Skip to main content

 balabhaskar

രാവിലെ രണ്ടു മണിക്ക് തിരുവനന്തപുരത്ത് എത്തി. ഫോണ്‍ തുറന്നപ്പോള്‍ ആദ്യം കാണുന്നത് ബാലഭാസ്‌കറിന്റെ മരണവാര്‍ത്തയാണ്. കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം. മോനിഷ മുതല്‍ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയില്‍ വച്ച് റോഡപകടം തട്ടിയെടുത്തത്? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും വഴിയില്‍ വെട്ടിച്ചുരുക്കിയത് റോഡപകടം തന്നെയാണ്. ഒരു വര്‍ഷത്തില്‍ നാലായിരം മലയാളികളെയാണ് റോഡുകള്‍ കൊന്നൊടുക്കുന്നത്. എന്നിട്ടും നമ്മള്‍ ഇപ്പോഴും സര്‍ക്കാര്‍ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങള്‍ക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കര്‍മ്മപരിപാടിയും നടത്തുന്നില്ല. എന്തൊരു സങ്കടമാണിത് ?

 

ഇങ്ങനെയൊക്കെ ചിന്തിച്ചാണ് വിമാനത്താവളത്തിന് പുറത്തെത്തിയത്. പതിവുപോലെ കൊച്ചു കുട്ടികളും അമ്മൂമ്മമാരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടം അവിടെയുണ്ട്. വിമാനത്താവളത്തില്‍ ആളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കുടുംബമായും കൂട്ടായും വരുന്നതില്‍ നിന്ന് തന്നെ അപകടമുണ്ടായി വര്‍ഷം നൂറുപേരെങ്കിലും മരിക്കുന്നു. അതുകൊണ്ട് പറ്റിയാല്‍ പ്രീപെയ്ഡ് ടാക്‌സി എടുത്ത് പോകണം അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പരമാവധി ഒരാളേ സ്വീകരിക്കാന്‍ വരാവൂ എന്നൊക്കെ ഞാന്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം പേരിലും എത്തുന്നില്ല എന്ന് മനസ്സിലായി. അതിശയമില്ല, മുന്നൂറ്റിമുപ്പത്തിമൂന്നു ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ ഒരു ലക്ഷം പേരുപോലും എന്നെ വായിക്കുന്നില്ല.

 

അതുകൊണ്ട് കോടികള്‍ ആരാധകരുള്ള, ദശലക്ഷങ്ങള്‍ ഫോളോവേഴ്‌സ് ഉള്ള കലാരംഗത്തെ പ്രതിഭകളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നിങ്ങള്‍ എപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ ചില നിര്‍ദ്ദേശങ്ങള്‍ എങ്കിലും നിങ്ങളുടെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കണം. പ്രതിഭയുടെ പാതിവഴിയില്‍ പൊഴിഞ്ഞുപോയ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്. മൊത്തം സമൂഹത്തിനും ഏറെ ഗുണം ചെയ്യും.

 

താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് പങ്കുവെയ്ക്കേണ്ടത്.

 

1. ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കരുത്. മദ്യപിച്ച മറ്റൊരാളെ വാഹനം ഓടിക്കാന്‍ അനുവദിക്കുകയും അരുത്. മദ്യപിച്ചു ജോലിയ്ക്കെത്തുന്ന ഡ്രൈവറെ പിന്നീട് ഒരിക്കലും വണ്ടി ഓടിക്കാന്‍ അനുവദിക്കരുത്.

2. മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം.

3. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുന്‍പും ദീര്‍ഘ ദൂര റോഡ് യാത്ര നടത്തരുത്.

4. ഒരു ഡ്രൈവറോടും ദിവസം പത്തുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുത്. നിങ്ങളുടെ ഡ്രൈവര്‍ അധികം ജോലി ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം.

5. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കരുത്.

6. എത്ര ചെറിയ കുട്ടിയാണെങ്കിലും (പ്രസവം കഴിഞ്ഞു ആശുപത്രിയില്‍ നിന്നും വരുന്ന യാത്ര ഉള്‍പ്പടെ), കുട്ടികളെ അവര്‍ക്കുള്ള പ്രത്യേക സീറ്റില്‍ മാത്രമേ ഇരുത്താവൂ.

7. രാത്രിയിലും മഴയുള്ളപ്പോഴും സാധാരണയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക.

8. വിമാനത്താവളത്തില്‍ യാത്രയയയ്ക്കാനും സ്വീകരിയ്ക്കാനും ഒന്നും ഒന്നില്‍ കൂടുതല്‍ ആളുകളെ വരാന്‍ അനുവദിക്കരുത്.

9. ഉച്ചക്ക് വയറു നിറച്ചു ഭക്ഷണം കഴിച്ചതിന് ശേഷം (പ്രത്യേകിച്ചും സദ്യ കഴിച്ചതിന് ശേഷം) ദീര്‍ഘ ദൂരം ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചു വരുത്തും.

10. ദീര്‍ഘ ദൂര യാത്രയില്‍ ക്ഷീണം തോന്നിയാലോ, ഉറക്കം വന്നാലോ അല്ലെങ്കില്‍ മൂന്നു മണിക്കൂറില്‍ ഒരിക്കലോ നിര്‍ബന്ധമായും വണ്ടി നിര്‍ത്തി, മുഖം കഴുകി എന്തെങ്കിലും ചൂടോടെ കുടിക്കുക. ഉറക്കം വന്നാല്‍ ഉറങ്ങുക.

11. പ്രോഗ്രാമിനോ പരീക്ഷക്കോ വിമാനത്താവളത്തിലോ സമയത്തിന് എത്തുന്നത് പ്രധാനമാണ്. പക്ഷെ അതിലും പ്രധാനമാണ് ജീവനോടെ എത്തുന്നത്. അതുകൊണ്ട് തന്നെ യാത്ര നന്നായി പ്ലാന്‍ ചെയ്യുക. ഒരു കാരണവശാലും ഡ്രൈവറെ വേഗത്തില്‍ പോകാന്‍ നിര്‍ബന്ധിക്കരുത്.

12. റോഡില്‍ വേറെ വാഹനങ്ങള്‍ ഇല്ലെങ്കിലും രാത്രി ആണെങ്കിലും അമിത വേഗതയില്‍ കാറോടിക്കരുത്.

14. അപകടത്തില്‍ പെട്ടുകിടക്കുന്നവരെ സാമാന്യബോധം ഉപയോഗിച്ച് രക്ഷിക്കാന്‍ പോകരുത്. തെറ്റായ പ്രഥമ ശുശ്രൂഷ പലപ്പോഴും നിസ്സാര പരിക്കുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. അതുപോലെ നിങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ആംബുലന്‍സ് വിളിക്കാന്‍ പറയുക. നാട്ടുകാര്‍ പറയുന്നത് കേട്ട് വെള്ളം കുടിക്കാനും എഴുന്നേറ്റു നില്‍ക്കാനും ഒന്നും ശ്രമിക്കരുത്.

 

ഈ പറഞ്ഞതൊക്കെ മറ്റുള്ളവര്‍ക്ക് മാത്രമല്ല നിങ്ങള്‍ക്കും ബാധകം ആണെന്ന് എപ്പോഴും ഓര്‍ക്കുക. കേരളത്തില്‍ സ്ഥിരമായി ദൂരസ്ഥലങ്ങളിലേക്ക് റോഡ് യാത്ര ചെയ്യുന്നത് കേരളത്തിലെ എം.എല്‍.എമാരും മന്ത്രിമാരും കലാകാരന്മാരും ഒക്കെയാണ്. അവരുടെ ഡ്രൈവര്‍മാരാണ് പന്ത്രണ്ടും പതിനഞ്ചും മണിക്കൂറുകള്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം.

 

 


Image result for murali thummarukudy ഐക്യരാഷ്ട്ര സഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവിയാണ് മുരളി തുമ്മാരുകുടി

 


 

Ad Image