അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. സിനിമാ നടന്‍ മമ്മൂട്ടിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ സമൂഹം അറിയേണ്ട വ്യക്തികളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമ്പോള്‍ അവയ്ക്ക് അവരറിയാതെ തന്നെ അംഗീകാരവും നല്‍കുകയാണ്. സാമൂഹികമായി ചിന്തിക്കുന്ന, അതിസ്വാര്‍ത്ഥമതികള്‍ അല്ലാത്തവരുടേതായിരിക്കണം ആ അഭിപ്രായം. പൈങ്കിളി വല്‍ക്കരിക്കപ്പെട്ട കേരളത്തിലെ മാധ്യമങ്ങള്‍, പലപ്പോഴും പൈങ്കിളി പ്രാധാന്യത്തിന്റെ പേരിലാണ് അഭിപ്രായങ്ങളുടെ വാര്‍ത്താ നിലവാരം നിശ്ചയിക്കുന്നത്. അങ്ങനെയാണ് എന്തിനും ഏതിനും സിനിമാ താരങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ആണവോര്‍ജ്ജത്തെ സംബന്ധിക്കുന്നതാണെങ്കിലും തങ്ങളുടെ അഭിപ്രായത്തിനാണ് ആധികാരികത എന്ന ധാരണ അവരിലുമുണ്ടായി.
ഒരു യുവനടി കേരളത്തിന്റെ പ്രധാന നഗരമധ്യത്തില്‍ ശാരീരികവും മാനസികവുമായി ആക്രമിക്കപ്പെട്ട സാമൂഹ്യ വിഷയത്തില്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ സാമൂഹിക നിലപാട് കേരളം കണ്ടതാണ്. അതിനെ തുടര്‍ന്ന് കേരള സാമൂഹിക കമ്പോളത്തില്‍ നിലവാരമിടിഞ്ഞ താരങ്ങള്‍ ഇപ്പോള്‍ അത് മെല്ലെ തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ്. പ്രബുദ്ധ മലയാളികളാല്‍ കൊല്ലപ്പെട്ട മധു തന്റെ അനുജനാണെന്ന പൈങ്കിളി കുറിപ്പുമായാണ് മമ്മൂട്ടി രംഗപ്രവേശം ചെയ്തിട്ടുള്ളത്. പ്രായം കുറഞ്ഞവര്‍ എപ്പോഴും പ്രായമുള്ളവരുടെ അനുജനും അനുജത്തിയുമായിരിക്കും. അത് എടുത്തു പറയേണ്ടതില്ല. ഒരുതരത്തിലും അനുജനല്ല എന്ന ബോധം ഉള്ളില്‍ ശക്തമാകുമ്പോള്‍ മാത്രമേ അലങ്കാര സുഖത്തിനായി അത്തരം പറച്ചിലുകള്‍ നടത്തുകയുള്ളൂ. മധുവില്‍ നിന്നും തനിക്കുള്ള അകലം കാടും ആകാശവും പോലെയാണെന്നുള്ള ബോധത്തില്‍ നിന്നാണ് ആ പ്രസ്താവന ഉയിര്‍കൊണ്ടത്.
കേരളത്തിന്റെ ഹൃദയത്തെ പിളര്‍ത്തിയ സംഭവമാണ് വിശപ്പിന്റെ പേരില്‍ മരണശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന മധുവിന്റേത്. മധുവിന്റെ മരണശിക്ഷ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നാം തുടര്‍ന്നു വന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഏറ്റവും മൂര്‍ത്തമായ മുഖമാണ് മധു വിന്‍േറത്. അനേകമാളുകളുടെ ഭക്ഷണത്തിനാവശ്യമായ ചെലവ് ഒരു നേരത്തെ കഴിക്കലിന് ചെലവഴിക്കുന്ന മമ്മൂട്ടി ഏതു വിധത്തിലാണ് മധു തന്റെ അനുജനാണെന്ന് അവകാശപ്പെടുന്നത്. വിശപ്പിന്റെ പേരില്‍ ഏറി വന്നാല്‍ 200 രൂപയുടെ സാധനം മോഷണം നടത്തിയെന്നാരോപിക്കപ്പെടുന്ന മധു ഒരു കാരണവശാലും വന്‍നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണ വിധേയനായ മമ്മൂട്ടിയുടെ അനുജനാകില്ല
ഇത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മധുവിനോടോ, മധു പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോടോ, അവരുടെ പ്രശ്‌നങ്ങളോടോ മമ്മൂട്ടിക്ക് ഒരു ഉത്തരവാദിത്വ സമീപനവുമില്ല. ചിലപ്പോള്‍ മമ്മൂട്ടി മധുവിന്റെ അമ്മയെ സന്ദര്‍ശിച്ച് ഒന്നോ രണ്ടോ ലക്ഷം രൂപയോ, വീടോ നിര്‍മ്മിച്ചു കൊടുത്ത് കോടികള്‍ വിലമതിക്കുന്ന മാധ്യമസ്ഥലവും സമയവും കരസ്ഥമാക്കി ഇമേജ് വര്‍ദ്ധിപ്പിച്ചെന്നുമിരിക്കും. ചില മുഖ്യധാരാ മാധ്യമങ്ങള്‍ വേണമെങ്കില്‍ സ്വയം പണം മുടക്കി മമ്മൂട്ടിയെക്കൊണ്ട് അത് ചെയ്യിപ്പിക്കാനും സാധ്യതയുണ്ട്, അതിനും മടിയില്ലാത്ത മാധ്യമ സംസ്‌കാരമാണ് കേരളത്തിലുള്ളത്.
വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം. മുഖ്യധാരാ മാധ്യമങ്ങള്‍ അതെടുത്താഘോഷിക്കുമെന്ന് മമ്മൂട്ടിക്കറിയാം. അങ്ങനെ സംഭവിക്കുന്ന പക്ഷം മധുവിന്റെ കൊലയും കേരള പൊതു സമൂഹം ആദിവാസികളോട് കാട്ടിയ കൊലച്ചതിയും മമ്മൂട്ടിയുടെ പൈങ്കിളി വാചകത്തിന് പിന്നിലായിപ്പോകും. ആരുടെ അനുജനോ ജ്യേഷ്ഠനോ, മകനോ, മകളോ ഒന്നും ആകേണ്ട ആവശ്യം ആദിവാസിക്കില്ല. അവന്റെ ആവശ്യം വിശപ്പടക്കുക എന്നത് മാത്രമാണ്. കാടില്ലെങ്കിലും കാട്ടില്‍ വീട് സങ്കല്‍പ്പമുള്ള ആദിവാസിക്ക് നമ്മുടെ വീടുപോലും വേണ്ട.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു പൗരനെന്ന നിലയില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞുകൊള്ളട്ടെ. പക്ഷേ, മധു കൊല്ലപ്പെട്ടതിനേക്കാള്‍ മമ്മൂട്ടിയുടെ വാചകത്തിലൂടെ മധുവിന്റെ കൊല മലയാളിയുടെ മനസ്സില്‍ പ്രവേശിക്കാനിടവരാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ട്. അതവരറിഞ്ഞില്ലെങ്കിലും വായനക്കാരും പ്രേക്ഷകരും അതോര്‍ക്കണം. സിനിമാ മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് മാത്രമേ പൊതു സമൂഹം ഇന്നത്തെ സാഹചര്യത്തില്‍ മമ്മൂട്ടിയെ പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം ഇങ്ങനെയുള്ളവരെ പൊതു സമൂഹം ജനപ്രതിനിധികളായി സഹിക്കേണ്ടിയും വരും