ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സംഭവങ്ങളും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ സാമ്യതകൾ തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍, ഇത് വ്യക്തമായി പ്രകടമാകുന്ന ഒരു ദിവസമാണ് 1974 മാർച്ച് 18.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒരു വഴിത്തിരിവിലെത്തിയത് 1930കളിലാണ്. മഹാത്മാഗാന്ധി നേതൃത്വം നൽകിയ ഉപ്പുസത്യാഗ്രഹത്തിലൂടെ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം ഒരു വഴിത്തിരിവിലെത്തുന്നതും 1930കളിലാണ്. 1932-ലാണ് സി.കെ.നായിഡു നയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളോണിയൽ യജമാനർക്കെതിരെ, ഇംഗ്ലണ്ടിനെതിരെ, കളിക്കുന്നത്. 1951-52 കാലത്ത് സ്വതന്ത്ര ഇന്ത്യ ആദ്യത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടു. ആദ്യ തിരഞ്ഞെടുപ്പിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹനീയമായ വിജയമായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിന്റെ സമയത്ത്, 1952 ഫെബ്രുവരിയിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിജയം നേടുന്നത്, ഇംഗ്ലണ്ടിനെതിരെ. 1971-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റിൻഡീസിനും ഇംഗ്ലണ്ടിനും എതിരെ അവരുടെ മണ്ണിൽ വച്ച് ടെസ്റ്റ് പരമ്പര വിജയങ്ങൾ നേടി. 1971-ൽ ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ സൈനിക വിജയം കിഴക്കൻ പാകിസ്ഥാനെ ബംഗ്ലാദേശ് എന്ന രാജ്യമായി ഭൂപടത്തിൽ പ്രതിഷ്ഠിച്ചു. ഇത്തരം സാമ്യതകൾ ചരിത്രത്തിൽ ഉടനീളം കാണാം.
1974-ലെ മാര്‍ച്ച് ഇന്ത്യൻ ചരിത്രത്തിലെ ഒരു സുപ്രധാന മാസമാണ്. 1973 ഡിസംബറിൽ ഗുജറാത്തിൽ ആരംഭിച്ച് വിജയം കണ്ട, നവ നിർമ്മാൺ ആന്ദോളൻ എന്ന വിദ്യാർത്ഥി സമരം ബീഹാറിലെ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായിരുന്നു. 1974 മാർച്ച് 18-നാണ് ബീഹാറിലെ വിദ്യാർത്ഥി സമരം ആരംഭിക്കുന്നത്. ഈ സമരം പിന്നീട് ബീഹാർ പ്രസ്ഥാനമായും, ജയപ്രകാശ് നാരായൺ നയിച്ച ജെ.പി. പ്രസ്ഥാനമായും രൂപാന്തരം പ്രാപിച്ചു. ജെ.പി. മുന്നോട്ടുവച്ച സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തെ ചുറ്റിപ്പറ്റി ഉയർന്നുവന്ന ജെ.പി. പ്രസ്ഥാനം ഇന്ത്യൻ ചരിത്രത്തിലെ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തിലേക്ക് നയിച്ചു.
ജെ.പി. പ്രസ്ഥാനത്തിന്റെ കാലത്ത് ഉയർന്നുവന്ന രണ്ട് സംഭവ വികാസങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. യാദവർ ഉൾപ്പെട്ട ബീഹാറിലെ പിന്നോക്ക ജാതിവിഭാഗങ്ങൾ ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച വർഷമാണ് 1974. ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാൻ, ശരത് യാദവ് എന്നീ നേതാക്കള്‍ ബീഹാർ ഛാത്ര് സംരക്ഷണ സമിതി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പിച്ചവച്ചത്. ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പിന്നോക്ക സമുദായങ്ങളുടെ കടന്നുവരവ് ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ജനതാ പാർട്ടിയുടെയും പിന്നീട് ജനതാദളിന്റെയും ഉത്ഭവത്തിന് കാരണമായി. ജനതാദളിൽ നിന്നാണ് പിൽക്കാലത്ത് പിന്നോക്ക സമുദായ അംഗങ്ങളുടെ പാർട്ടികളായ രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ലോക് ജനശക്തി പാർട്ടി എന്നിവ രൂപംകൊണ്ടത്.
ജെ.പി. പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് സംഘപരിവാർ സംഘടനകളാണ്. ജെ.പി. പ്രസ്ഥാനമാണ് ഇന്ത്യൻ പൊതുസമൂഹത്തിലും മുഖ്യധാരാ രാഷ്ട്രീയത്തിലും ജനസംഘരാഷ്ട്രീയത്തിനും ആർ.എസ്.എസ്സിനും ഇടം നൽകിയത്. ചുരുക്കത്തിൽ, സുഷുപ്തിയിലായിരുന്ന സംഘപരിവാറിനെ ഉണർത്തിയത് ജെ.പി. പ്രസ്ഥാനമാണ്. ജെ.പി. പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിലും സംഘപരിവാർ വഹിച്ച പങ്കാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പിൽക്കാലത്ത് ബി.ജെ.പി.ക്ക് സ്വീകാര്യത നൽകിയത്. 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. നേടിയ വിജയത്തിന് പിന്നിൽപോലും ജെ.പി. പ്രസ്ഥാനത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ നയിച്ച ഇന്ദിരാ ഗാന്ധിയുടെ ഗവൺമെന്റിനെതിരെ ആരംഭിച്ച ജെ.പി. പ്രസ്ഥാനം, ഇന്ത്യയിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ആധിപത്യത്തിനെതിരെ കനത്ത വെല്ലുവിളി ഉയർത്തി. 1977-ലെ ചരിത്രപ്രസിദ്ധമായ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന്റെ വിജയ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു. കോൺഗ്രസ്സിന് ബദലായി അല്ലെങ്കിൽ സമാന്തരമായി പ്രാദേശിക, ജാതി കേന്ദ്രീകൃതമായ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവന്നു. അതേസമയം സംഘപരിവാറും, പരിവാറിന്റെ ആശയ സംഹിതകളും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്വാധീനം നേടുകയും ചെയ്തു. ചുരുക്കത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ച സംഭവങ്ങളുടെ തുടക്കം, ഒരര്‍ത്ഥത്തില്‍, 1974 മാർച്ച് 18-നാണ്. കോൺഗ്രസ്സിനേറ്റ പരാജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയിലേക്ക് നയിക്കുകയും ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായിരുന്നുവെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റിന്റെ സിരാകേന്ദ്രം ബോംബെയായിരുന്നു. 1952, 1957, 1962, 1967, 1971 എന്നിങ്ങനെ തുടർച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചു. 1958 മുതൽ തുടർച്ചയായി 15 വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായ രഞ്ജി ട്രോഫിയിലൂടെ ബോംബെയെ തേടിയെത്തി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അതേപോലെ രഞ്ജി ട്രോഫിയിൽ ബോംബെയുടെ പരാജയവും അസംഭവ്യമായിരുന്നു. എന്നാൽ, ഇതു രണ്ടും സംഭവിച്ചു. അതിന് തുടക്കമായത് 1974 മാർച്ച് 18-ലെ സംഭവങ്ങളും.
1974 മാർച്ച് 15-ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബോംബെയും കർണാടകയും തമ്മിലുള്ള 1973-74 സീസണിലെ രഞ്ജി ട്രോഫി സെമിഫൈനൽ ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത കർണാടക 385 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബോംബെ രണ്ടു വിക്കറ്റിന് 198 റൺസ്. ക്രീസിൽ ഇന്ത്യൻ ക്യാപ്ടൻ അജിത് വഡേക്കറും അശോക് മങ്കദും. ഇല്ലാത്തൊരു റണ്ണിനായി ഓടിയ അജിത് വഡേക്കർ റണ്ണൗട്ടായി. അത്ഭുതസ്തബ്ധരായ, ആഹ്ലാദഭരിതരായ 30,000 കാണികളെ സാക്ഷിയാക്കി ഇന്ത്യയുടെ/കർണാടകയുടെ വിഖ്യാത ഓഫ് സ്പിൻ ബൗളർ എറാപ്പള്ളി പ്രസന്ന ബോംബെയുടെ മധ്യനിര, വാലറ്റ ബാറ്റിംഗ് നിരയെ തകർത്തു. ബോംബെ 308 റൺസിന് ഓൾ ഔട്ട്. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിൽ കർണാടക രഞ്ജി ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ അവർ രാജസ്ഥാനെ എളുപ്പത്തിൽ പരാജയപ്പെടുത്തി. ചുരുക്കത്തിൽ 1973-74 സീസണിലെ രഞ്ജി ട്രോഫി ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതത്തിന് സാക്ഷിയായി. അത് ബോംബെ ക്രിക്കറ്റിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചു.
1974-ലെ പരാജയത്തിനു ശേഷം ബോംബെ വീണ്ടും രഞ്ജി ട്രോഫി ചാമ്പ്യന്മാരായിട്ടുണ്ട്. 1977-ലെ പരാജയത്തിനു ശേഷം കോൺഗ്രസ്സും, കോൺഗ്രസ് നയിച്ച മുന്നണിയും നിരവധി തവണ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 1974-നു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ക്രിക്കറ്റിന്റെയും സമവാക്യങ്ങൾ മാറിമറിഞ്ഞു. 1974-നുശേഷം രഞ്ജി ട്രോഫിയിൽ പുതിയ ചാമ്പ്യന്മാരുണ്ടായി- തമിഴ്‌നാട്, ഹൈദരാബാദ്, ഡൽഹി, ബംഗാൾ, ബറോഡ, പഞ്ചാബ്, റെയിൽവേസ്, ഹരിയാന, രാജസ്ഥാൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി പുതിയ പാർട്ടികൾ രൂപംകൊണ്ടു. അവ പ്രത്യക്ഷമായും പരോക്ഷമായും, കൂട്ടുകക്ഷി മന്ത്രിസഭകളിലൂടെ, കേന്ദ്ര ഭരണത്തെപ്പോലും നിയന്ത്രിക്കാൻ തുടങ്ങി. രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്ദൾ, തെലുങ്കുദേശം പാർട്ടി, തെലുങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ് ഇതിനൊക്കെ പുറമെ ഒരു എം.പി. മാത്രമുള്ള പോണ്ടിച്ചേരിയിലെ രംഗസാമി കോൺഗ്രസ്സും പാർലമെന്റിൽ എം.പിമാരില്ലാത്ത ആസ്സാം ഗണ പരിഷത്ത് പോലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 1974-ലെ ബോംബെയുടെ പരാജയത്തോടെ ആരഭിച്ച ഇന്ത്യൻ ക്രിക്കറ്റിലെ പ്രാദേശിക വിപ്ലവത്തിന്റെ സ്വാധീനം ഇന്നും ഇന്ത്യൻ ക്രിക്കറ്റിൽ പ്രകടമാണ്. ആ വിപ്ലവത്തിന്റെ വഴിയിലൂടെയാണ് ഇന്ത്യയുടെ പിന്നോക്ക സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ നിന്നുള്ള അതിർത്തി ലംഘകനെ, സിക്സറടിക്കാരനെ, മഹേന്ദർ സിംഗ് ധോനിയെ ഇന്ത്യൻ ക്യാപ്ടൻ സ്ഥാനത്തേക്കെത്തിച്ചത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അസോസിയെറ്റ് പ്രൊഫസര്‍ ആണ് ലേഖകന്‍