Skip to main content

Mahatma Gandhi, Jawaharlal Nehru, Binoy Viswam

ബിനോയ് വിശ്വം സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്.  അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി. ഗാന്ധിജിയേയും നെഹ്‌റുവിനെയും തിരിച്ചു പിടിക്കൂ എന്ന്. മെയ് രണ്ടിന് കൊച്ചിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ കോണ്‍ഗ്രസ് നേതാവ് എ.സി.ജോസിന്റെ ഭാര്യ പ്രൊഫ.ലീലാമ്മ രചിച്ച ' ഇതളുകള്‍' എന്ന പുസ്തകം എ.കെ ആന്റണിയില്‍ നിന്നു സ്വീകരിച്ചുകൊണ്ടാണ് ബിനോയ് വിശ്വം ഈ അഭ്യര്‍ത്ഥന നടത്തിയത്. കൂട്ടത്തില്‍ സി.പി.എമ്മിനിട്ടൊരു താങ്ങും ബിനോയ് വിശ്വം കൊടുത്തു,' കോണ്‍ഗ്രസില്ലാതെ ഫാസിസ്റ്റ് വിരുദ്ധ സമരം സാധ്യമല്ല. അങ്ങനെയല്ലെന്ന് കരുതിയിരുന്നവര്‍ പോലും മാറിക്കഴിഞ്ഞു'  എന്ന കുത്തിലൂടെ.
      

കോണ്‍ഗ്രസിനേക്കാള്‍ പരുങ്ങലിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പ്രത്യേകിച്ചും സി.പി.ഐ. കോണ്‍ഗ്രസുമായി ദീര്‍ഘകാലം ബന്ധമുണ്ടായിരുന്ന പാര്‍ട്ടിയുമാണ് സി.പി.ഐ. കോണ്‍ഗ്രസിനൊപ്പം അടിയന്തരാവസ്ഥ പ്രാവര്‍ത്തികമാക്കിയ പാര്‍ട്ടി. അതിനാല്‍ കോണ്‍ഗ്രസിന്റെ ശക്തിയെക്കുറിച്ച് കൂടുതല്‍ അറിയുക സി.പി.എമ്മിനേക്കാള്‍ സി.പി.ഐക്കാകാനാണ് സാധ്യത. ബിനോയ് വിശ്വത്തിന്റെ ഉപദേശം ആന്റണിയും വയലാര്‍ രവിയും സ്വീകരിക്കുമോ എന്നത് വ്യക്തമായിട്ടില്ല. കാരണം അവര്‍ ഇതുവരെ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല. ബിനോയിയുടെ ഉപദേശം സ്വീകരിക്കുകയാണെങ്കില്‍ ഇതുവരെ ഗാന്ധിയെയും നെഹ്‌റുവിനെയും കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായതെന്ന് സമ്മതിക്കുന്നതിനു തുല്യമാകും അത്. ആദര്‍ശത്തിന്റെ ആള്‍രൂപമായ, കൊടിയ ശൈത്യത്തിലും ദില്ലിയല്‍ ഖാദി ഉടുപ്പും മുണ്ടും ധരിച്ച് ദില്ലി മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ച ആന്റണിക്ക് അതു ബുദ്ധിമുട്ടാക്കും. വയലാര്‍ രവിയാണെങ്കില്‍ അടുത്ത കാലത്തായി അത്ര സജീവവുമല്ല.
        

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ചും സി.പി.ഐ ഇന്ത്യയില്‍ സൊമാലിയ കുട്ടികളെ പോലെ ആയത് എന്തുകൊണ്ടാണെന്ന് ബിനോയ് വിശ്വം ആലോചിക്കാറില്ലെന്നു തോന്നുന്നു. സാധ്യത കുറവാണ്. കാരണം എപ്പോഴും നാളെയെക്കുറിച്ചു മാത്രമേ ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ സ്വപ്‌നം കാണുകയും സംസാരിക്കാറുമുളളൂ. നല്ല നാളെയുടെ വാഗ്ദാനത്തിലാണ് അവരുടെ നിലനില്‍പ്പ് തന്നെ. അതിനാല്‍ ഇന്നിന്റെ നിഷേധമാണ് കമ്മ്യൂണിസ്റ്റ് കര്‍മ്മ പദ്ധതി. ഇന്നിനെ ഇല്ലായ്മ ചെയ്യാതെ നല്ല നാളെ ഉണ്ടാവുകയില്ലെന്ന അറിവിന്റെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തിലെ പോഷകാഹാരക്കുറവ് മാത്രമാണ് സി.പി.ഐയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് സൈദ്ധാന്തിക വിശദീകരണം നടത്താനും ബിനോയ് വിശ്വത്തിന് ശേഷിയുണ്ട്.
     

എന്തായാലും ഗാന്ധിയെയും നെഹ്‌റുവിനെയും ഒന്നിച്ചു തിരിച്ചു പിടിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞത് കോണ്‍ഗ്രസ്സിനെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കാനേ വഴിയുളളൂ. പ്രത്യക്ഷത്തില്‍ രക്ഷാമര്‍ഗമെന്ന് തോന്നുന്ന വഴി ഉപദേശിച്ചുകൊടുത്ത് കുഴപ്പത്തില്‍ ചാടിക്കാനുള്ള അടവു തന്ത്രങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവേ വിദഗ്ധരാണ്. ആ പ്രയോഗമാണോ ബിനോയ് നടത്തിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വയലാര്‍ രവിക്ക് അത് മനസ്സിലാകാന്‍ സാധ്യത കുറവാണ്. പക്ഷേ ആന്റണിക്ക് അത് പെട്ടെന്നു പിടികിട്ടും. കാരണം അത്തരം വിദ്യകള്‍ അസ്സലായി പ്രയോഗിക്കാന്‍ അറിയുന്ന നേതാവാണ് അദ്ദേഹം. ഗാന്ധിയെ തിരിച്ചു പിടിക്കണം എന്നതുകൊണ്ട് എന്താണ് ബിനോയ് ഉദ്ദേശിച്ചത്. വികസനത്തിന്റെ കാര്യമെടുക്കാം. വികസനത്തില്‍ ഗ്രാമസ്വരാജാണ് ഗാന്ധിജിയുടെ വഴി. നെഹ്‌റുവിന്റെ വഴി മന്‍മോഹന്‍സിംഗ് 1991ല്‍ തുടങ്ങി വച്ചതുതന്നെ. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം ഘട്ടം മാത്രമാണ് മന്‍മോഹന്‍ സിംഗ് തുടങ്ങിയതും ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടു പോകുന്നതും. സി.പി.ഐക്ക് സി.പി.എമ്മുമായി കൊതിക്കെറുവുണ്ടെങ്കിലും അവര്‍ ഒരമ്മപെറ്റ സഹോദരങ്ങളാണ്. അതുകൊണ്ട് അടിസ്ഥാനം ഒന്നു തന്നെ. വര്‍ഗ്ഗസമരത്തില്‍ അതുകൊണ്ടു തന്നെ രണ്ടു കൂട്ടരും ഒരേ പോലെ വിശ്വസിക്കുന്നു. അതിനാല്‍ വര്‍ഗ്ഗസമര ചിന്തയല്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ചിന്തിക്കാനാവില്ല. അങ്ങനെ നോക്കുമ്പോള്‍ ഗാന്ധിയും നെഹ്‌റുവും രണ്ടു വര്‍ഗ്ഗങ്ങളുടെ പ്രതിനിനധികളാണ്. വേണമെങ്കില്‍ ഗാന്ധിയെ ഗ്രാമവര്‍ഗ്ഗ പ്രതിനിധിയെന്നും നെഹ്‌റുവിനെ നഗരവര്‍ഗ്ഗ പ്രതിനിധിയെന്നും കാണാം. ഗ്രാമ-നഗര സംഘട്ടന സൃഷ്ടിയാണോ ബിനോയിയുടെ ഒളിപ്പിച്ചിട്ടുള്ള അജണ്ടയെന്നും വ്യക്തമല്ല.
         

കൂട്ടത്തില്‍ ബിനോയ് വിശ്വം ഒന്നു കൂടി വ്യക്തമാക്കണം. സി.പി.ഐക്കാര്‍ ഗാന്ധിജിയെ എങ്ങനെയാണ് കാണുന്നത്; സ്വീകരിക്കുന്നത്. എങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത്. ഗാന്ധിയന്‍ സമീപനം എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കനയ്യകുമാറനുജന് എങ്ങനെയാണ് ബിഹാറിലെ ചമ്പാരനില്‍ ഗാന്ധിജി ആദ്യമായി ആരംഭിച്ച സത്യാഗ്രഹത്തെപ്പറ്റി പറഞ്ഞുകൊടുക്കുക. നെഹ്‌റു എങ്ങനെയാണ് ഗാന്ധിജിയെ മനസ്സിലാക്കിയത്. നെഹ്‌റു ഗാന്ധിജിയെ തന്റെ പതിനാറ് വര്‍ഷത്തെ ഭരണത്തില്‍ എപ്പോഴെങ്കിലും നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ചരിത്ര പണ്ഡിതന്‍ കൂടിയായ ബിനോയ്ക്ക് അറിയാതിരിക്കാന്‍ തരമില്ല. കോണ്‍ഗ്രസ്സ് ഗാന്ധിയെ സ്വീകരിക്കുമ്പോള്‍ സി.പി.ഐ ഗാന്ധിയെ സ്വീകരിക്കേണ്ട ആവശ്യകതയുണ്ടോ. എന്നിത്യാദി കാര്യങ്ങളൊക്കെ ആലോചിച്ചിട്ടാണോ ബിനോയ് വിശ്വമെന്ന പ്രകൃതി സ്‌നേഹി കൂടിയായ സി.പി.ഐ നേതാവ് ആന്റണിയെയും വയലാര്‍ രവിയെയും ഉപദേശിച്ചത്.
           

എന്തായാലും അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് രക്ഷപെടാനുള്ള വഴിയാണ് ബിനോയ് വശ്വം ഉപദേശിച്ചുകൊടുത്തിട്ടുള്ളത്. ഗാന്ധിജിയെ തിരിച്ചു പിടിക്കുക എന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ പാര്‍ട്ടി നടപ്പിലാക്കുക. അതു നടപ്പിലാക്കണമെങ്കില്‍ അത് നേതാക്കളിലൂടെയും അണികളിലൂടെയും മാത്രമേ സാധ്യമാകൂ. ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതിനു യോഗ്യരായ നേതാക്കളേയും അണികളേയും ഒരുപക്ഷേ ബിനോയ് വിശ്വം കാണുന്നുണ്ടോ അതോ നാളെയുണ്ടാകുന്ന നേതാക്കളെ ഉദ്ദേശിച്ചാണോ നാളെയെ സ്വപ്‌നം കാണുന്ന അദ്ദേഹം ഇങ്ങനെ ഉപദേശിച്ചത്. എന്തായാലും, സി.പി.ഐയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ബിനോയ് വിശ്വം ദേശീയതലത്തില്‍ കാര്യങ്ങള്‍ കണ്ടു തുടങ്ങിയതിന്റെ ഭാഗമായിട്ടുകൂടിയാണോ ഇവ്വിധം നിര്‍ദേശം വന്നത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ബിനോയിയുടെ ഈ ഉപദേശം ഉയര്‍ത്തിവിടുന്നത്.
        

 

Tags
Ad Image