Skip to main content
Ad Image

fish-market

രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന്   സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ അഭിഭാഷകരായ ദുഷ്യന്ത് ദവെയും, സിസോദിയയും തരംതാണ സമയത്താണ്  ജസ്റ്റിസ് ചന്ദ്രചൂഢ് ഈ പരാമര്‍ശം നടത്തിയത്. സിസോദിയയുടെ അണ്‍പാര്‍ലമെന്ററി പ്രയോഗമാണ് ജസ്റ്റിസ് ചന്ദ്രചൂഢിനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഫെബ്രുവരി ആറിന്, ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്  ഏര്‍പ്പെടുത്തിയ വിഷയത്തിലുള്ള ചര്‍ച്ചയ്ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനില്‍ അക്കരെ എം.എല്‍.എയെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ചന്തയിലെ പോലെ സംസാരിക്കരുതെന്ന്. ജസ്റ്റിസ് ചന്ദ്രചൂഢിന്റെയും പിണറായി വിജയന്റെയും പ്രവര്‍ത്തന മേഖലകളുടെ പ്രത്യേകത അവരെ സാധാരണ പൊതു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ടാകാം . വീട്ടിലേക്കാവശ്യമായ മീനും പലചരക്കും പച്ചക്കറിയും വാങ്ങാന്‍ അവര്‍ മീന്‍ ചന്തകളിലും, ചന്തകളിലുമൊന്നും പോകാറുണ്ടാവില്ല. ഒരു പക്ഷേ അവരുടെ കുട്ടിക്കാലത്ത് പോയിട്ടുണ്ടാകാം. ആ ഓര്‍മയിലുള്ള മീന്‍ ചന്തയും ചന്തയും ഒക്കെ ആയിരിക്കും ജസ്റ്റിസ് ചന്ദ്രചൂഢിന്റെയും പിണറായി വിജയന്റെയും മനസ്സില്‍ ഉണ്ടായിരിക്കുക.

 

ആ കാലത്ത് നിയമസഭകളിലും പാര്‍ലമെന്റിലും ഒക്കെ കേട്ടിരുന്നത് വളരെ ആലോചിച്ച്, ജനങ്ങളെ മനസ്സില്‍ കണ്ട് പറയുന്ന വാക്കുകളായിരുന്നു. അത്തരം ഒരു സാംസ്‌കാരിക ഭൂമിശാസ്ത്രത്തില്‍ പ്രയോഗിക്കപ്പെടാന്‍ പാടില്ലാത്ത വാക്ക് എന്ന അര്‍ത്ഥത്തിലാകാണം അണ്‍ പാര്‍ലമെന്ററി പ്രയോഗം ഉടലെടുത്തത്. ജസ്റ്റിസ് ചന്ദ്രചൂഢും പിണറായി വിജയനും കാലത്തിന്റെ മാറ്റത്തെ ജീവിതത്തോട് ചേര്‍ത്ത് കാണാത്തത് കൊണ്ടാകണം ഭൂതകാലത്തില്‍ നിന്നുകൊണ്ട് അവര്‍ ആ പ്രയോഗം നടത്തിയത്.

 

എറണാകുളത്തെ കാക്കനാടിനടുത്തുള്ള വാഴക്കാല മീന്‍മാര്‍ക്കറ്റിലേക്ക് വരൂ, അവിടം നിശബ്ദമാണ്. നടുവിലത്തെ ഷെഡ്ഡില്‍ മീന്‍ വില്‍ക്കാന്‍ ഇരിക്കുന്നവര്‍ പലപ്പോഴും പരിചയം പുതുക്കി, കണ്ണുകൊണ്ട് നല്ല മീന്‍ ഏതെന്നും സ്വകാര്യം പോലെ വില ഇന്നതാണെന്നും അവര്‍ പറയുന്നു. മീന്‍ ധാരാളമായി നിരത്തി വെച്ചിട്ടുണ്ടെങ്കിലും മീനിന്റെ ദുര്‍ഗന്ധമോ അഴുക്കോ അവിടെ പരിസരത്തെങ്ങും ഇല്ല. വളരെ വൃത്തിയായ സ്ഥലം.  മാര്‍ക്കറ്റിന്റെ മൂന്ന് വശങ്ങളിലായി ഇറച്ചിക്കടകളും (കോഴി ആട് മാട്), പപ്പടക്കടയും, പച്ചക്കറിക്കടകളും, പലചരക്ക് കടകളുമുണ്ട്. തിരക്കുള്ള നിരത്തില്‍ നിന്ന് മീന്‍ മാര്‍ക്കറ്റിലേക്ക് കയറുമ്പോള്‍ ശാന്തതയാണ് അനുഭവപ്പെടുക. അവിടെ സൗഹൃദത്തിന്റെ ചിരിയും കുശലാന്വേഷണവും  ചിലപ്പോള്‍ മീന്‍ വില്‍ക്കാന്‍ ഇരിക്കുന്നവര്‍ തമ്മിലുള്ള നര്‍മ സംഭാഷണങ്ങളുമാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്ന മനുഷ്യ ശബ്ദം. പിന്നീട് കേള്‍ക്കുന്നത് നിരന്ന് നിന്ന് മീന്‍ വെട്ടുന്ന നേപ്പാളി യുവാക്കളുടെ കത്തിയുടെ ശബ്ദവും, ഇറച്ചി നുറുക്കുന്നതിന്റെ ശബ്ദവും മാത്രം.

 

ഒരു സാംസ്‌കാരിക അനുഭവമായി, സൗഹൃദത്തിന്റെ പുതുക്കലായി, ഇവിടെ മീന്‍ വാങ്ങലും ഇറച്ചി വാങ്ങലും ഒക്കെ പരിണമിക്കുന്നു. എത്ര വൃത്തിയുള്ള വേഷം വേണമെങ്കിലും ധരിച്ച് അവിടെ പോകാം അഴുക്കാവില്ല. ഈ നിശബ്ദഭൂമികയില്‍ നിന്ന് കേരള നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ നോക്കിയാല്‍ കാണുന്ന ചിത്രം, പണ്ടത്തെ മീന്‍ ചന്തയെക്കാള്‍ കലുഷിതവും ശബ്ദായമാനവും അസഭ്യ പ്രയോഗങ്ങളുടേതുമാണ്. പണ്ടത്തെ ചന്തകളില്‍ കണ്ടിരുന്ന ബലപ്രയോഗങ്ങളും എടുത്തെറിയലുകളും കൂടി കാണാം. ഈ വാഴക്കാല മാര്‍ക്കറ്റില്‍ ആരെങ്കിലും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ തമ്മിലടിക്കുകയോ ചെയ്ത് കഴിഞ്ഞാല്‍ ഒരുപക്ഷേ അവര്‍ പറയും നിയമസഭയിലെയും പാര്‍ലമെന്റിലെയും പോലെ ഇവിടെ കിടന്ന് അടി കൂടരുതെന്ന്. അവര്‍ പിന്നെ ഇതുകൂടി പറയും ചന്തയില്‍ കിടന്ന് സുപ്രീം കോടതിയിലേത് പോലെ പെരുമാറരുതെന്നും.

 

വാഴക്കാല മീന്‍ മാര്‍ക്കറ്റ് ഒരു ഉദാഹരണം മാത്രം. മിക്ക മീന്‍ മാര്‍ക്കറ്റുകളും ഇതേപോലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തന്നെ . മനുഷ്യന് ഭക്ഷണം നല്‍കുന്ന സ്ഥലങ്ങള്‍ അടിസ്ഥാനപരമായി ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രങ്ങളാണ്. ആ നിലക്ക് മീന്‍ ചന്തളും, ചന്തകളും ഇന്ന് ആരാധ്യ നിലയിലുള്ള സാംസകാരിക കേന്ദ്രകളാകുന്നു.

 

 

Ad Image