Skip to main content

Iran-portugal

ജയത്തിനുപരി കേവലം സമനില മതി പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറിലെത്താന്‍. ഇറാനെ ജയം രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറങ്കി പടയെ ഒറ്റയ്ക്ക് തോളിലേറ്റുമോ എന്ന് കാത്തിരുന്നു കാണാം.

 

ഒരു ജയം,ഒരു സമനില എന്ന നിലയിലാണ് പോര്‍ച്ചുഗല്‍, മറുഭാഗത്ത് ഒരു വിജയവും ഒരു തോല്‍വിയുമായാണ് ഏഷ്യന്‍ കരുത്തരായ ഇറാന്റെ വരവ്. ഗ്രൂപ്പില്‍ നേരത്തേ തന്നെ പുറത്തായ മൊറോക്കോയൊഴികെ മൂന്ന് ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറില്‍ എത്താമെന്നരിക്കേ പ്രവചനാതീതമാണ് ഗ്രൂപ്പ് ബിയിലെ കാര്യങ്ങള്‍. സ്‌പെയിനും പോര്‍ച്ചുഗലും സമനില നേടിയാല്‍ അവര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. തോല്‍വി വഴങ്ങിയാല്‍ കാര്യങ്ങള്‍ മാറിമറയും. ഇന്നത്തെ കളിയില്‍ സ്‌പെയിന്‍ പരാജയപ്പെടുകയും പോര്‍ച്ചുഗല്‍ ഇറാന്‍ കളി സമനിലയിലുമായാല്‍ ഗോള്‍ശരാശരി നോക്കി ഇറാനോ സ്‌പെയിനോ പോര്‍ച്ചുഗലിനൊപ്പം അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടും.

 

ആദ്യ രണ്ടു കളിയിലും മികച്ച പ്രകടനം നടത്തിയാണ് ഇറാന്‍ മൂന്നാമങ്കത്തിനിറങ്ങുന്നത്. മൊറോക്കോയേ ഒരു ഗോളിന് തോല്‍പ്പിച്ച ടീം, ശക്തരായ സ്പാനിഷ് പടയോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. രണ്ടു കളിയിലും മികച്ചു നിന്ന പ്രതിരോധ നിരയാണ് ടീമിന്റെ കരുത്ത്. റോണാള്‍ഡോയേ അതിസമര്‍ത്ഥമായി തളച്ചാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി വിജയവുമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാമെന്നാണ് പരിശീലകന്‍ കാര്‍ലോസ് ക്വിറോസിന്റെ കണക്കു കൂട്ടല്‍. ഇതിനനുസരിച്ചുള്ള തന്ത്രവുമായാണ് ടീം കളത്തിലിറങ്ങുകയെന്നതുറപ്പ്. സ്‌പെയിനെതിരേ മുന്നേറ്റ നിര കാഴ്ച്ച വച്ച ഒത്തിണക്കത്തിലും പരിശീലകന്‍ സന്തുഷ്ടനാണ്. മുന്നേറ്റ താരം സര്‍ദാര്‍ അസമൂണ്‍, മധ്യനിരയില്‍ വാഹിദ് അമിരി, പ്രതിരോധത്തില്‍ എഹസന്‍ ഹാജി സാഫി എന്നിവരാണ്.

 

റൊണാള്‍ഡോ എന്ന ഏക താരത്തെ കേന്ദ്രീകരിച്ചാണ് പോര്‍ച്ചുഗലിന്റെ ഇതേവരെയുള്ള കളി. രണ്ട് കളികളിലുമായി ഹാട്രിക് ഉള്‍പ്പെടെ നാലു ഗോളുകള്‍ റോണോ നേടിക്കഴിഞ്ഞു. മൊറോക്കോയ്‌ക്കെതിരെ ഒരു ഗോളിന്റെ ആനുകൂല്യത്തില്‍ വിജയിച്ച ടീമിന്റെ മധ്യനിരയിലെയും പ്രതിരോധത്തിലെയും പിഴവുകള്‍ നല്ലപോലേ പ്രകടമായിരുന്നു. മധ്യനിര ശോഭിച്ചില്ലെങ്കില്‍ ഇറാനെതിരെ പോര്‍ച്ചുഗല്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകാനിടയില്ല. 2014 ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമന് റഷ്യയില്‍ പ്രീക്വാര്‍ട്ടറിലെത്തിയേ മതിയാവൂ എന്നതിനാല്‍ ഫെര്‍ണാഡോ സാന്റോസ് വ്യക്തമായ തന്ത്രവുമായാകും ടീമിനെ കളത്തിലിറക്കുക. മുന്നേറ്റ നിരയില്‍ റോണാള്‍ഡോ തന്നെയാകും കുന്തമുന. ബാറിനു കീഴില്‍ മിന്നും സേവുകള്‍ നടത്തിയ റൂയി പാട്രീഷിയോയിലും മധ്യനിരയില്‍ വില്ല്യമിലുമാണ് ടീമിന്റെ പ്രധാന പ്രതീക്ഷകള്‍.
ഇരു ടീമുകളും ഇതിനു മുന്‍പായി ഏറ്റുമുട്ടിയത് 2006 ജര്‍മ്മന്‍ ലോകകപ്പിലാണ്, അന്ന് പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇറാനെ തകര്‍ത്തു. റോണാള്‍ഡോയാണ് അന്ന് പറങ്കികളുടെ രണ്ടാം ഗോള്‍ നേടിയത്. വീണ്ടും ഒരു ലോകകപ്പെത്തുമ്പോള്‍ റോണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് മറ്റൊരു വെണ്ടിയുണ്ട ഉതിരുമോ എന്ന് കാത്തിരുന്നു കാണാം.

 

സാധ്യതാ ഇലവന്‍

 

ഇറാന്‍: അലി ബെയ്‌റന്‍വാദി,എഹസന്‍ ഹാജി സാഫി,മൊര്‍ത്തേസ പൗറലിഗന്‍ജി,റാമിന്‍ റെസാനിയന്‍,മജീദ് ഹൊസ്സേനി,സയീദ് എസതോലാഹി,വാഹിദ് അമ്രി,ഇബ്രാഹിമി,കരീം അന്‍സാരിഫാര്‍ദ്,മെഹ്ദി തരേമി,സര്‍ദാര്‍ അസ്മൂണ്‍

പോര്‍ച്ചുഗല്‍: റൂയി പാര്‍ടീഷ്യോ,ജോസ് ഫോണ്‍ഡേ,റാഫേല്‍ ഗുറെറീയോ,സെഡ്രിക് സോറസ്,വില്ല്യം കാര്‍വാല്‍ഹോ,ജോ മൗട്ടീഞ്ഞ്യോ,ബെര്‍ണാഡോ സില്‍വ,ജോ മറിയോ,ഗോണ്‍സാലോ ഗുഡേസ്,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

 

Tags