കൊച്ചി നഗരത്തില്‍ വച്ച് ഓടുന്ന വാഹനത്തിനുള്ളില്‍ നടി ബലാല്‍സംഗം ചെയ്യപ്പെടുന്നതിന് കുറച്ച് നാള്‍ മുന്‍പ് അതേ നഗരത്തില്‍ നടന്ന ഒരു മരം നടീല്‍ ചടങ്ങ്. മരം നടുന്നത് മമ്മൂട്ടി. സംഘാടകര്‍ നടാനായി കൊടുത്തത് ആല്‍മരം. മമ്മൂട്ടി ക്ഷുഭിതനായി. ആ തൈ നടാന്‍ അദ്ദേഹം തയ്യാറായില്ല. പകരം അദ്ദേഹം പറഞ്ഞതനുസരിച്ച് ഫലമുണ്ടാകുന്ന ഏതോ മരത്തിന്റെ തൈ എത്തിച്ച് അതാണ് നട്ടത്. ആ സംഭവം ഏതോ മഹാത്ഭുതവും മാതൃകാപരവും പോലെ പൈങ്കിളിയായി പത്രങ്ങളില്‍ വരികയുണ്ടായി. ഏതാനും ചാനലുകളിലും. ലോകത്തുളള എന്തിന്റെയും അവസാനവാക്ക് സൂപ്പര്‍ താരങ്ങള്‍ പറയുന്നതാണെന്നുള്ള സമവാക്യത്തിലേക്ക് പൈങ്കിളി മാധ്യമപ്രവര്‍ത്തനം എത്തിയ സമയമായിരുന്നു അത്. വാസ്തവത്തില്‍ കൊച്ചി നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായതും ഒട്ടും പരിപാലനമില്ലാതെ വളരുന്നതുമായ വൃക്ഷം ആല്‍ മരമാണ്. അത് നടാന്‍ തയ്യാറാകാതിരുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ അജ്ഞത മുതല്‍ മറ്റ് പല ഘടകങ്ങളും കാണാന്‍ കഴിയും. 'മൂലതോ ബ്രഹ്മരൂപായ' എന്ന് തുടങ്ങുന്ന മന്ത്രോച്ചാരണത്തോടെ ആരാധിക്കപ്പെടുന്ന, ഏറ്റവുമധികം പ്രാണവായു അഥവാ ഓക്‌സിജന്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിപ്പിക്കുന്ന വൃക്ഷമാണ് അശ്വത്ഥമരം എന്നറിയപ്പെടുന്ന ആല്‍മരം. എന്നിട്ടും മമ്മൂട്ടിക്ക് ആ ആല്‍മരത്തെ വേണ്ടെന്നു വക്കാന്‍ ഒട്ടും സങ്കോചിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിന് കാരണം മമ്മൂട്ടിയെ മുഖ്യധാരാ കേരളം ഒരിക്കലും മതത്തിന്റെ കണ്ണിലൂടെ കണ്ടിട്ടില്ല എന്നതാണ്. ആ കേരളത്തെക്കുറിച്ച് മമ്മൂട്ടി ഓര്‍ക്കാതെ പോയി. വെല്ലുവിളികള്‍ ഉണ്ടായിട്ടും ഇന്നും ആ കേരളത്തിന് വിലിയ ഭംഗം സംഭവിച്ചിട്ടില്ല.
2019 ജനുവരി ആറിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് 'പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അത് സൗഹൃദം, ഇന്നു വന്നാല്‍ അത് മതസൗഹാര്‍ദം'എന്ന് മമ്മൂട്ടിയെ പറയാന്‍ പ്രേരിപ്പിച്ച അടിസ്ഥാന ഘടകം എന്താകുമെന്ന് കാണാം. അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയും സഹപാഠിയുമാണ് മുന്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന വിശ്വംഭരന്‍. വിശ്വംഭരനുമായുള്ള മമ്മൂട്ടിയുടെ സൗഹൃദത്തിനെ, ചങ്ങാത്തത്തിന്റെ സൗകുമാര്യമെന്ന നിലയ്ക്കാണ് ഇപ്പോഴും ആള്‍ളുകള്‍ കാണുന്നത്. മമ്മൂട്ടിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം ഇനി ആരെങ്കിലും മറിച്ച് കരുതുന്നുവെങ്കിലേ ഉളളൂ. ഈദ് നമസ്‌കാരം ചെയ്യുന്ന മമ്മൂട്ടിയെയും കൊച്ചിക്കാരും കേരളീയരും ജനകീയനായ സൂപ്പര്‍സ്റ്റാര്‍ പ്രതിഛായയിലാണ് കാണാറുളളത്. അങ്ങിനെ തന്നെയാണ് മാധ്യമങ്ങളും. കൗതുകത്തോടെയാണ് അത് വായനക്കാരും പ്രേക്ഷകരും സ്വീകരിക്കുന്നത്. എന്നിട്ട് ഇപ്പോള്‍ എന്തുകൊണ്ട് മമ്മൂട്ടിയുടെ മനസ്സില്‍ മനോഹരമായ കൊച്ചിക്കായലിന്റെ കരയില്‍ മധ്യാഹ്നത്തില്‍ തണലിലിരുന്നപ്പോള്‍ ഈ ചിന്ത വന്നു. ഒരു സംശയവും വേണ്ട മമ്മൂട്ടിയുടെ ഉള്ളിലെ വേര്‍തിരിവിന്റെ മതചിന്ത പൊന്തിവന്നു. അത് യഥാര്‍ത്ഥ ഇസ്ലാം ചിന്തയായിരുന്നെങ്കില്‍ വേര്‍തിരിവ് വരികയില്ലെന്നു മാത്രമല്ല, അതല്ലാതെ മറ്റൊന്നില്ല എന്ന 'ലാ ഇലാഹ ഇല്ലള്ളാ' തന്നെയല്ലേ ബാലാ തത്ത്വമസിയും എന്ന ചോദ്യമേ ഉണ്ടാവുകയുളളൂ.
മമ്മൂട്ടി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മതത്തിന്റെ കണ്ണിലൂടെ കണ്ടുപോയ ഒറ്റക്കാരണം കൊണ്ടാണ് ആ ചോദ്യം ഉയര്‍ന്നത്. അതൊരുപക്ഷേ അദ്ദേഹമറിയുന്നുണ്ടാകില്ല. ബുദ്ധിയുടെ യുക്തിചിന്തയില്‍ താന്‍ മതാതീതനായി ചിന്തിക്കുന്നുവെന്ന ധാരണയിലാകാം അതിന് പ്രചാരമായിക്കൊള്ളട്ടെ എന്ന് തീരുമാനിച്ചത്. ഇന്ന് ഇന്ത്യയില്‍ എന്തും മറച്ചു വയ്ക്കുന്നതിനും പറ്റിയ മറയാണ് വര്‍ഗീയതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മതേതരത്വം. ബീഹാറിലെയും തമിഴ്‌നാട്ടിലെയും കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് കൂടുതല്‍ വ്യക്തമാകും.
എന്തായാലും നിഷ്‌ക്കളങ്കമായി പ്രചരിച്ചതാണ് മമ്മൂട്ടിയുടെ ഈ സൗഹൃദത്തെക്കുറിച്ചുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള സംഭാഷണമെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. മമ്മൂട്ടി എവിടെയെല്ലാം പോകുന്നു. ഇതുവരെ ഒരു മാധ്യമമോ ആളുകളോ ആ കണ്ണിലൂടെ കണ്ടിട്ടില്ല. ഇവിടെ താന്‍ മതേതരനും സാംസ്‌കാരിക സമ്പന്നനും എന്നാല്‍ കേരളത്തിന്റെ മൊത്തം സ്ഥിതി വളരെ മോശമാണെന്നും വരുത്തിത്തീര്‍ത്ത്, ചിന്തിക്കുന്ന കേരളത്തിന് ചിന്തയിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യം ഇതിന്റെ പിന്നിലില്ലേ എന്ന് സംശയിച്ചാല്‍ അത് അസ്ഥാനത്താകില്ല. കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കലും ഈ പ്രചാരണവേലയ്ക്ക് കൂട്ടു നില്‍ക്കരുതായിരുന്നു. കാരണം അദ്ദേഹത്തിന്റെ കവിതകള്‍ സ്‌കൂള്‍ കോളേജ് കുട്ടികളൊക്കെ പഠിക്കുന്നുണ്ട്. മാത്രമല്ല സമൂഹത്തെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. ചിന്ത ഏതു രീതിയിലാണെന്നുള്ളത് അപ്രസക്തം. അങ്ങനെയുള്ള കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇത്തരത്തിലുള്ള ഒരു പ്രതീതി സമൂഹത്തില്‍ പ്രചരിക്കുമ്പോള്‍, മനുഷ്യനില്‍ ഗുപ്തമായി കിടക്കുന്ന ജാതി-മതചിന്തകളെ ഉണര്‍ത്തുകയേ ഉളളൂവെന്ന് തിരിച്ചറിയാന്‍ ബാധ്യസ്ഥനായിരുന്നു. ഒരു നടനെന്നതിനുപരി സാമൂഹ്യപരമായ ചിന്തയും പ്രതിബദ്ധതാ കാഴ്ചപ്പാടും മമ്മുട്ടിക്ക് വളരെ പിന്നിലാണെന്ന് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുളളതാണ്. അതിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. മുഖ്യ തൊഴില്‍ നടനമായ ഒരു വ്യക്തിക്ക് സാമൂഹ്യകാര്യങ്ങളെ കുറിച്ച് വായിക്കാനും ചിന്തിക്കാനുമൊക്കെ സാധിച്ചെന്നിരിക്കില്ല.
അനുകൂലമായാലും പ്രതികൂലമായാലും അനഭിലഷണീയ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാനോ ഓര്‍മ്മിപ്പിക്കാനോ പാടില്ല. കാരണം ആ അനഭിലഷണീയ ഘടകമായിരിക്കും രണ്ടവസ്ഥയിലും പൊന്തിവരിക. അത് പൊന്തിവരിക എന്നാല്‍ അവയുടെ സാന്നിദ്ധ്യമെന്ന് ചുരുക്കം. മമ്മൂട്ടി ഇതു ചോദിക്കുമ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഈ ചോദ്യം പ്രസക്തമാണെന്ന് തോന്നാന്‍ കാരണം അദ്ദേഹത്തെയും ജാതി-മത ചിന്ത ഉപബോധമനസ്സില്‍ നിന്ന് നിയന്ത്രിക്കുന്നു എന്നതാണ്. ഇതിന് മമ്മൂട്ടിയെയും കവിയെയും പഴിചാരിയിട്ട് കാര്യമില്ല. ഉപബോധമനസ്സില്‍ നിന്ന് ഈ ചിന്തകള്‍ സകലവുമഴിഞ്ഞ് പോകണമെങ്കില്‍ അതിന് ബോധപൂര്‍വ്വമയ കഠിനമല്ലാത്ത ശ്രമങ്ങള്‍ വേണ്ടിവരും. അത് പോകുമ്പോള്‍ മാത്രമേ അറിയാനും കഴിയുകയുളളൂ. അല്ലാത്ത പക്ഷം മതേതരത്വത്തിന്റെ പേരിലും ജാതി മത ചിന്തകള്‍ക്കുമെതിരെ പ്രതിജ്ഞയൊക്കെയെടുക്കാമെന്നേ ഉള്ളൂ. അതെല്ലാം സ്വയം ബോധ്യത്തിനപ്പുറം മറ്റുള്ളവരെ ധരിപ്പിക്കാനേ ഉതകുകയുളളൂ. അത്തരത്തില്‍ ജാതി-മത ബോധം വിട്ട് പോകുന്നവരെ അതിന്റെ പേരില്‍ അധിക്ഷേപിച്ചാല്‍ പോലും അവര്‍ക്കത് അനുഭവപ്പെടുകയില്ല. ഒരു വൈകല്യമുള്ള വ്യക്തിയെ ആ വൈകല്യത്തെ ഉയര്‍ത്തിപ്പിടിച്ച് കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുമ്പോഴാണ് അയാള്‍ വിഷണ്ണനോ കുപിതനോ ഒക്കെ ആകുന്നത്.
എന്തായാലും മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും കൂടി യുക്തിയുടെ നിലവാരമുള്ള ബുദ്ധിക്കടലാസില്‍ പൊതിഞ്ഞ ഉഗ്രവിഷത്തെയാണ് കേരളീയ സമൂഹത്തിലേക്ക് പ്രവഹിപ്പിച്ചിരിക്കുന്നത്. ഇനി മമ്മൂട്ടി എവിടെയെങ്കിലും പോയാലോ ആരെയെങ്കിലും കണ്ടാലോ അറിയാതെ മലയാളിയുടെ മനസ്സില്‍ മമ്മൂട്ടിയുടെയും അദ്ദേഹം കാണാന്‍ ചെന്ന വ്യക്തിയുടെയും മതമോ, ജാതിയോ പശ്ചാത്തലത്തില്‍ ഉയരും. അത് പ്രത്യക്ഷമാകില്ലെങ്കിലും. പ്രത്യക്ഷമായില്ലെങ്കിലും വ്യക്തിയുടെയും അതുവഴി സമൂഹത്തിന്റെയും രൂപീകരണത്തില്‍ നിര്‍ണ്ണായകമാകുന്നത് ആ ഘടകമാണ്. ഇനിയപ്പോള്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയാലും ആളുകള്‍ അങ്ങനെ ചിന്തിച്ചു പോകും. അതാണ് ഈ വൈറല്‍ പ്രസ്താവന കേരളത്തിന് സമ്മാനിച്ച ഘടകം. പ്രത്യക്ഷ വര്‍ഗീയതയേക്കാള്‍ ഗുപ്തവര്‍ഗീയത ജനമറിയാതെ ജനമനസ്സുകളില്‍ വളരുന്നതാണ് കൂടുതല്‍ അപകടം. അത്തരത്തിലുളള ഗുപ്തവര്‍ഗീയാന്തരീക്ഷം മനുഷ്യരുടെ ഇടപെടലുകളിലും സൗഹൃദങ്ങളിലും കലര്‍ത്തുന്നതില്‍ ഈ വൈറല്‍ പ്രസ്താവന നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.(തുടരും)