Skip to main content

 me-too

2017 ഒക്ടോബര്‍ 15 ന് ഹോളിവുഡില്‍ തുടക്കമിട്ട സംരംഭമാണ് മീ ടു ക്യാമ്പയിന്‍. അമേരിക്കന്‍ നടി അലീസ മിലാനോ മീ ടു എന്ന ഹാഷ് ടാഗില്‍ തുടങ്ങിവച്ചത്. അതിന്റെ ഒന്നാം വാര്‍ഷികമാണ് ഈ വരുന്ന ഒക്ടോബര്‍ 15 ന്. ആ വാര്‍ഷികത്തിന്റെ ആഘോഷമാണോ ഈ പുതിയ മീ ടു തരംഗം? എന്തായാലും ഒരു കാര്യം വ്യക്തമാകുന്നു. സ്വാധീനവും പ്രശസ്തിയുമുള്ളവര്‍ ഈ രണ്ട് ഘടകങ്ങളുമുള്ള ആളുകള്‍ക്കെതിരെ തന്നെയാണ് ഇപ്പോള്‍ മീ ടു ക്യാമ്പയിനിലൂടെ ആക്ഷേപമുന്നയിക്കുന്നത് . കേരളത്തിലും ഇതിന്റെ അലകള്‍ സജീവമായിരിക്കുന്നു.

 

ചരിത്രത്തിലാദ്യമായി പീഡനക്കേസില്‍ ഒരു ബിഷപ്പ് ജയിലില്‍ കിടക്കുമ്പോഴാണ് കേരളത്തില്‍ മീ ടു ക്യാമ്പയിന്‍ സജീവമാകുന്നത്. അതോടൊപ്പം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണവും. കേരളത്തിന്റെ പൊതുമണ്ഡലത്തിലിപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒന്ന് ആര്‍ത്തവവും രണ്ട് ലൈംഗികതയും. ലൈംഗികതയില്‍ അരാചകത്വവും അതിക്രമവും ഉള്‍പ്പെട്ടിരിക്കുന്നു. ആര്‍ത്തവത്തെയും ഏതാണ്ട് ആ സമീപനത്തിലൂടെയാണ് പ്രതിഷേധങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സമീപിക്കുന്നത്. ഈ പൊതുഅന്തരീക്ഷം സാമ്പത്തികമായും സ്വാധീന ശേഷിയാലും മുന്നില്‍ നില്‍ക്കുന്ന വിഭാഗത്തിനെ ഹരം കൊള്ളിയ്ക്കുമ്പോള്‍ ഇതിന്റെ ഭവിഷത്തുകള്‍ ഏറ്റുവാങ്ങുന്നത് സമൂഹത്തിലെ ദുര്‍ബലരായ സ്ത്രീകളാണ്.

 

പല സ്ഥാപനങ്ങളും ഇപ്പോള്‍ പെണ്‍കുട്ടികളെ ജോലിക്ക് നിയമിക്കാന്‍ വിമുഖത കാട്ടുന്നു. വിശേഷിച്ചും ഒന്നോ രണ്ടോ പേര്‍ വീതം മാത്രം ആവശ്യമുള്ള സ്ഥാപനങ്ങളില്‍. ഇത്തരം സ്ഥാപന ഉടമകള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ഏത് നിമിഷത്തിലാണ് തങ്ങള്‍ക്കെതിരെ കേസും ആരോപണവും ഉണ്ടാവുക എന്ന ഭയമാണ്. ഏറ്റവും പരിതാപകരമായ അവസ്ഥ ഇന്ന് ജോലിക്കായി പുറത്ത് കാണപ്പെടുന്ന സ്ത്രീകളില്‍ ഏതാണ്ട് 85 ശതമാനത്തോളം പേര്‍ പണിയെടുക്കുന്നത് 3500 നും 10000 ത്തിനും ഇടയിലുള്ള ശമ്പളത്തിനാണ്. ഇങ്ങനെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും   അവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭാഗികമായും പൂര്‍ണമായും പേറുന്നവരാണ്. ഇവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പല തരത്തിലുള്ളതാണ്.

 

പലരും രാവിലെ ആറ് മണിയ്ക്ക് മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ പിന്നീട് രാത്രയില്‍ മാത്രം മൂത്രവിസര്‍ജ്യത്തിന് അവസരമുള്ളവരാണ്. കാരണം ഇവര്‍ പണിയെടുക്കുന്ന പലസ്ഥലങ്ങളിലും പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ഇതുമൂലം പലരും പകല്‍ വെള്ളം പോലും കുടിക്കാറില്ല. ഇക്കാരണത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ. ഒപ്പം തന്നെ ഇവര്‍ ലൈംഗികത ഉള്‍പ്പെടെയുള്ള പലതരം ചൂഷണങ്ങള്‍ക്കും ഇരയാകേണ്ടി വരുന്നു. തങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കുനേരെ എപ്പോഴെങ്കിലും ശബ്ദിക്കുകയോ, പരാതിയുമായി പോലീസിനെ സമീപിക്കുകയോ ചെയ്താല്‍ അങ്ങനെയുള്ളവര്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന ചിന്തയാണ് പലരെയും എല്ലാ പീഡനങ്ങളും സഹിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. പല സ്ഥാപനങ്ങളിലും ഭാവിയില്‍ തങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ചാല്‍ അതിനെ നേരിടാനുള്ള പഴുതുകളും രേഖാമൂലം സൃഷ്ടിക്കപ്പെടുന്നു എന്നുള്ളതും യാഥാര്‍ത്ഥ്യമാണ്.

 

ഈ സാഹചര്യത്തില്‍ മീ ടു ക്യാമ്പയിന്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. ഇത്തരം നിരുത്തരവാദപരമായ മീ ടു ക്യാമ്പയിനിനു പകരം ഉത്തരവാദിത്വത്തോടെ ആക്ഷേപമുള്ളവര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഹോളിവുഡില്‍ നിന്ന് തുടക്കമിട്ട പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നുന്ന ഈ പ്രചാരണ പരിപാടിയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കമ്പോളത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളെ കാണാതെപോകുന്നത് മൗഢ്യമാണ്. വികസിത രാജ്യങ്ങളുടെ ലക്ഷ്യം എന്നും വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്യുക എന്നതാണ്. അതിനവര്‍ പ്രയോഗിക്കുന്ന ലോലിപോപ്പുകള്‍ പലതാണ്. അത് പലപ്പോഴും ഏറ്റുപിടിക്കുന്നത് ബുദ്ധിജീവികളും സന്നദ്ധസംഘടനകളും മുഖ്യധാരാ മാധ്യമങ്ങളുമാണെന്നുള്ളതും വിസ്മരിച്ചുകൂടാ. നിക്ഷിപ്ത താല്‍പര്യകമ്പോളത്തിന്റെ ലക്ഷ്യം എന്നും ദുര്‍ബലരായവരെ ചൂഷണം ചെയ്യുക എന്നുള്ളതാണ്. ഈ മീ ടു ക്യാമ്പയിന്റെ പരിണിതഫലമായി ലൈംഗിക പീഡനങ്ങളും മറ്റ് അതിക്രമങ്ങളും ദുരിതങ്ങളും പേറേണ്ടി വരുന്നത് ശബ്ദം കേള്‍ക്കപ്പെടാത്ത സമൂഹത്തിലെ ദുര്‍ബലരായ സ്ത്രീകളും പെണ്‍കുട്ടികളുമായിരിക്കുമെന്ന് 'പ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളം തിരിച്ചറിയേണ്ടതാണ്. നടന്‍ മുകേഷിനെതിരെ ആക്ഷേപമുള്ള സ്ത്രീ ചെയ്യേണ്ടത് ഇവിടുത്തെ നിയമ വ്യവസ്ഥയെ സമീപിക്കലാണ്. അല്ലാതെ ആഘോഷത്തിന്റെ ഭാഗമാകരുത്.

 

Ad Image