Skip to main content

 

opticals

 

ഒരു കണ്ണട വാങ്ങണം എന്ന മോഹവുമായി ചെന്ന് കയറിയത് തിരുവനന്തപുരത്തെ ഏറ്റവും വല്യ ഒരു കണ്ണട കടയില്‍ ആയിരുന്നു.

 

പുതിയ കണ്ണട വാങ്ങാന്‍ പോകുന്നതിന്റെ ആവേശത്തില്‍ 'കാശ് ഒരു പ്രശ്‌നമല്ല,കണ്ണിന്റെ ആരോഗ്യം ആണ് പ്രധാനം'' എന്ന് കടയിലെ പയ്യനോട് വച്ച് കാച്ചി.

 

അത് കേട്ട മാത്രയില്‍ ആ കടയിലെ പയ്യന്റെ മുഖത്തു പൂര്‍ണ ചന്ദ്രന്‍ ഉദിച്ച മാതിരി ഒരു ചിരി വിരിഞ്ഞു, ഉടന്‍ തന്നെ കുറച്ചു കണ്ണടകള്‍ മുന്നില്‍ നിരത്തി കൊണ്ട് അവന്‍ പറഞ്ഞു 'സര്‍ ഇത് നോക്കാം, 'സ്പീക്കര്‍' സീരിസില്‍ ഉള്ള കണ്ണടയാണ്, 49000 രൂപയെ വില ഉള്ളു'.

 

വില കേട്ടപ്പോ തലച്ചോറിനകത്തു 51 വെട്ടു കൊണ്ട ഒരു ഫീലിംഗ് ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു 'ഇത് വേണ്ട കുറച്ചു കുറഞ്ഞത് മതി'.

 

അവന്റെ മുഖത്തെ പൂര്‍ണചന്ദ്രന്റെ ശോഭ കുറച്ചു കുറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.എന്നാല്‍ ശരി 'മിനിസ്റ്റര്‍' സീരിസിലെ കണ്ണട എടുക്കാം പയ്യന്‍ ഉടന്‍ തന്നെ മുന്നില്‍ പുതിയ കുറെ കണ്ണടകള്‍ നിരത്തി.

 

'ഇത് നോക്കു സര്‍, വെറും 28000 രൂപ മാത്രമേ ഉള്ളു. സാറിനു നന്നായി ചേരും'. മുഖത്തിന് ചേരുമെങ്കിലും പഴ്‌സിനു ഒട്ടും ചേരില്ല എന്നുള്ളതിനാല്‍ ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ അവനോടു പറഞ്ഞു

 

'സഹോദരാ, ഞാന്‍ സ്പീക്കറും അല്ല, മിനിസ്റ്ററും അല്ല, ഇവരെയൊക്കെ ജയിപ്പിച്ചു വിട്ടു സാധാരണ ഒരു വോട്ടര്‍ ആണ്, അത് കൊണ്ട് സ്വയം അധ്വാനിച്ച കാശിനു വാങ്ങാന്‍ കഴിയുന്ന ഏതെങ്കിലും സീരീസ് കണ്ണടകള്‍ ഉണ്ടെങ്കില്‍ കാണിക്കു'.

 

പൂര്‍ണചന്ദ്രനില്‍ നിന്നും അവന്റെ മുഖം പെട്ടെന്ന് അമാവാസി രാത്രി പോലെയായി. എങ്കിലും അത് പ്രകടമാക്കാതെ അവന്‍ എന്റെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ചില കണ്ണടകള്‍ കാണിച്ചു.

 

അങ്ങനെ ഒടുവില്‍ 'വോട്ടര്‍' സീരിസിലെ ഒരു കണ്ണട വാങ്ങി ഫ്രെമിന് 700 രൂപ, ലെന്‍സിനു 800 രൂപ. ഒടുവില്‍ നികുതിയും (അതായത് സ്പീക്കര്‍ക്കും മന്ത്രിക്കും കണ്ണട വാങ്ങാന്‍ നമ്മള്‍ കൊടുക്കുന്ന സംഭാവന) കൂടെ ചേര്‍ത്ത് ഏകദേശം 1600 രൂപയ്ക്കു സംഗതി പാക്ക് അപ്പ് ആക്കി...

 

സ്പീക്കറും മന്ത്രിയുമൊക്കെ ആകുമ്പോ ഒരുപാട് കാഴ്ചകള്‍ കാണേണ്ടി വരും, അതിനു ചിലപ്പോ വിലകൂടിയ കണ്ണടകളും വേണ്ടിവരും, പൊതു ജനങ്ങള്‍ അങ്ങനെ വല്ല്യ കാഴ്ചകള്‍ ഒന്നും കാണേണ്ട ആവശ്യം ഇല്ല, അഞ്ചു വര്‍ഷം കൂടുമ്പോ ആ വോട്ടിങ് മെഷീനിലെ ചിഹ്നങ്ങള്‍ കാണണംകഴിഞ്ഞ തവണത്തെ 'തെറ്റ്' ആവര്‍ത്തിക്കാതിരിക്കാന്‍ കുറച്ചു വ്യക്തമായി തന്നെ കാണണം, അത്ര തന്നെ.

അതിനു ഈ 1600 ന്റെ കണ്ണട തന്നെ ധാരാളം....

 


വാട്‌സാപ്പില്‍ നിന്നും കിട്ടിയതാണ്
കടപ്പാട്: ഇതെഴുതിയ ആള്‍ക്ക്‌


 

Ad Image