ചാനലുകള്‍ തുറന്നാലും മറ്റ് മാധ്യമങ്ങള്‍ നോക്കിയാലും നാലാള്‍ കൂടുന്നിടത്ത് നിന്നാലും ഏതെങ്കിലും പ്രസംഗം കേള്‍ക്കേണ്ടി വന്നാലും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നു 'വികസനം'. വികസനം എന്നത് ഒരു രോഗാവസ്ഥ ആയിരിക്കുന്നു. അതിന്റെ ഉന്മാദാവസ്ഥ പ്രകടമാകുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. വികസനം എന്നത് എല്ലാവരും എപ്പോഴും ഉരുവിടുന്നു. വോട്ടര്‍ക്കും വേണ്ടത് വികസനം. സ്ഥനാര്‍ത്ഥി കൊണ്ടുവരുമെന്ന് പറയുന്നതും വികസനം. കൊണ്ടുവന്നതിനെ പറ്റി പറയുന്നതും വികസനം. ഇതാണ് ഈ രോഗത്തിന്റെ ഉന്മാദ അവസ്ഥ.
എന്താണ് വികസനം എന്ന് ചോദിച്ചാല്‍ ഈ പറയുന്ന ഓരോരുത്തരും അവരുടെ ഭാവനയിലേക്ക് പ്രവേശിക്കും. പൊതുവെ വികസനമെന്നാല്‍ കേരളത്തിലിപ്പോള്‍, നല്ല കൃഷിയിടങ്ങളോ വയലോ ഉണ്ടെങ്കില്‍ അത് നികത്തി ഒന്നുകില്‍ റോഡ് അല്ലെങ്കില്‍ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടുക എന്ന രീതിയിലായിട്ടുണ്ട്. ഇതാണ് വികസന രോഗത്തിന്റെ മുഖ്യ ലക്ഷണം. 2018 ലെ പ്രളയത്തിലൂടെ ഈ വികസന രോഗത്തെ മലയാളിയെ ഓര്‍മ്മിപ്പിക്കാന്‍ പ്രകൃതി ഒന്ന് ശ്രമിച്ചതാണ്. എന്നാല്‍ 'നവകേരള നിര്‍മാണവും' 'നവോത്ഥാനവുമായി' രോഗം മൂര്‍ഛിക്കുകയാണുണ്ടായത്.
ഏത് ചെറിയ നിര്‍മ്മാണ ശകലങ്ങളും നോക്കിയാല്‍ അതിലിപ്പോള്‍ പൊതുവെ കാണുന്ന ഒന്നുണ്ട് ' .......................... എം.പിയുടെ / എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചത്.' ഇത് കണ്ടാല്‍ തോന്നുക എം.എല്‍.എയുടെയോ എം.പിയുടെയോ സ്വകാര്യ ധനം ചെലവഴിച്ച് ചെയ്തതാണെന്ന്. വികസന രോഗത്തിന്റെ ഏറ്റവും പ്രകടമായൊരു ലക്ഷണമാണിത്. വിനാശകരമായ നിര്‍മ്മാണങ്ങളില്‍ പോലും മാര്‍ബിളില്‍ കൊത്തിവച്ച ഇത്തരം ലിഖിതങ്ങള്‍ കാണാം. ഓരോ നികുതിദായകന്റെയും ധനമാണ് ഇത്തരം ശിലാലിഖിതങ്ങള്‍ക്ക് വേണ്ടിയും ചെലവഴിക്കപ്പെടുന്നതെന്ന് ഈ രോഗാവസ്ഥയില്‍ മലയാളി തിരിച്ചറിയുന്നില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കണക്ക് നിരത്തിയും വാഗ്ദാനം നല്‍കിയും ഈ രോഗാവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്.