Skip to main content

rahul-ak antony

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നു എന്ന തീരുമാനം പുറത്തുവിട്ടതിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആണോ? ആകാനുള്ള എല്ലാ സാധ്യതയും രാഹുല്‍ -വയനാട് പ്രതിഭാസത്തിലേക്ക് നോക്കിയാല്‍ കാണാന്‍ കഴിയും. ഒരു മണ്ഡലത്തില്‍  മത്സരിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കാന്‍ ഇത്രയും സമയവും ആശയക്കുഴപ്പവും നേരിടുന്ന ഒരു വ്യക്തി പ്രധാനമന്ത്രിയായാല്‍ തീരുമാനം എടുക്കുന്നത് എങ്ങനെ ആകും എന്ന കാതലായ ചോദ്യം ഇവിടെ ഉയരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിടത്തുപോലും വയനാട്ടില്‍ നടന്ന വിധമുള്ള അസംബന്ധ നാടകം അരങ്ങേറിയിട്ടില്ല. വിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് പ്രചാരണവുമായി മുന്നേറുന്ന സമയത്താണ് അത് നിര്‍ത്തിവെച്ചുകൊണ്ട് രാഹുല്‍ഗാന്ധി മത്സരിക്കുന്നു എന്ന അറിയപ്പ് എ.ഐ.സി.സി സെക്രട്ടറി  ഉമ്മന്‍ചാണ്ടിയിലൂടെ കേരളവും രാജ്യവും അറിയുന്നത്. പിന്നീട് അത് കോണ്‍ഗ്രസിന്റെ വക്താവായ സുര്‍ജേവാല ഏതാണ്ട് സ്ഥിരീകരിക്കുകയും ചെയ്തു .

    

രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും ചര്‍ച്ചയില്‍ ഏര്‍പ്പെടാതെ ഇത്തരമൊരു പ്രഖ്യാപനം ഒരിക്കലും ഉമ്മന്‍ചാണ്ടിയില്‍നിന്ന് വരില്ല. സ്വാഭാവികമായിട്ടും എ.കെ ആന്റണിയുടെ തീരുമാനം ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത ജനിക്കുകയും ഇല്ല. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയുടെ വൃത്തത്തില്‍ നിന്ന് പുറത്ത് കടക്കാതിരുന്നതിനാലാകാം ദേശീയ രാഷ്ട്രീയം എ.കെ ആന്റണിയില്‍ സ്വാധീനം ചെലുത്താതിരുന്നത്. ആദര്‍ശ പരിവേഷത്തോടെ മാധ്യമ പൈങ്കിളി സഹായത്താല്‍  ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവാണ് എ.കെ ആന്റണി. അദ്ദേഹത്തിന്റെ മകനേയും ആ പാതയിലൂടെ നയിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് സംശയിച്ചാല്‍ അത് അസ്ഥാനത്താവില്ല. കാരണം രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന വാര്‍ത്തയോടൊപ്പം മറ്റൊരു വാര്‍ത്തയും പ്രചരിക്കപ്പെട്ടു .അഖില്‍ ആന്റണി ഈ നിര്‍ദേശം ആദ്യം തന്നെ മുന്നോട്ടുവച്ചിരുന്നു എന്ന്.

 

അതെന്തുമാകട്ടെ കേരളത്തില്‍ എല്ലാ നിയോജകമണ്ഡലത്തിലെയും  പ്രചാരണം മുന്നോട്ടുപോയപ്പോള്‍ മൂര്‍ധന്യത്തില്‍ വച്ച് വയനാട്ടില്‍ അത് നിര്‍ത്തി വയ്ക്കപ്പെട്ടു. അവിടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകരുടെയും അവസ്ഥ ആലോചിച്ചു നോക്കാവുന്നതാണ്. ഐക്യജനാധിപത്യ മുന്നണിക്ക് വയനാട് മണ്ഡലത്തില്‍ ശക്തി ഉണ്ടായതിന്റെ പേരില്‍ അവിടുത്തെ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടിവന്ന ഗതികേട്. ആശയക്കുഴപ്പങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടെന്ന് മനസ്സിലാക്കി അപ്പോഴെങ്കിലും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ പോയി. ഇത് വയനാട്ടിലെ ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ അനാദരവും അനീതിയുമാണ്.  

 

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ  ഗ്രൂപ്പുകളിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ വലിച്ചിഴച്ചു. അതിന് നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. അപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യം ഇതു തന്നെയായിരിക്കും. ഒരു മണ്ഡലത്തില്‍ മത്സരിക്കണോ വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ രാജ്യകാര്യങ്ങളില്‍ സചിന്തിതമായ തീരുമാനമെടുക്കാന്‍ കഴിയും. അദ്ദേഹത്തിനൊപ്പം അത്തരത്തില്‍ ചിന്തിച്ച് ഉപദേശിക്കാന്‍ ശേഷിയുള്ള ഉപദേശക സാന്നിധ്യവും ഇല്ലെന്നുള്ളതാണ് രാഹുല്‍ - വയനാട് പ്രതിഭാസം വ്യക്തമാക്കുന്നത്.

 

Tags
Ad Image