Skip to main content

cyclone-ockhi

ഇപ്പോഴത്തെ ചുഴലിക്കാറ്റും അതിന്റെ ഫലമായുണ്ടായ ദുരിതങ്ങളും നമ്മുടെ ഭരണാധികാരികളെയും നമ്മളെയും ഒരുപാടു പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്നതും എന്നാല്‍ ഏറ്റവും ലളിതവുമായ ഒന്ന് ഔദ്യോഗികമായ ആശയവിനിമയത്തിന് നാം ഇന്നും ആശ്രയിച്ചുവരുന്ന ആ പഴഞ്ചന്‍ പദാവലികള്‍ ചവറ്റുകൊട്ടയിലിട്ട് പകരം നേരാംവണ്ണം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ കാര്യം പറയാന്‍ പഠിക്കുക എന്നതാണ്. മുന്നറിയിപ്പു വൈകി, രക്ഷാപ്രവര്‍ത്തനം വേണ്ടവിധത്തിലായില്ല, ദുരിതാശ്വാസത്തില്‍ വീഴ്ച പറ്റി എന്നൊക്കെയാണല്ലോ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങള്‍. ഇതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മാറിമാറി പഴി കേട്ടുകൊണ്ടിരിക്കുന്നു. അതില്‍ ചിലതൊക്കെ കഴമ്പുള്ളതാണെന്നു തോന്നാമെങ്കിലും എല്ലാ ആരോപണങ്ങളുടെയും അന്തര്‍ധാരയായി നിലകൊള്ളുന്ന ഒരു സുപ്രധാന ഘടകം ശ്രദ്ധാകേന്ദ്രമാവാന്‍ പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്നത് കാണാതെ പോകരുത്.
   

മുന്നറിയിപ്പിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു മുന്നറിയിപ്പ് വേണ്ട സമയത്തു തന്നെ അയച്ചെന്നും ഇല്ലെന്നുമുള്ള തര്‍ക്കം അനന്തമായി നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.ഒപ്പം സന്ദേശത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള സംശയങ്ങളും.ഉന്നത ഉദ്യോഗസ്ഥരെ മാത്രം കുത്തിനിറച്ചുണ്ടാക്കിയ ദുരന്തനിവാരണ അതോറിറ്റിയില്‍, സന്ദേശം കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവുള്ള വിദഗ്ധരില്ലാത്തതാണ് പ്രശ്‌നമെന്നും കൂട്ടത്തില്‍ പറഞ്ഞുകേട്ടു.അതിനിടയ്ക്കാണ് തങ്ങള്‍ എല്ലാം വേണ്ടതുപോലെ ചെയ്തിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ വക്താക്കള്‍ നല്‍കിയ വിശദീകരണത്തിന്റെ വരവ്. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ്‌സെക്രട്ടറിക്കും യഥാസമയം തന്നെ നല്‍കിയ കാലാവസ്ഥാ ബുള്ളറ്റിനുകളെല്ലാം തന്നെ ചുഴലിക്കാറ്റുണ്ടാവുമെന്ന് വ്യക്തമായ സാങ്കേതിക സൂചനകള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു എന്നാണ് അവര്‍ സമര്‍ത്ഥിക്കുന്നത്.
   

അവിടെയാണ് പ്രശ്‌നത്തിന്റെ കാതലും.എന്തൊക്കയാണ് ഈ വ്യക്തമായ സൂചനകള്‍ ? ന്യൂനമര്‍ദ്ദം അതിന്യൂനമര്‍ദ്ദമാകാനുള്ള സാധ്യത,കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ്, കാലാവസ്ഥാ ബുള്ളറ്റിനിലെ നിറവ്യത്യാസം, പിന്നെ ഇതൊന്നും പോരാതെ ആറാം ബുള്ളറ്റിനിലെ ഉപഗ്രഹചിത്രത്തില്‍ 'ഡീപ് ഡിപ്രെഷനെ'ന്ന് ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയതും.ഇതില്‍പ്പരം ഒരു വ്യക്തത അവര്‍ക്കു സങ്കല്‍പിക്കാനേ ആവില്ലെന്നു തോന്നും അവരുടെ വിശദീകരണം കണ്ടാല്‍. ഔദ്യോഗികഭാഷ ഇങ്ങനെയൊക്കെയേ ആകാവൂ എന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ആയിക്കോട്ടെ. ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും ഇത്രയും വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു. ഇടയ്ക്ക് കേന്ദ്രവും സംസ്ഥാനവും ദുരന്തനിവാരണ അതോറിറ്റിയും ഒന്നും വേണ്ട.മത്സ്യത്തൊഴിലാളികള്‍ പത്രം വായിച്ച് സ്വയം സ്വന്തം കാര്യം നോക്കിയിട്ടുണ്ടാവുമായിരുന്നു.ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായ, സാങ്കേതികപദങ്ങള്‍ കുത്തിനിറച്ച് സാധാരണക്കാര്‍ക്ക് വായിച്ചാല്‍ ഒന്നും മനസ്സിലാകാത്തവിധത്തിലാവണം കത്തുകളും സന്ദേശങ്ങളുമെന്ന നിര്‍ബന്ധബുദ്ധി ഔദ്യോഗിക രേഖകളില്‍ പോലും ഇനിയും തുടരണോ എന്ന് ചിന്തിക്കാന്‍ അധികാരികള്‍ ഇപ്പോഴും മടിക്കുന്നത് ഇതുപോലെ വ്യാഖ്യാനങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിമാറിക്കൊണ്ട് ഏത് ഉത്തരവാദിത്വത്തില്‍ നിന്നും തടിതപ്പാമെന്ന സൗകര്യം നിനച്ചായിരിക്കുമോ എന്നു പോലും തോന്നിപ്പോകുന്നു.
 

ഇത്രയും എഴുതിയത് ,രക്ഷാപ്രവര്‍ത്തനം വൈകിയതിലും ദുരിതാശ്വാസത്തിലെ പാളിച്ചകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിമുക്തരാക്കി എല്ലാ പഴിയും കാലാവസ്ഥാ വിഭാഗത്തിലെ ചില ഉഗ്യോഗസ്ഥരുടെ തലയില്‍ മാത്രമായി കെട്ടിവെയ്ക്കാനാണെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ.കാലാകാലങ്ങളായി നിലനിന്നു വരുന്ന ഔദ്യോഗിക എഴുത്തുരീതി ലളിതവും കൂടുതല്‍ സംവേദനക്ഷമവുമാക്കിയാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പരാശ്രയം കൂടാതെ നേരിട്ട് കാര്യങ്ങളറിയാന്‍ കഴിയുമല്ലോ എന്നു മാത്രമേ കരുതിയിട്ടുള്ളൂ.അതിനു പ്രേരകമായത് ആപത്ഘട്ടങ്ങളില്‍ പോലും രാഷ്ട്രീയനേതൃത്വങ്ങളില്‍ കാണുന്ന മനുഷ്യസഹജമല്ലാത്ത ഈ മന്ദത തന്നെയാണ്.ഏറ്റവും അമ്പരിപ്പിക്കുന്നത്, സാധാരണക്കാരന്റെ നാഡിമിടിപ്പറിയുന്ന ആളെന്നു നാം കരുതുന്ന മുഖ്യമന്ത്രി ഭരണകേന്ദ്രത്തില്‍ നിന്ന് നാലഞ്ചു കിലോമീറ്റര്‍ മാത്രം അകലത്തുള്ള കടപ്പുറം വരെയെങ്കിലുമൊന്നു പോയി നേരിട്ട് കാര്യങ്ങള്‍ കണ്ടറിയാന്‍ ദുരന്തത്തിന്റെ ആദ്യനാളുകളില്‍ തയ്യാറായില്ലെന്ന വസ്തുതയാണ്.ഒന്നും പ്രഖ്യാപിക്കാനല്ല-ഞാനുണ്ട് നിങ്ങളോടൊപ്പമെന്ന വിശ്വാസം വളര്‍ത്താന്‍,അല്ലാതെ കേന്ദ്രമന്ത്രി ചെയ്ത പോലെ കൈകൂപ്പി യാചിച്ച് കൈയടി നേടാനുമല്ല.
                                                                   

 

 

 

മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ് എന്‍.ബാലകൃഷ്ണന്‍


   
      

 

Ad Image