സമൂഹത്തിലുണ്ടാകുന്ന ഓരോ ചലനങ്ങളും അതിന്റെ പ്രതിസ്ഫുരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് രണ്ട് മുഖ്യ പ്രതിഭാസങ്ങള്‍ കേരള സമൂഹത്തില്‍ ഉയര്‍ന്ന് വന്നു. ഒന്ന്, സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനായി ഇറങ്ങിത്തിരിച്ച സര്‍ക്കാര്‍. രണ്ട്, വിധി ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ഒരുവിഭാഗം. ഇതിനിടയിലാണ് ഓര്‍ത്തഡോക്‌സ് സഭയും യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കത്തിലെ വിധിയും പൊന്തി വന്നത്. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പിന്‍പറ്റി ഓര്‍ത്തഡോക്‌സ് സഭ വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നപ്പോള്‍ യാക്കോബായ സഭ അതിന് വിഘാതം നില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ. ഇന്ന് കേരളത്തില്‍ രണ്ട് സുപ്രീം കോടതി വിധികള്‍ നടപ്പാകാതെ, സമൂഹത്തിൽ സംഘര്‍ഷാന്തരീക്ഷം തീർത്ത് അവശേഷിക്കുന്നു.
ശബരിമല യുവതീ പ്രവേശനത്തിനെതിരെയുണ്ടായ പ്രക്ഷോഭവും, വനിതകള്‍ പ്രകടിപ്പിച്ച ശൗര്യവും അതേ തോതില്‍ ഇപ്പോള്‍ പള്ളിത്തര്‍ക്കത്തിലും കാണുന്നു. പള്ളിത്തര്‍ക്കത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാല്‍ ഇതുവരെ ആണുങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. നാമജപ സമരത്തിന് ശേഷം ഇപ്പോള്‍ പള്ളിത്തര്‍ക്കവും സ്ത്രീകള്‍ ഏറ്റെടുത്തിരിക്കുന്നു. നാമജപമായാലും പള്ളിത്തര്‍ക്കമായാലും അതിന്റെ പിന്നില്‍ ആണുങ്ങള്‍ തന്നെ. വനിതാ മതിലെന്ന ആശയവും ആണ്‍ കേസരികള്‍ കൊണ്ടുവന്ന് അവരാല്‍ നടത്തപ്പെടുന്നതാണ്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രളയാനന്തര കേരളം കാണുന്നത് ആണുങ്ങളുടെ അധികാര-സ്വത്ത് വ്യാമോഹങ്ങളില്‍പ്പെട്ട് കോമരം തുള്ളപ്പെടുന്ന സ്ത്രീകളെയാണ്.