കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ചിറ്റേത്തുകര പ്രദേശം. മുസ്ലീങ്ങള്‍ ധാരാളം ഉള്ള സ്ഥലമാണിത്. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഹൈബി ഈഡന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതിന്റെ പിറ്റേദിവസം ചിറ്റേത്തുകര ജംഗ്ഷനില്‍ കൂറ്റന്‍ കളര്‍ പോസ്റ്റര്‍ ഉയര്‍ന്നു. പോസ്റ്ററില്‍ രണ്ട് ചിത്രങ്ങള്‍. മുകളില്‍ വലിയ ചിത്രം, അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളുടേത്. തൊട്ടുതാഴെ സുസ്‌മേരവദനനായി നില്‍ക്കുന്ന ഹൈബി ഈഡന്‍. എറണാകുളത്തിന്റെ സ്വന്തം ഹൈബി ഈഡനെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയും പോസ്റ്ററിലുണ്ട്.
എന്നാല്‍ എറണാകുളം മണ്ഡലത്തിലെ മറ്റ് പല ഭാഗങ്ങളിലും ചിറ്റേത്തുകരയിലേതിന് സമാനമായ പോസ്റ്റര്‍ കണ്ടില്ല. ചിറ്റേത്തുകര ജംഗ്ഷനിലുള്ള കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് തൊട്ടു മുമ്പില്‍ തന്നെയാണ് ഈ കൂറ്റന്‍ കളര്‍ പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ചിറ്റേത്തുകര പ്രദേശത്ത് മുസ്ലിം ലീഗിന് പാര്‍ട്ടി ഘടകം ഉണ്ടോ എന്ന് തന്നെ സംശയമാണ്. അവിടെയുള്ള മുസ്ലിം സമുദായ അംഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പിന്നീടുള്ളത് ഇടതുപക്ഷ പ്രവര്‍ത്തകരും.
അന്തരിച്ച മുസ്ലിം ലീഗ് നേതാവിന്റെ ആശിര്‍വാദ സ്വഭാവത്തിലുള്ള ചിത്രം പോസ്റ്ററിലുള്‍പ്പെടുത്തിയതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. ആ പ്രദേശത്തെ മുസ്ലീങ്ങളായിട്ടുള്ള നിവാസികളില്‍ മുസ്ലിം ബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ. മതേതര സ്വഭാവമുള്ള, മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ധാരാളം മുസ്ലിം സമുദായ അംഗങ്ങള്‍ ഉള്ള സ്ഥലത്താണ് മുസ്ലിം വികാരത്തെ വളരെ സൂക്ഷ്മമായ രീതിയില്‍ ഉണര്‍ത്തുന്നതിന് വേണ്ടി ഈ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാങ്കേതികമായി നോക്കുകയാണെങ്കില്‍ ആ പോസ്റ്റര്‍ ന്യായീകരിക്കപ്പെടുന്നു. ഐക്യജനാധിപത്യ മുന്നണിയുടെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ ആരാധ്യനായ നേതാവിന്റെ ചിത്രമാണ് പതിച്ചിട്ടുള്ളത്. പ്രത്യക്ഷത്തില്‍ ഒരു കുറവോ, കുറ്റമോ, വര്‍ഗീയതയോ ഒന്നും തന്നെ ആ പോസ്റ്റില്‍ കാണാന്‍ പറ്റില്ല. എന്നാല്‍ പരോക്ഷമായി വര്‍ഗീയ വൈകാരികതയെ ആണ് ആ പോസ്റ്റര്‍ അഭിസംബോധന ചെയ്യുന്നത്. ഈ വിധമാണ് വര്‍ഗീയത വിനാശകരമായി പ്രചരിപ്പിക്കപ്പെടുന്നതും വ്യാപിക്കുന്നതും. ഒരുപക്ഷേ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പോലുമില്ലാത്ത ചിറ്റേത്തുകരയില്‍ മുസ്ലിം ലീഗ് നേതാവിന്റെ ചിത്രം സ്ഥാനാര്‍ത്ഥിയെക്കാള്‍ വലിപ്പത്തിലും ബഹുമാന്യതയിലും ഉപയോഗിക്കുമ്പോള്‍, ഒരേസമയം വര്‍ഗീയത ഉണര്‍ത്തുകയും പൊതുസമൂഹത്തില്‍ മതേതരമായി തന്നെ ഒരു പരിധിവരെ നിലനില്‍ക്കുന്ന മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിക്ക് വര്‍ഗീയതയുടെ മുഖവും ചാര്‍ത്തി കൊടുക്കുകയാണ്. ഇങ്ങനെ തുള്ളി തുള്ളികളായിട്ട് വീഴുന്ന വര്‍ഗീയ വിഷമാണ് കേരളത്തില്‍ ചാലുകളും അരുവികളും നദികളുമായി രൂപം പ്രാപിച്ച് പ്രളയ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. അതില്‍ ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഒരേപോലെ ഉത്തരവാദികളാണ്.