കനകദുര്‍ഗയും ബിന്ദു അമ്മിണിയും മലമുകളില്‍ ദര്‍ശനം നടത്തിയപ്പോള്‍ ഇങ്ങ് സമതലത്തിലിരുന്ന് പ്രസ്താവന വന്നു. ഇനിയും നവോത്ഥാന കേരളം യുവതികളെ മലയിലേക്കയക്കും. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ വേഷം മാറ്റി വ്യാജ വാര്‍ദ്ധക്യം കാണിച്ച് ദര്‍ശനം നടത്തിയത് നവോത്ഥാന കേരളം പ്രസ്ഥാനക്കാര്‍ക്ക് തന്നെ നാണക്കേടായി. കാരണം ചരിത്രപരമായ യുവതീ ദര്‍ശനം കാപട്യത്തിലൂടെയും ഇരുളിന്റെ മറവിലൂടെയും ആയിപ്പോയി. സത്യത്തിന്റെ സന്നിധാനത്തില്‍ അസത്യത്തിന്റെ മറവിലൂടെയെന്ന പഴി. മല കയറിയ യുവതികളും പറഞ്ഞു, തങ്ങളെ വേഷം മാറ്റിച്ച് വിട്ടത് നവോത്ഥാന കേരളം കൂട്ടായ്മക്കാരാണെന്ന്. അതിന്റെ നേതാവ് ശ്രേയസ് ചാനലുകളില്‍ തങ്ങളുടെ വിജയം പോലെ മലകയറ്റത്തെ ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു സംഘം പുരുഷന്മാരുടെ അകമ്പടിയിലാണ് കണ്ണൂരില്‍ നിന്ന് രേഷ്മയും ഷാനിലയും എത്തിയത്. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ആണുങ്ങളുടെ നടുവിലൂടെ മല കയറാനെത്തിയതാണ്. അവരും നവോത്ഥാന കേരളം കൂട്ടായ്മയുടെ പ്രതിനിധികള്‍.
ഇടത് മുന്നണിയായാലും ബി.ജെ.പിയായാലും യു.ഡി.എഫാണെങ്കിലും ശബരിമല വിധിയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയമാണ് കളിക്കുന്നത്.
അധികാരം പിടിക്കാനുള്ള ഒരു സംഘം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരുടെ അത്യാര്‍ത്തിയാണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇവിടെ യുവതികളെ കയറ്റാനായാലും യുവതികളെ തടഞ്ഞുകൊണ്ടായാലും നടത്തുന്ന എല്ലാ ശ്രമങ്ങളുടെയും ലക്ഷ്യം തിരഞ്ഞെടുപ്പ് തന്നെ.
സ്ത്രീ പുരുഷ സമത്വത്തിന്റെ പേരിലുള്ള സുപ്രീം കോടതി വിധിക്ക് ശേഷം കേരളത്തില്‍ കാണുന്നത് ആണുങ്ങളുടെ കളിപ്പാവകളായി മാറ്റപ്പെടുന്ന സ്ത്രീ അവസ്ഥയാണ്. സ്ത്രീകളെ തെരുവില്‍ ഇറക്കിയും വേഷം മാറ്റി മലകയറ്റിച്ചും അല്ലാതെയും ഒക്കെ ആണുങ്ങള്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി വിധിക്ക് ശേഷം കേരളത്തിലെ സ്ത്രീകളുടെ പൊതുഅവസ്ഥ പരിതാപകരമായി ഇടിഞ്ഞിരിക്കുന്നു. ദൗര്‍ബല്യത്തെ ശാക്തീകരണമാക്കി രാഷ്ട്രീയലക്ഷ്യം നേടാന്‍ ആണുങ്ങള്‍ പെണ്ണുങ്ങളുടെ മേല്‍ മതിലായും നാമജപമായും മലചവിട്ടലായും ഒക്കെ അടിച്ചേല്‍പ്പിക്കല്‍ നടത്തുന്നു.