2019 ജനുവരി ആറിന് മമ്മൂട്ടി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വീട്ടില്‍ പോയി എന്നു കരുതുക. ലോകത്തില്‍ തന്നെ ഏറ്റവുമധികം പൈങ്കിളിവത്ക്കരിക്കപ്പെട്ട മുഖ്യധാരാമാധ്യമങ്ങള്‍ ഉള്ള കേരളത്തില്‍ അത് ആഘോഷിക്കപ്പെടുമായിരുന്നു, മാധ്യമങ്ങള്‍ ആ സന്ദര്‍ശനം അറിയുന്ന പക്ഷം.' മഹാരാജാസിലെ ഓര്‍മ്മകള്‍ അയവിറക്കി മഹാനടനും മഹാകവിയും' എന്നു തുടങ്ങി ഊഹിക്കാവുന്ന എല്ലാ തലക്കെട്ടുകളിലും ആ സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വന്‍ സംഭവമാക്കുകയും ചെയ്‌തേനെ. ചാനല്‍- പത്ര വ്യത്യാസമില്ലാതെ. പത്രങ്ങള്‍ ചിലപ്പോള്‍ അവരുടെ സപ്ലിമെന്റ് അതിനുവേണ്ടി തന്നെ മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നു. എല്ലാത്തിലും നിറഞ്ഞ് നില്‍ക്കുമായിരുന്നത് 'ഒരുവട്ടം കൂടിയുള്ള ഒര്‍മ്മകളുടെ' നെല്ലിക്കാ തീറ്റയും തൊടിയിലെ വെള്ളം കുടിയും. അങ്ങിനെ വീണ്ടും മഹാരാജാസിനെ ലിപ്സ്റ്റിക്കും പുട്ടിയുമിട്ട് പെര്‍ഫ്യൂമുമൊക്കെയടിച്ച് മലയാളിക്ക് മുന്നിലേക്ക് എത്തിച്ചേനെ. മമ്മൂട്ടിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും മതത്തെക്കുറിച്ചോ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മതപരിവര്‍ത്തനത്തെക്കുറിച്ചോ ആരും ഓര്‍ക്കുകയില്ലായിരുന്നു.
മലയാളത്തിലെ നടി കൊച്ചി നഗരത്തില്‍ പീഡിപ്പിക്കപ്പെട്ടതിനു ശേഷമുണ്ടായ തന്റെ നിലപാടിനെത്തുടര്‍ന്ന് പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും മോശമല്ലാത്ത വിധം പ്രതിച്ഛായ ഇടിവ് പറ്റിയ നടനാണ് മമ്മൂട്ടി. കേരളം കണ്ട ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഒന്നായ ആ സംഭവത്തില്‍ ഇപ്പോഴും സ്വന്തം നിലയിലോ സംഘടനാതലത്തിലോ മമ്മൂട്ടിയുടെ നിലപാടില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. മാധ്യമഭാഷയില്‍ പറഞ്ഞാല്‍ വേട്ടക്കാരനോടും ഇരയോടും ഒരേ സമീപനം തന്നെ. വേട്ടക്കാരനോട് അനുകമ്പ കുറച്ച് കൂടുതലെന്നു മാത്രം. മാധ്യമപ്രവര്‍ത്തകരെ എം.എല്‍.എ മുകേഷ് അധിക്ഷേപിച്ചപ്പോഴും അദ്ദേഹത്തിന്റെ മൗനസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ കേന്ദ്രമാക്കിയുള്ള പൈങ്കിളിക്കഥകള്‍ക്ക് പണ്ടത്തെപ്പോലുള്ള കമ്പോളം കുറവായിരുന്നു. എന്നാല്‍ 2019 ജനുവരി ആറിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ ആ പ്രതിച്ഛായ അദ്ദേഹം തിരിച്ചുപിടിച്ചിരിക്കുന്നു. 2019 ജനുവരി ഏഴിന് ശേഷം മമ്മൂട്ടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വീട്ടില്‍ പോയാല്‍ മമ്മൂട്ടി പറഞ്ഞ വാചകം യാഥാര്‍ത്ഥ്യമാകുന്നു' പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അത് സൗഹൃദം. ഇന്നു വന്നാല്‍ അത് മതസൗഹാര്‍ദ്ദം'
വര്‍ഗീയ ചിഹ്നങ്ങള്‍ ജനങ്ങളിലൂടെ അവതരിപ്പിച്ച് വര്‍ഗീയമായ വേര്‍തിരിവിന് മതങ്ങള്‍ നന്നായി ശ്രമിക്കുന്നുണ്ട്. കിണഞ്ഞ് പരിശ്രമിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് അവരുടെ അജണ്ട നടപ്പാക്കാന്‍ പറ്റുകയുളളൂ. അത്തരക്കാര്‍ ഒരു കൊല്ലം കൊണ്ടു വിചാരിച്ചാല്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത വര്‍ഗീയമായ ചിന്തയാണ് മമ്മൂട്ടിയുടെ ഒറ്റവാചകം കൊണ്ട് കേരളസമൂഹത്തിലുണ്ടായത്. മമ്മൂട്ടിയുടെ പ്രതിച്ഛായ റോക്കറ്റ് പോലെ ഉയര്‍ന്നു എന്നുള്ളത് വാസ്തവം. അക്രമത്തെ അക്രമം കൊണ്ട് നേരിടുമ്പോള്‍ പ്രത്യക്ഷത്തില്‍ അത് അക്രമത്തിനെതിരാണെന്നു തോന്നും. എന്നാല്‍ വര്‍ദ്ധിക്കുന്നത് അക്രമം തന്നെയാണ്. അതുപോലെയാണ് ഇവിടെയും സംഭവിച്ചത്. എന്തുകൊണ്ടാണ് മലയാളിയുടെ മനസ്സില്‍, ചുരുങ്ങിയത് മാധ്യമങ്ങളുടെ മനസ്സില്‍ പോലും തോന്നാന്‍ ഇടയില്ലാതിരുന്ന ചിന്ത മമ്മൂട്ടിയുടെ ഉള്ളില്‍ വന്നത്? എന്തുകൊണ്ട് മഹാകവി അതു തലകുലുക്കി സമ്മതിച്ച് ആ വാചകം വൈറലാകാന്‍ അനുവദിച്ചു. കേരളം ധീരതയോടെ ചിന്തിക്കേണ്ട വിഷയമാണ്. വര്‍ഗ്ഗീയ കക്ഷികള്‍ വിചാരിച്ചാല്‍ മാത്രം വളരുന്ന ഒന്നല്ല വര്‍ഗ്ഗീയത. ആ ചിന്തയിലേക്ക് മലയാളിക്ക് പ്രവേശിക്കാം, മമ്മൂട്ടിയിലൂടെ.(തുടരും)