Skip to main content
Ad Image

km-mani-franco mulakkal

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ.എം മാണി കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പുമാരുടെ സംഘവും ഫ്രോങ്കോയെ കാണാന്‍ ജയിലിലെത്തി. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് പ്രത്യേക ശുശ്രൂഷയാണെന്നാണ് പുറത്ത് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് മാണി പറഞ്ഞ്. മാണിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ സ്വകാര്യ താല്‍പര്യങ്ങളല്ല എന്ന് വ്യക്തമാണ്. തന്റെ പാര്‍ട്ടിയും, സ്ഥാനമാനങ്ങളും, താനും ബിഷപ്പിനൊപ്പമാണെന്ന സന്ദേശമാണ് മാണിയുടെ ഈ നടപടിയിലൂടെ സമൂഹത്തിലേക്ക് എത്തുന്നത്. ആ സന്ദേശത്തിന് പിന്നില്‍ വ്യക്തമായ ചില ഉദ്ദേശങ്ങളുമുണ്ട്.

 

കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകള്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. നിരവധിപേര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് പിന്നിലും ഉദ്ദേശങ്ങളുണ്ടായിരുന്നു. സാന്നിധ്യമറിയിക്കലിലൂടെ തങ്ങള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്ന സന്ദേശമുണര്‍ത്തുകയും അതുവഴി കന്യാസ്ത്രീകളുടെ പോരാട്ടത്തിന് ശക്തിപകരുക എന്നതുമായിരുന്നു ലക്ഷ്യം. എന്നാല്‍ സാങ്കേതിക ന്യായങ്ങളില്‍ കടിച്ചുതൂങ്ങി അവിടെ എത്താതിരുന്ന പലരും ഇന്ന് പ്രതിയെ കാണാന്‍ ജയിലില്‍ പോകുന്നു. പിന്തുണ അറിയിക്കുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞാണ് ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയത്.
 

 

അങ്ങനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനായ ഒരാളെ, ദീര്‍ഘകാലം മന്ത്രിയും ഇപ്പോള്‍ ജനപ്രതിനിധിയുമായിരിക്കുന്ന മാണി ജയിലില്‍ പോയി കണുന്നത് വലിയ മാനങ്ങളുള്ള കാര്യമാണ്. അതുവഴി കെ.എം മാണി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് താന്‍ അനീതിക്കൊപ്പമാണെന്ന്. മാണി ഇന്ന് അധികാരത്തിലായിരുന്നെങ്കില്‍ ആ സര്‍ക്കാര്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുമായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സഭയിലെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ സമീപനവും ബിഷപ്പിന് അനുകൂലമാണ്. അതായത് രാഷ്ട്രീയ-മത-അധികാര വിഭാഗങ്ങള്‍ ചേര്‍ന്ന് കുറ്റവാളിയെ നിരപരാധിയാക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സംഘടിത നീക്കത്തിന്റെ ഫലമായിട്ട് തന്നെയാണ് പരാതി കിട്ടി എണ്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരുന്നത്.

 

ഈ സമീപനങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ നിലവിലെ സാമൂഹ്യ സാഹചര്യങ്ങളിലേക്കാണ്. അധികാരവും സ്വാധീനവും പണവും ഉള്ളവര്‍ എത്ര കുറ്റവാളികളാണെങ്കില്‍ പോലും അവരെ പരസ്യമായി പിന്തുണയ്ക്കാന്‍ ആര്‍ക്കും മടിയില്ലാതായിരിക്കുന്നു. തങ്ങള്‍ അനീതിക്കൊപ്പമാണെന്ന് വിളിച്ച് പറയാന്‍ ജനായത്ത സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട് ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ക്കും മതപരമായ ഉന്നത പദവി വഹിക്കുന്നവര്‍ക്കും അതില്‍ തെല്ലും ധൈര്യക്കുറവില്ലാത്ത സാഹചര്യം. തങ്ങള്‍ എന്ത് ചെയ്താലും സമൂഹം എതിര്‍ക്കില്ലെന്ന ബോധ്യമാണ് അവരെക്കൊണ്ട് ഇത്തരം നിലപാടെടുപ്പിക്കുന്നത്.

 

Ad Image