Skip to main content

 

ഇന്ത്യയിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ അഥവാ ഐ.പി.എല്ലിന്റെ ഒന്‍പതാം സീസണ് കൊടിയിറങ്ങുകയായി. പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്ന നമ്മുടെ പഴയ നാടൻ ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഇന്ത്യൻ പ്രിമീയർ ലീഗ് അഥവാ ഐ.പി.എല്ലിന്റെ വിജയക്കുതിപ്പ്.

 

ലോകത്തിൽ ഏറ്റവും അധികം പരിഹസിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ കായിക രൂപമാണ് ക്രിക്കറ്റ്. വിമർശിക്കപ്പെടാനുള്ള പ്രധാന കാരണം ക്രിക്കറ്റ് എന്ന കളി ആവശ്യപ്പെടുന്ന സമയദൈർഘ്യമായിരുന്നു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അവികസിത രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക്  ചേർന്നതല്ലെന്ന് സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് 1970കളുടെ മധ്യത്തിൽ ഏകദിന ക്രിക്കറ്റ് ആരംഭിച്ചത്. എഴുപതുകളുടെ മധ്യം മുതൽ ഏതാണ്ട് 2005 വരെ ക്രിക്കറ്റ് ലോകത്തെ ഏകദിന ക്രിക്കറ്റ് അടക്കിവാണു. എന്നാൽ ഏകദിന ക്രിക്കറ്റും ആഗോള-ഉദാരവൽക്കരണത്തിലേക്ക് പ്രവേശിച്ച ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുകൂലമായിരുന്നില്ല. ഇതിന് മറുപടിയായിട്ടാണ് കുട്ടി ക്രിക്കറ്റ് അഥവാ 20-20 ക്രിക്കറ്റ് ആരംഭിച്ചത്. 20-20 ക്രിക്കറ്റിന്റെ ഏറ്റവും ആകർഷണീയ രൂപമായിട്ടാണ് ഇന്ത്യൻ എ.പി.എൽ വിശേഷിപ്പിക്കപ്പെടുന്നത്.

 

ഫ്ലഡ് ലൈറ്റിന് താഴെയുള്ള ക്രിക്കറ്റ്, ആകർഷണീയമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ, ബൗണ്ടറികളും സിക്സറുകളും ആഘോഷിക്കാൻ ചിയർ ഗേൾസ്, 'മാന്യ'രുടെ വി.ഐ.പി. ഗാലറികളിൽ മദ്യസൽക്കാരം, ബഹുരാഷ്ട്ര കുത്തകകൾ ഉൾപ്പെട്ട ആഗോളഭീമൻമാരുടെ 'പരസ്യ' പിന്തുണ,  കളി വിശദീകരിക്കാൻ കമന്റേറ്റർ ബോക്സിൽ ക്രിക്കറ്റ് വിദഗ്ദ്ധരുടെ പട, സാറ്റ്‌ലൈറ്റ് ടെലിവിഷൻ ചാനൽ വഴി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ദൃശ്യവിരുന്ന് അങ്ങനെ എല്ലാ അർത്ഥത്തിലും നവലിബറൽ സംസ്കാരത്തിന്റെ ഉത്തമ പ്രതീകമായി ഐ.പി.എൽ മാറുന്നു.  1991ന് ശേഷം ഇന്ത്യൻ സമ്പദ്ഘടന ചരിത്രപ്രസിദ്ധമായി ആഘോളവൽക്കരണത്തിലേക്ക് കടന്നു.  മൂലധന നിക്ഷേപവും ലാഭനിർവൃതിയും മാത്രമാണ് മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്നുള്ള ചിന്താരീതി ഇന്ത്യയിൽ രൂപം കൊണ്ടു. ഭൂതകാലത്തേക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒട്ടും ആലോചനയില്ലാത്ത ഭാവിയെക്കുറിച്ച് ഉത്കണ്ഠകളില്ലാത്ത വർത്തമാനകാല ഭൗതിക സുഖങ്ങളിൽ മാത്രം ഭ്രമിക്കുന്ന, മതിക്കുന്ന ഒരു ജനതയുടെ, ഒരു സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് അടുത്തു നിൽക്കുന്ന കായികരൂപമാണ് ഐ.പി.എൽ ക്രിക്കറ്റ്.  ഇന്ത്യക്കാരനും, ബംഗ്ലാദേശുകാരനും, സൗത്ത് ആഫ്രിക്കകാരനും, ഇംഗ്ലണ്ടുകാരനും, ആസ്‌ട്രേലിയക്കാരനും, ന്യൂസിലണ്ടുകാരനും, വെസ്റ്റിൻഡീസുകാരനും ഒരു ടീമിൽ കളിക്കുന്നുവെന്നതാണ് ഐ.പി.എൽ. ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെ ഐ.പി.എൽ ക്രിക്കറ്റ് രാജ്യത്തിന്റെയും അഥവാ ദേശീയതയുടെയും സംസ്കാരത്തിന്റെയും ഭാഷയുടെയും അതിർത്തികൾ ഒരുപരിധി വരെ ഭേദിച്ചുകൊണ്ട് വിശാലമായ അന്തർദ്ദേശീയതയ്ക്ക് വഴിയൊരുക്കുന്നു. ഈയൊരു മേൻമ ഒഴിച്ചു കഴിഞ്ഞാൽ ഐ.പി.എൽ,  ക്രിക്കറ്റിനോ നമ്മുടെ രാജ്യത്തിനോ യാതൊരു സംഭാവനയും നൽകുന്നില്ല. ഐ.പി.എൽ. ക്രിക്കറ്റിലൂടെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താം എന്നുള്ള വാദം ഇതിനകം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

 

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്. ഇതിന് ഉത്തമ ഉദാഹരണം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ്. ക്രിക്കറ്റിന്റെ ജൻമഭൂമിയായ ഇംഗ്ലണ്ട് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. അവർ ഗൗരവത്തോടെ തന്നെ ഏകദിനവും ട്വന്റി ട്വന്റിയും കളിക്കുന്നുവെങ്കിലും അവർക്ക് താൽപര്യം ഇപ്പോഴും സമയദൈർഘ്യം ആവശ്യപ്പെടുന്ന ക്രിക്കറ്റ് രൂപങ്ങളോടാണ്. എന്നാൽ ക്രിക്കറ്റിന് ഏറ്റവും ജനസ്വാധീനമുള്ള ഇന്ത്യയിൽ സ്ഥിതി മറിച്ചാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിലൂടെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താമെന്നുള്ള ആലോചന ഇന്ത്യൻ ക്രിക്കറ്റിന്റെ നാശത്തിലേക്കേ നയിക്കുകയുള്ളൂ. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. എന്നാൽ 1966 ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോൾ നേടിയിട്ടില്ല എന്നുള്ളത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ്. ക്രിക്കറ്റിന്റെ ആഗോളീകരണത്തിന് ശ്രമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ഭരണ സമിതിയും, ക്രിക്കറ്റിലൂടെ കൂടുതൽ ലാഭം കൊയ്യാൻ ആഗ്രഹിക്കുന്ന ബി.സി.സി.ഐയും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. രഞ്ജി ട്രോഫിക്കും ദുലീപ് ട്രോഫിക്കും ടെസ്റ്റ്‌ ക്രിക്കറ്റിനും  പ്രാധാന്യം നല്‍കിക്കൊണ്ടു മാത്രമേ ഇന്ത്യക്ക് നവ പ്രതിഭകളെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഐ.പി.എല്ലിന് നൽകുന്ന  പ്രാധാന്യം ബി.സി.സി.ഐ സമയദൈർഘ്യം ആവശ്യപ്പെടുന്ന ക്രിക്കറ്റ് രൂപങ്ങൾക്കും നൽകേണ്ടതുണ്ട്.


MC Vasisht കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അസോസിയെറ്റ് പ്രൊഫസര്‍ ആണ് ലേഖകന്‍

Tags