Skip to main content

2019 Election

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും അത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ദോഷം ചെയ്യും. ഒപ്പം ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളും വന്നുചേരും. അമേഠിയിലെ ആത്മവിശ്വാസക്കുറവ് കൊണ്ടാണ്  ഈവിധം ചിന്തിക്കാന്‍ കാരണമായത് എന്നുള്ളത്  വാസ്തവമാണ്. അത് പരോക്ഷമായി ബി.ജെ.പിയുടെ മേല്‍ക്കൈയെയും ആത്മവിശ്വാസത്തെയും സമ്മതിച്ചു കൊടുക്കലാണ്. വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പോലും ധാരണ ഇല്ലാത്തവരില്‍ നിന്നായിരിക്കണം ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ബി.ജെ.പിയെ  ഒന്ന് പിടിച്ചു കുലുക്കിക്കൊണ്ട് രാജ്യത്തുടനീളം കോണ്‍ഗ്രസും പ്രതിപക്ഷവും  ആത്മവിശ്വാസം ഉയര്‍ത്തിക്കൊണ്ടുവന്ന സമയത്താണ് ഇത്തരത്തിലൊരു ബുദ്ധിശൂന്യമായ ആശയം എവിടെയോ ഉദിച്ചതും അത് കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ ആഘോഷമാക്കിയതും.

rahul-gandhi

മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിലൂടെ  രാഹുല്‍ ഗാന്ധി ആര്‍ജ്ജിച്ച ആത്മവിശ്വാസവും നേതൃപാടവവും ആണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ  ഒരു പരിധിവരെ ഇല്ലാതാക്കിക്കളഞ്ഞത്. തീര്‍ച്ചയായും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അത് ദേശീയതലത്തില്‍ നേട്ടം ആകുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്കായിരിക്കും. സംശയമില്ല.

 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നു അതല്ലെങ്കില്‍ മത്സരിച്ചേക്കും എന്ന് ഏതാണ്ട് അസന്നിഗ്ദ്ധമായി കേരളജനതയെ ആദ്യമായി അറിയിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിദ്ദിക്കുമായി താന്‍ ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ  ഉദാഹരണമായി വയനാട് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ പക്കല്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സീറ്റ് പിടിച്ചെടുത്തത് ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സംബന്ധിച്ച് നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് പുതിയ സംഭവവികാസം ആക്കം കൂട്ടിയിട്ടുണ്ട്.

 

ഉമ്മന്‍ചാണ്ടിയുടെ തന്നെ ആ പ്രഖ്യാപനം വന്നത് കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് സാന്നിധ്യത്തെ ഒന്നുകൂടി വിളിച്ചറിയിക്കുന്നതും ഉറപ്പിക്കുന്നതും ആയിരുന്നു. ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടുകൂടി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളിലും കാലുവാരല്‍ നടക്കും എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്ത് അതിനെ സാധൂകരിക്കുന്നതായി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.  ഈ സംഭവം സൃഷ്ടിച്ച ഗ്രൂപ്പ് അസ്വാരസ്യങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കാന്‍ ഉള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ബി.ജെ.പിക്ക് കേരളത്തില്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു നല്ല ദേശീയ പ്രചരണ വിഷയമായി രാഹുലും വയനാടും മാറിക്കൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍  ഉരുത്തിരിഞ്ഞുവരുന്ന തിരഞ്ഞെടുപ്പു പ്രചാരണചിത്രം.

 

Ad Image