോട്ടെ ദേശീയമായിക്കോട്ടെ അന്തര്‍ദേശീയമായിക്കോട്ടെ ഒരു ചെറിയ സംഭവങ്ങമുണ്ടായാല്‍ പോലും ശക്തമായി പ്രതികരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. എന്നാല്‍ എസ്.എ.പി ക്യാമ്പില്‍ നിന്ന് കാണാതെ പോയ ആയുധങ്ങളുടെ കാര്യത്തിലോ, സംസ്ഥാന പോലീസ് മേധാവി നഗ്‌നമായ ചട്ട ലംഘനങ്ങള്‍ നടത്തിയ കാര്യത്തിലോ ഇതുവരെ സി.പി.എം ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതൊക്കെ അവഗണിച്ച് പോകാനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സി.പി.എം സംസ്ഥാന ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം വ്യക്തമാണ്. അധികാരത്തിലിരിക്കുമ്പോള്‍ തങ്ങള്‍ എന്ത് നിലപാടും സ്വീകരിക്കും. അതിനെ ഭരണഘടനാ സ്ഥാപനമായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. അഥവാ ചോദ്യം ചെയ്താല്‍ അത് കേട്ട ലക്ഷണം കാണിക്കുകയുമില്ല.

സംസ്ഥാനത്തിപ്പോള്‍ നിലനില്‍ക്കുന്ന പൊതു സാഹചര്യം പാര്‍ട്ടി നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും ഭരണത്തിന് ഉപദേശം നല്‍കുന്നവര്‍ക്കും നന്നായി അറിയാം. എത്ര ഗുരുതരമായ വിഷയം ഉയര്‍ന്ന് വന്നാലും അതിനെ ചുറ്റിപ്പറ്റി രണ്ടോ മൂന്നോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളും പത്രപ്രസ്താവനകളും വരും. അതിന് ശേഷം മറ്റൊരു വിഷയം പൊന്തി വരുമ്പോള്‍ മാധ്യമങ്ങള്‍ അതിന് പിന്നാലെ പൊക്കോളും. സ്വമേധയാ വിഷയങ്ങല്‍ വന്നില്ലെങ്കില്‍ എരിവും പുളിയും സസ്പെന്‍സുമൊക്കെയുള്ള കുറ്റാന്വേഷണ പോലീസ് കഥകള്‍ ബന്ധപ്പെട്ടവര്‍ പരസ്യപ്പെടുത്തും. അപ്പോള്‍ പഴയവിഷയം വിസ്മൃതിയിലാവും. ഇവിടെയും സര്‍ക്കാരും സി.പി.എമ്മും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അതാണ് സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ കൂടുതലൊന്നും മിണ്ടണ്ടെന്ന തീരുമാനത്തിന് പിന്നില്‍. സി.പി.എമ്മിന്റെ മുമ്പില്‍ ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് പരിഗണനയിലുണ്ടാവും. അതിനെ തോക്കും വെടിയുണ്ടയും ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്ല കൈത്തഴക്കമുണ്ട്.

എപ്പോള്‍ വേണമെങ്കിലും ഏതന്വേഷണവും പ്രഖ്യാപിക്കാവുന്നതിനുള്ള സാഹചര്യം യു.ഡി.എഫ് നേതാക്കള്‍ അവര്‍ ഭരണത്തിലിരുന്നപ്പോള്‍ ഒരുക്കി വച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ചൂടേറിയ ഒരു വിഷയം പുറത്തെടുത്ത് കേസെടുക്കുകയോ അനന്തര നടപടികള്‍ സ്വീകരിക്കുകയോ ഒക്കെ ചെയ്യുന്നത് വഴി തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാനും സി.പി.എമ്മിനറിയാം. കേരളത്തില്‍ നിര്‍ജീവമായ പ്രതിപക്ഷ സാന്നിധ്യമാണ് ഉള്ളത്. പലവിഷയങ്ങളിലും ചില വഴിപാടുകള്‍ പോലെയാണ് പ്രതിപക്ഷം നിലപാടുകളും നടപടികളും സ്വീകരിക്കുന്നത്. അത് സി.പി.എമ്മിനെ ഇത്തരം ധാര്‍ഷ്ട്യത്തോടും ജനങ്ങളെ അവഗണിച്ചുകൊണ്ടുമുള്ള തീരുമാനമെടുക്കുന്നതിനും പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാണാതായ തോക്കും വെടിയുണ്ടയും അധികം താമസിയാതെ തന്നെ വെടിയില്ലാ പുകയായിമാറും

Ad Image