Skip to main content

 congress-manifesto

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കി. മിനിമം വരുമാന പദ്ധതിയായ ന്യായ്, തൊഴില്‍, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ജി.എസ്.ടി പൊളിച്ചെഴുത്ത് എന്നീ കാര്യങ്ങളാണ് ഏറ്റവും പ്രധാന വാഗ്ദാനങ്ങളായി കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതില്‍ കൃഷിക്കായി പ്രത്യേജ ബജറ്റ് എന്ന പ്രഖാപനം തികച്ചും സ്വാഗതാര്‍ഹമാണ്. കാരണം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രത്യേക ബജറ്റിലൂടെ കൂടുല്‍ ശ്രദ്ധയും പണവും ഈ മേഖലയിലേക്ക് കൊണ്ടുവരാനാകും. അതോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്ക് നിലവില്‍ അനുവദിക്കുന്ന തുകയുടെ ഇരട്ടി ജി.ഡി.പിയുടെ ആറ് ശതമാനം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മാറ്റിവയ്ക്കും എന്ന വാഗ്ദാനവും സ്വീകാര്യമാണ്.

 

എന്നാല്‍ കൃഷിക്കും വിദ്യാഭ്യസത്തിനുമായി മാറ്റി വയ്ക്കപ്പെടുന്ന തുക എങ്ങിനെ വിനിയോഗിക്കുമെന്നോ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കുമൊന്നോ പ്രകടനപത്രകിയില്‍ വ്യക്തതയില്ല. തുക മാറ്റിവയ്ക്കപ്പെടുന്നതിനേക്കാള്‍ പ്രധാനം അവ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തും എന്നതാണ്. അനുവദിക്കപ്പെടുന്ന തുകകള്‍ വ്യക്തമായ ദിശാ ബോധത്തോടെ വിനിയോഗിച്ചാല്‍ മാത്രമേ രാജ്യ പുരോഗതി സംഭവിക്കുകയുള്ളൂ. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം കൃഷി നിലനില്‍പ്പിന്റെയും വിദ്യാഭ്യാസം ഭാവിയുടെയും കാര്യമാണ്. ഈ രണ്ട് മേഖലയും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ ഭാവി സുരക്ഷിതമാവുകയുള്ളൂ. എന്നാല്‍ അക്കാര്യം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നില്ല.

 

ലോകത്തെ ഏറ്റവും കൂടതല്‍ യുവാക്കളും യുവതികളുമുള്ള രാജ്യമായി വരുന്ന പത്ത് വര്‍ഷം ഇന്ത്യമാറുകയാണ്. ആ സാഹചര്യത്തില്‍. ഇന്ത്യന്‍ യുവത്വത്തെ ഏത് രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നു എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക വ്യക്തത നല്‍കുന്നില്ല. തൊഴില്‍ സൃഷ്ടിക്കും സംരംഭകത്വം വളര്‍ത്തുമെന്ന പരാമര്‍ശമുണ്ടെങ്കിലും രാജ്യത്തിന്റെ ഉന്നമനവുമായി അതിനെ ബന്ധപ്പെടുത്തുന്ന പദ്ധതികളൊന്നും അവതരിപ്പിച്ചിട്ടില്ല. ഇന്നത്തെ കാലഘട്ടം സാങ്കേതികതയുടേതാണ്. അക്കാര്യത്തെക്കുറിച്ചും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നില്ല.  മറ്റുള്ള വാഗ്ദാനങ്ങളിലേക്ക് വന്നാല്‍, ന്യായ് ആയാലും തൊഴിലുറപ്പായാലും കാര്‍ഷിക കടമായാലും പ്രീണന സ്വഭാവമുള്ളവയാണ്.

 

 

Ad Image