സമൂഹമാധ്യമങ്ങളിലൂടെ സമരം ഉടലെടുക്കുന്നത് രാജ്യാന്തര തലത്തില്‍ സര്‍വസാധാരണമാണ്. അത്തരത്തില്‍ ഒരു വലിയ പ്രക്ഷോഭം ഇന്ത്യയില്‍ ഉണ്ടാകുന്നത് നിര്‍ഭയ സംഭവത്തെ തുടര്‍ന്നാണ്. ആ രൂപത്തിലുള്ള സമരങ്ങള്‍ പിന്നെയും രാജ്യത്ത് ആവര്‍ത്തിച്ചു. ജെ.എന്‍.യു വിഷയത്തിലും, രോഹിത് വെമുല വിഷയത്തിലും, ഉന സംഭവത്തിലും, ജെല്ലിക്കെട്ടിന് വേണ്ടിയുമൊക്കെ.
എന്നാല്‍ അതുപോലെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭം കേരളത്തില്‍ സാമൂഹമാധ്യമങ്ങള്‍ വഴി രൂപം കൊണ്ടത് ചുംബനസമരത്തിനായിട്ടായിരുന്നു. ആ സമരത്തിന്റെ ഉദ്ദേശലക്ഷ്യത്തിനെതിരെയും സംഘാടകര്‍ക്കെതിരെയും പലവിധ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു, അതില്‍ പലതും ശരിയായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു. അതായത് സാമൂഹമാധ്യമ കൂട്ടായ്മയിലൂടെ കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട വലിയ പ്രക്ഷോഭം ഒരു കറുത്ത അദ്ധ്യായമായിട്ടാണ് ഭവിച്ചത്. ചെറുപ്പക്കാരായിരുന്നല്ലോ അതിന് നേതൃത്വം കൊടുത്തതും, പങ്കാളികളായതും. അതിനാല്‍ പുതുതലമുറയ്ക്കും ആ സംഭവം നേടിക്കൊടുത്തത് ചീത്തപ്പേര് തന്നെ.
ഇന്നത്തെ യുവത്വത്തിന്റ പ്രതികരണശേഷി ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഹാഷ് ടാഗിലും,ഡി.പിയിലും,സ്റ്റാറ്റസിലും മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്ന ആക്ഷേപം കുറേകാലമായി മുതിര്‍ന്നവര്‍ ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ആ ആക്ഷേപങ്ങളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് കേരളത്തിന്റെ സമൂഹമാധ്യമ കൂട്ടായ്മ ഒന്നിക്കുകയാണ്. അനിയന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ 750 ദിവസങ്ങളിലേറെയായി ഒറ്റയാള്‍ പോരാട്ടം നയിക്കുന്ന ശ്രീജിത്തിന് വേണ്ടി.
ഹാഷ്ടാഗുകള്‍ക്കോ ക്യാംപെയ്‌നുകള്‍ക്കോ യാതൊരു പഞ്ഞവും ഇല്ലാത്ത നാടാണ് നമ്മുടെ. പക്ഷെ ഇതുവരെയുള്ള ഹാഷ്ടാഗുകളേക്കാള്‍ സ്വീകാര്യതയും പിന്തുണയും ശ്രീജിത്തിനായുള്ളവയ്ക്ക് ലഭിച്ചു, ലഭിച്ചുകൊണ്ടേയിരിക്കുന്നു. അവനോടൊപ്പം, സപ്പോര്‍ട്ട് ശ്രീജിത്ത്, ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്, ശ്രീജിത്തിനൊപ്പം അങ്ങനെ നീളുന്നു ഹാഷ്ടാഗുകള്‍. ഇവിടുത്തെ മറ്റൊരു പ്രത്യേകത, സാധാരണ ഏത് ക്യാംപെയ്‌നും ആരംഭിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം തന്നെ എതിര്‍ക്കുന്നവരും ഉണ്ടാകും. എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ അത് ഉണ്ടായിട്ടില്ല, രാഷ്ട്രീയ മുതലെടുപ്പുകാരുടേത് ഒഴിച്ചാല്‍. ഈ വിഷയം വലിയ ചര്‍ച്ചയായതോടെ രാഷ്ട്രീയ സാസ്‌കാരിക പ്രമുഖരെല്ലാം പിന്തുണയുമായി ശ്രീജിത്തിനടുത്തെത്തി, പതിവുപോലെ. മുഖ്യധാര മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയും ചെയ്തു. ഞായറാഴ്ച ശ്രീജിത്തിന് പിന്തുണയുമായി നവമാധ്യമ കൂട്ടായ്മ തലസ്ഥാനത്ത് ഒത്തുചേരുകയും ചെയ്തു.
മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനിയന്‍ ശ്രീജീവിന്റെ മരണം കൊലപാതകമാണ്, ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. അതിന് വേണ്ടി താന്‍ മരിക്കാന്‍ പോലും തയ്യാറാണ്, തന്റെ ആരോഗ്യം എത്ര ക്ഷയിച്ചാലും ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടേ വീട്ടിലേയ്ക്ക് മടങ്ങൂ എന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്. ആ നിശ്ചയദാര്‍ഢ്യത്തിന് പിന്നിലാണ് കേരളീയ സമൂഹമാധ്യമ കൂട്ടായ്മ ഒന്നിച്ചിരിക്കുന്നത്. ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും,കളിയാക്കാനും,ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.