രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ദേശാഭിമാനിയില്‍ വരുന്നു. ആ മുഖപ്രസംഗത്തിനകത്ത് സി.പി.എമ്മിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ചില വസ്തുതകള്‍ ഉണ്ടായിരുന്നു. എങ്കിലും അതിന്റെ തലക്കെട്ടില്‍ നിറഞ്ഞു നിന്ന വികാരം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയുമായിരുന്നു. ആ വിദ്വേഷത്തോടും വെറുപ്പിനോടുമുള്ള പ്രതികരണമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയത്. തന്നെക്കുറിച്ച് എന്തും പറഞ്ഞോട്ടെ എന്നാല്‍ താന്‍ സി.പി.എമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ല എന്ന്. കേരളത്തിന്റെ സമീപകാല സാമൂഹിക പശ്ചാത്തലത്തിലുണ്ടിയിട്ടുള്ള വളരെ വ്യത്യസ്തമായ പ്രതികരണമായിരുന്നു ഇത്.
രാഹുല്‍ ഗന്ധി ഒരു പണ്ഡിതനല്ല ബുദ്ധിജീവിയല്ല ത്വാത്വികാചാര്യനുമല്ല. എന്നാല്‍ ത്വാത്വികാചാര്യന്മാരും ബുദ്ധിജീവികളും നിറഞ്ഞ സി.പി.എമ്മിന്റെ പത്രമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കളിയാക്കിക്കൊണ്ട് എഡിറ്റോറിയല്‍ എഴുതിയത്. സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ തീരെ കഴിവുകെട്ട ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരം ഒരു പ്രതികരണം ഉണ്ടായത്. ഇക്കാര്യം സി.പി.എം പ്രവര്‍ത്തകര്‍ മത്രമല്ല കേരളത്തിലെ ഓരോ വ്യക്തിയും ആലോചിക്കേണ്ടതാണ്. സി.പി.എമ്മിലെ ഒരു നേതാവില്‍ നിന്ന് രാഹുല്‍ ഗന്ധി നടത്തിയതുപോലുള്ള പ്രസ്താവന ഉണ്ടാകണമെങ്കില്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരും?
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം പകയും വിദ്വേഷവും നിറഞ്ഞ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും നിറഞ്ഞിരിക്കുന്ന ഈ സമയത്ത് ഇതുപോലുള്ള പ്രതികരണങ്ങളോട് അനുഭാവ പൂര്‍ണം പെരുമാറാന്‍ സി.പി.എം ശ്രമിക്കണം. പ്രത്യേകിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും രാഹുലിന്റെ സാന്നിധ്യമുണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാവുന്നതാണ്. പക്ഷേ ആ ബുദ്ധിമുട്ടിനെ ലഘൂകരിക്കുന്ന നടപടികളാണ് സി.പി.എമ്മില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും ഉണ്ടാകേണ്ടത്. പൊതുസമൂഹത്തിന്റെ മുന്നില്‍ സ്വീകാര്യത കിട്ടുന്നപ്രസ്താവന വരുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക എന്നതാണ് എതിര്‍പക്ഷത്തുള്ളവരുടെ സ്വീകര്യത ഉയര്‍ത്തുക. മറിച്ച് അതിനെ എതിര്‍ക്കുമ്പോള്‍ പ്രസ്താവന നടത്തിയവരുടെ സ്വീകര്യതയാണ് വര്‍ദ്ധിപ്പിക്കുക. ഇക്കാര്യം മുഖ്യമന്ത്രി ഓര്‍ക്കണം.